കാപ്പി കൃഷിയും വേനൽ മഴയും
ഡോ. ഗോപകുമാർ ചോലയിൽ
(കാലാവസ്ഥാ വ്യതിയാനവും കൃഷിയും ഭാഗം- 8 )
കാപ്പിച്ചെടിയെ സംബന്ധിച്ച് വേനൽ മാസങ്ങളിൽ പൂവിടുന്നതിനും അതിന് ശേഷം കാപ്പിക്കുരു പിടിക്കുന്നതിനും മഴ ആവശ്യമാണ്.
“ബ്ലോസ്സം ഷവേഴ്സ്” (Blossom showers ) ആൻഡ് “ബാക്കിങ് ഷവേഴ്സ്” (Backing showers )
പൂവിടുന്നതിന് ആവശ്യമായ അല്ലെങ്കിൽ അനുകൂലമായ മഴയെ “ബ്ലോസ്സം ഷവേഴ്സ്” (Blossom showers ) എന്നും കൈപിടിക്കുന്നതിന് അനുകൂലമായ മഴയെ “ബാക്കിങ് ഷവേഴ്സ്” (Backing showers ) എന്നും പറയുന്നു. മേല്പറഞ്ഞ ഏതെങ്കിലുമൊരു മഴയുടെ അസാന്നിധ്യം കാപ്പിച്ചെടിയിൽ നിന്നുള്ള ഉത്പാദനം കുറയുന്നതിന് ഇടയാക്കുന്നു. തുറന്ന സ്ഥലങ്ങളിൽ വളരുന്ന കാപ്പിച്ചെടിയിൽ നിന്നുള്ള ഉല്പാദനത്തിൽ കുറവുണ്ടാകുമെന്നതിനാൽ കാപ്പിച്ചെടികൾ നല്ല ഉത്പാദനം ലഭിക്കുന്നതിന് തണൽ ഉള്ള ഇടങ്ങളിലാണ് കൃഷി ചെയ്യുന്നത്. രണ്ട് ഇനത്തിലുള്ള കാപ്പി ചെടികളാണ് പൊതുവെ കൃഷി ചെയ്തു വരുന്നത്. അറബിക്കയും റോബസ്റ്റയും.
രണ്ടിനും കാപ്പി ചെടിയും കാലാവസ്ഥ മാറ്റവും
കാലാവസ്ഥാമാറ്റങ്ങളോട് അറബിക്ക ഇനത്തിൽപ്പെട്ട കാപ്പിച്ചെടി, റോബസ്റ്റ ഇനത്തിൽപ്പെട്ട കാപ്പിയെ അപേക്ഷിച്ച് വളരെ പെട്ടെന്ന് പ്രതികരിക്കുന്നു. എന്നിരുന്നാലും, അറബിക്ക കാപ്പിക്കാണ് മികച്ച ഗുണനിലവാരം ഉള്ളത്. അറബിക്ക ഇനത്തിൽപ്പെട്ട കാപ്പിച്ചെടി, റോബസ്റ്റ ഇനത്തെ അപേക്ഷിച്ച് കൂടുതൽ ഉയരമുള്ള പ്രദേശങ്ങളിലാണ് നന്നായി വളരുന്നത്. കേരളത്തിൽ വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കാപ്പി കൃഷിയുള്ളത്. വയനാട് ജില്ലയിലാകട്ടെ, അന്തരീക്ഷതാപനില വർദ്ധിക്കുന്നതായിട്ടും മഴകുറയുന്നതായിട്ടും കണ്ട് വരുന്നു. അടുത്ത ഏതാനും ദശകങ്ങളിലായി കാപ്പിക്കൃഷി മേഖലയിലെ ഉത്പാദനം വർധിച്ചിട്ടുണ്ട്. എന്നാൽ, പൂവിടുന്നതും കായ് പിടിക്കുന്നതുമായ സമയത്തെ മഴയുടെ അടിസ്ഥാനത്തിൽ വർഷാവർഷം ഉല്പാദനത്തിൽ വ്യതിയാനം ഉണ്ടാകാറുണ്ട്. പൂവിടുന്നതിനും കുരുപിടിക്കുന്നതിനും മഴ ലഭിക്കാത്ത സാഹചര്യങ്ങളിൽ തുള്ളിനനയാണ് കർഷകർ അവലംബിക്കുന്നത്. സ്പ്രിംഗ്ളർ ഉപയോഗിച്ചും കർഷകർ ഇപ്പോൾ നനക്കുന്നത് സാധാരണമായിരിക്കുന്നു.
അന്താരാഷ്ട്ര വിപണിയിൽ മികച്ച ഗുണനിലവാരം
അന്താരാഷ്ട്ര വിപണിയിൽ മികച്ച ഗുണനിലവാരമുണ്ടെന്ന് അംഗീകരിക്കപ്പെട്ട ഒരിനം കാപ്പിയാണ് “മൺസൂൺഡ് മലബാർ കാപ്പി “. അറബിക്ക ഇനത്തിൽപ്പെട്ട കാപ്പിക്കുരുക്കൾ പ്രത്യേകമായി സംസ്കരിച്ചെടുക്കുന്നവയാണിവ. മൺസൂൺക്കാലത്ത് പ്രത്യേക പരിചരണ മുറകൾക്ക് വിധേയമാക്കിയാണ് “മൺസൂൺഡ് മലബാർ കാപ്പി” തയ്യാറാക്കുന്നത്. കാലവർഷം സമൃദ്ധമായി ലഭിക്കുന്ന, ഇന്ത്യയുടെ പശ്ചിമതീരങ്ങളിലാണ് “മൺസൂൺഡ് മലബാർ കാപ്പി” യുടെ സംസ്കരണ പ്രക്രിയ നടത്തുന്ന വ്യവസായശാലകൾ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളത്.
സംസ്കരണം നടത്തേണ്ട മൺസൂൺക്കാലത്ത് ദുർബലമായ കാലവര്ഷമാണ് ലഭിക്കുന്നതെങ്കിൽ, സംസ്കരിച്ചെടുക്കുന്ന കാപ്പിയുടെ ഗുണനിലവാരവും മോശമാകും; മറിച്ച് സമൃദ്ധമായ മൺസൂണാണ് ലഭിക്കുന്നതെങ്കിൽ ഗുണനിലവാരം അത്രകണ്ട് മെച്ചപ്പെടും. 2002ലെ ദുർബലമായിരുന്ന മൺസൂൺ കാലത്താണ് മൺസൂൺഡ് മലബാർ കാപ്പിയുടെ ഗുണനിലവാരം ഏറ്റവും താഴന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മൺസൂൺക്കാലത്ത് തുടർച്ചയായ കനത്ത മഴ, അന്തരീക്ഷത്തിലെ ഉയർന്ന ബാഷ്പസാന്നിധ്യം, മിതമായ അന്തരീക്ഷ താപനില, നേരിയ കടൽക്കാറ്റ് എന്നിവ മൂലം കാലവർഷക്കാലത്ത് സംസ്കരിച്ചെടുക്കുന്ന കാപ്പിക്കുരുക്കളിൽ താരതമ്യേന കൂടുതൽ അളവിൽ ഈർപ്പാംശം ഉണ്ടാകാനിടയാവുന്നു.
മൺസൂൺ കാലത്തുതന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ദിവസങ്ങളാണ് കാപ്പിക്കുരുക്കൾ ഇത്തരത്തിൽ സംസ്കരിച്ചെടുക്കുന്നതിന് ഏറ്റവും അനുയോജ്യം. ജനിതക-പാരിസ്ഥിതിക ഘടകങ്ങൾക്ക് പുറമെ “മൺസൂൺഡ് മലബാർ കോഫി” യുടെ ഉയർന്ന ഗുണനിലവാരം നിർണ്ണയിക്കുന്ന ഘടകമാണ് മൺസൂൺ മഴ. ഇത്തരത്തിൽ നല്ല മൺസൂൺ കാലത്ത് സംസ്കരിച്ചെടുക്കുന്ന ഇത്തരം കാപ്പിയിൽ അമ്ലത്വം തീരെ കുറവും പഞ്ചസാരയുടെ അളവ് കൂടിയുമിരിക്കും. തന്നെയുമല്ല, പ്രത്യേക ഗന്ധവും ഇത്തരത്തിലുള്ള കാപ്പിക്ക് സ്വന്തം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കാലാവർഷമഴയുടെ ആരംഭം, വിതരണം, പെയ്തിന്റെ തീവ്രത എന്നിവയെല്ലാം അനിശ്ചിതത്വത്തിന്റെ നിഴലിലാണ്. അതുകൊണ്ടുതന്നെ ഇത് കാപ്പിയുടെ സംസ്കരണപ്രക്രിയകളെയും കയറ്റുമതിയെയും ബാധിച്ചേക്കാം.
ഭാഗം 7 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
(തുടരും )
(കാലാവസ്ഥ ശാസ്ത്രജ്ഞനും കാർഷിക സർവ്വകലാശാല മുൻ സയന്റിഫിക് ഓഫീസറുമാണ് ലേഖകൻ )