ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നടക്കുന്ന യു.എൻ കാലാവസ്ഥാ ഉച്ചകോടിയിൽ ആഗോള താപനം കുറയ്ക്കുന്നതിനുള്ള പ്രമേയത്തിൽ തുടക്കത്തിലേ കല്ലുകടി. ആഥിഥേയരായ ഈജിപ്ത് അവതരിപ്പിച്ച നിർദേശത്തിനെതിരേ യൂറോപ്യൻ യൂനിയൻ രംഗത്തുവന്നു. ഗ്ലാസ്‌ഗോയിൽ കഴിഞ്ഞ വർഷം നടന്ന കോപ്26 ഉച്ചകോടിയിലെ തീരുമാനം നടപ്പാക്കിയതുമായി ബന്ധപ്പെട്ട ചോദ്യമാണ് യൂറോപ്യൻ രാജ്യങ്ങളെ ചൊടിപ്പിച്ചത്.
ഈജിപ്ത് നിർദേശത്തെ തള്ളിയ ശേഷം മോശം ഫലത്തേക്കാൾ നല്ലതാണ് ഫലമില്ലാതിരിക്കലെന്നായിരുന്നു യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡന്റ് ഫ്രാൻസ് തിമർമാൻസിന്റെ പ്രസ്താവന.
തങ്ങൾ മുന്നോട്ടുവച്ച നിർദേശം സന്തുലിതമാണെന്ന് ഭൂരിഭാഗം രാജ്യങ്ങളും അഭിപ്രായപ്പെട്ടുവെന്നു കോപ്27 പ്രസിഡന്റ് സമേഹ് ഷൗക്രി പ്രതികരിച്ചു. യൂറോപ്യൻ യൂനിയൻ തങ്ങളുടെ നിർദേശം തള്ളിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗ്ലാസ്‌ഗോ ഉച്ചകോടിയിലെ നിർദേശം പാലിച്ചതുമായി ബന്ധപ്പെട്ട് ഈജിപ്ത് ചോദ്യമുന്നയിച്ചതാണ് യൂറോപ്യൻ യൂനിയനെ ചൊടിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ കോപ് 26 ലെ തീരുമാനം മിക്ക രാജ്യങ്ങളും നടപ്പാക്കിയിരുന്നില്ല. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഫ്രഞ്ച് ഊർജ മന്ത്രാലയത്തിന്റെ നിലപാട്. ഇതു തന്നെയാണ് യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ആഗോള താപനം 1.5 ഡിഗ്രിയിൽ പിടിച്ചു നിർത്തുകയായിരുന്നു കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ ഉണ്ടായ തീരുമാനം.