കാലാവസ്ഥാ വ്യതിയാനം; ആഗോള ഭക്ഷ്യ സുരക്ഷ പ്രതിസന്ധിയിൽ

കാലാവസ്ഥാ വ്യതിയാനം മൂലം ചുട്ടുപൊള്ളിക്കുന്ന താപനില അമേരിക്ക മുതല്‍ ചൈന വരെയുള്ള രാജ്യങ്ങളുടെ കാര്‍ഷിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.ധാന്യങ്ങളുടെയും പച്ചക്കറികളുടെയും പഴങ്ങളുടെയുമെല്ലാം വിളവെടുപ്പും പാല്‍ ഉല്പാദനവുമൊക്കെ പ്രതിസന്ധിയിലാകുകയാണ്. ലോകത്തെയാകെ ബാധിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യ വിതരണത്തിനുള്ള വെല്ലുവിളികളില്‍ ഒന്നുമാത്രമാണ് അനിയന്ത്രിതമായ കാലാവസ്ഥാ വ്യതിയാനം. യുദ്ധവും കയറ്റുമതി നിരോധനവുമൊക്കെ ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമാകുന്ന ഘടകങ്ങളാണ്.

ആഭ്യന്തര വിതരണം വര്‍ധിപ്പിക്കാനും പ്രാദേശിക വിലക്കയറ്റം നിയന്ത്രിക്കാനുമായി ഇന്ത്യ ബസ്മതി ഇതര വെള്ള അരികളുടെ കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരായ ഇന്ത്യയുടെ കയറ്റുമതി നിരോധനം ആഗോള വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. കരിങ്കടലിലൂടെയുള്ള യുക്രെയ്നിന്റെ ഭക്ഷ്യ ധാന്യ വിപണന കരാറില്‍ നിന്ന് യുദ്ധം മൂലം റഷ്യ പിന്മാറിയതും ആഗോള ഭക്ഷ്യ വിപണിയില്‍ വലിയ തിരിച്ചടിയായി. ഇതിനൊക്കെ ഉപരി എല്‍ നിനോ പോലുള്ള പ്രതിഭാസങ്ങളും ഭാവിയില്‍ കൃഷിക്ക് വലിയ ആഘാതമുണ്ടാക്കിയേക്കാം എന്നാണ് പഠനം.

ഈ കാരണങ്ങളെല്ലാം ഭക്ഷ്യ സുരക്ഷയെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചുമുള്ള ആശങ്കകള്‍ ഉയര്‍ത്തുകയാണ്. ഏഷ്യയിലെയും യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ചില പ്രദേശങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കൊടുംചൂട് കര്‍ഷകര്‍ക്ക് ഈ വര്‍ഷത്തെ പുതിയ വെല്ലുവിളിയാണ്. വരള്‍ച്ചയും കനത്തമഴയും വെള്ളപ്പൊക്കവും ഉള്‍പ്പെടെയുള്ള അതിരൂക്ഷമായ കാലാവസ്ഥ കുറച്ചുകാലങ്ങളായി ലോകത്തിന്റെ കാര്‍ഷികമേഖലയെ പിടിച്ചുകുലുക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ വിലവിവരപ്പട്ടിക പുതുക്കിയതോടെ ഏഷ്യയിലെ അരിയുടെ വില കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പണപ്പെരുപ്പം തടയുന്നതിനായുള്ള ഇന്ത്യയുടെ കയറ്റുമതി നിയന്ത്രണം ലോക ഭക്ഷ്യവിപണിയില്‍ വലിയ ആശങ്കയുണ്ടാക്കുന്നു.

ഭക്ഷ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ റീട്ടെയില്‍ അരി വില ഈ വര്‍ഷം 15% ഉയര്‍ന്നപ്പോള്‍ രാജ്യവ്യാപകമായി ശരാശരി വില ഒന്‍പത് ശതമാനമായി വര്‍ധിച്ചു. മറ്റ് അരി ഇനങ്ങളിലേക്കും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഏഷ്യയിലെ മറ്റ് ഇടങ്ങളിലെയും അവസ്ഥ വ്യത്യസ്തമല്ല. തായ്ലന്‍ഡില്‍ വരള്‍ച്ചാഭീഷണിയുള്ളതിനാല്‍ ഈ വര്‍ഷം നെല്‍കൃഷി ഒരു വിളയായി മാത്രം പരിമിതപ്പെടുത്താന്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയില്‍ ഉയര്‍ന്ന താപനില വിളകള്‍ നേരത്തേ പാകമാകുന്നതിലേക്ക് നയിക്കും ഇതും ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാണ്.
ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്ന തെക്കന്‍ യൂറോപ്പില്‍ വിളകളൊക്കെ നശിച്ചു പോകുന്നതിന്റെ വ്യക്തമായ സൂചനകളാണ് ലഭിക്കുന്നത്. ചിലയിടങ്ങളില്‍ വിളവുകള്‍ കത്തിപ്പോയ രീതിയില്‍ കറുത്ത പാടുകള്‍ വരുന്നു. അതിതീവ്ര കാലാവസ്ഥാമൂലം സസ്യങ്ങളിലെ കാല്‍സ്യം കുറയുന്നതിനാല്‍ ഉണ്ടാകുന്ന ‘ബ്ലോസം എന്‍ഡ് റോട്ട്’ എന്ന അസുഖത്തിന്റെ ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത്. വളരെ വേഗത്തിലും ക്രമമില്ലാതെയും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയുമായി സസ്യങ്ങള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല.

റഷ്യ-യുക്രെയ്ന്‍ യുദ്ധം ഗോതമ്പ് വിപണിയെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. യുദ്ധത്തിന്റെ സാഹചര്യത്തില്‍ കരിങ്കടല്‍ കേന്ദ്രീകരിച്ചുള്ള യുക്രെയ്‌നിന്റെ വിപണിക്ക് റഷ്യ പൂട്ടിട്ടിരിക്കുന്നതിനാല്‍ ഗോതമ്പിന്റെ വില കുത്തനെ ഉയര്‍ന്നു. യുക്രെയ്ന്‍ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളെ റഷ്യ ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നതിനാല്‍ കയറ്റുമതി പുനസ്ഥാപിക്കാന്‍ കഴിയുന്നില്ല. ഇത് ഗോതമ്പിന്റെ വില അനിയന്ത്രിതമായി ഉയര്‍ത്തുന്നു.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment