തണുത്തുവിറച്ച് മലയോര മേഖല; അപ്രതീക്ഷിത കാലാവസ്ഥ മാറ്റം വിദഗ്ധർ പറയുന്നത് ഇങ്ങനെ
ഇതുവരെ കാണാത്ത തരത്തിലുള്ള കാലാവസ്ഥാമാറ്റമാണ് ഇപ്പോൾ മലയോരമേഖലയിൽ ഉണ്ടാകുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ. അതിന് ഉദാഹരണമാണ് തമിഴ്നാട്ടിലെ മലയോര മേഖലയിലെ അതിശൈത്യം.ആഗോളതാപനവും എൽ-നിനോ പ്രതിഭാസവുമാണ് ഈ മാറ്റത്തിന് കാരണമെന്ന് നീലഗിരി എൻവിറോമെന്റ് സോഷ്യൽ ട്രസ്റ്റ് (നെസ്റ്റ്) അംഗം വി.ശിവദാസ് പറയുന്നു. വൈകിയാണ് തണുപ്പ് തുടങ്ങിയത്. അത് കൊടുംതണുപ്പായി മാറിയത് നീലഗിരിക്ക് വെല്ലുവിളിയായി. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തണമെന്ന് ശിവദാസ് ആവശ്യപ്പെട്ടു.

നീലഗിരി ജില്ലയിൽ കുറഞ്ഞ താപനില പൂജ്യം ഡിഗ്രിയിലേക്ക് കടക്കുകയാണ്. സാൻഡിനല്ല റിസർവോയർ മേഖലയിൽ കുറഞ്ഞ താപനില പൂജ്യം ഡിഗ്രിയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഉദഗമണ്ഡലത്തിലെ കാന്തലിലും തലൈകുന്തയിലും 1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബറിലെ കനത്ത മഴയും തുടർന്നുള്ള തണുപ്പും നീലഗിരിയിലെ തേയിലതോട്ടത്തെ ബാധിച്ചതായി പ്രാദേശിക തേയില തൊഴിലാളി യൂണിയൻ സെക്രട്ടറി ആർ സുകുമാരൻ പറഞ്ഞു. വരും മാസങ്ങളിൽ ഇതിന്റെ ഉൽപാദനം കുറയാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കാബേജ് കൃഷിയെയും കാലാവസ്ഥാ മാറ്റം ബാധിച്ചിട്ടുണ്ട്. തണുപ്പുകാരണം ജോലിക്ക് പോകാൻ ബുദ്ധിമുട്ടാണെന്ന് ചിലർ വ്യക്തമാക്കി.
കൊടുംതണുപ്പിൽ ജനങ്ങൾ പൊറുതിമുട്ടിയ അവസ്ഥയാണ്. ഇടതൂർന്ന മൂടൽമഞ്ഞ് കാരണം പ്രദേശത്ത് കാഴ്ചപരിമിതി കുറഞ്ഞിരിക്കുകയാണ്. പുൽമൈതാനങ്ങളെല്ലാം മഞ്ഞുമൂടിയ നിലയിലാണ്. തേയിലകൃഷിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. തണുപ്പ് കാരണം ജനങ്ങൾ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇത്ര തണുപ്പും വരണ്ട കാലാവസ്ഥയും ഇവിടെ അസാധാരണമാണെന്ന് പ്രദേശവാസികൾ പറയുന്നു. പലയിടത്തും ആളുകൾ തീ കത്തിച്ച് ചൂട് പിടിക്കുകയാണ്.