മേഘവിസ്ഫോടനം: പിന്നാലെ മിന്നൽ പ്രളയം, ജമ്മുകശ്മീരിൽ 3 മരണം
ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മൂന്ന് പേർ മരിച്ചു. മേഘ വിസ്ഫോടനത്തിന് പിന്നാലെ ഉണ്ടായ കനത്ത മഴയാണ് മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായത്. വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ജമ്മു ശ്രീനഗർ ദേശീയപാത താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മണ്ണിടിച്ചിലിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
ഈ മേഖലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിന് പിന്നാലെ ശക്തമായ മണ്ണിടിച്ചിലും മഴയും ഉണ്ടായതാണ് മിന്നൽ പ്രളയത്തിലേക്ക് നയിച്ചത്. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും മണ്ണിടിച്ചിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 10 വീടുകൾ പൂർണമായും മുപ്പതോളം വീടുകൾ ഭാഗികമായും തകർന്നു. മണ്ണിടിച്ചിൽ ഉണ്ടായ റമ്പാൻ ജില്ലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജമ്മു ശ്രീനഗർ ദേശീയപാത താൽക്കാലികമായി അടച്ചതോടെ വിനോദസഞ്ചാരികൾ അടക്കം നിരവധി ആളുകൾ ദേശീയപാതയിൽ കുടുങ്ങിക്കിടക്കുകയാണ്.
ദേശീയപാതയിലെ പല ഭാഗങ്ങളിലും മണ്ണും ചെളിയും പാറകളും വന്ന് മൂടി കിടക്കുന്ന അവസ്ഥയിലാണ്. അവശിഷ്ടങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് അധികൃതർ. നിലവിലെ സാഹചര്യത്തിൽ മേഖലയിലൂടെയുള്ള യാത്രകൾ താൽക്കാലികമായി ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും, രക്ഷാപ്രവർത്തനത്തിനുള്ള പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.
Tag:Cloudburst: Flash floods followed, 3 dead in Jammu and Kashmir