ശക്തമായ മിന്നല്‍ സാധ്യത: ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല് വിനോദ സഞ്ചാരികളെ വിലക്കി
ശക്തമായ ഇടിമിന്നല്‍ സാധ്യതാ മുന്നറിയിപ്പിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലേക്ക് വിനോദ സഞ്ചാരികളെ വിലക്കി. ജില്ലാ കലക്ടര്‍ വി വിഗ്നേശ്വരിയാണ് ഇവിടേക്ക് പ്രവേശനം വിലക്കി ഉത്തരവിട്ടത്.
കോട്ടയം ജില്ലയില്‍ രണ്ടുദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് വിലക്ക്.
3000ത്തിലധികം അടി ഉയരത്തിലുള്ള ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലെ സന്ദര്‍ശനം മോശം കാലാവസ്ഥാ സമയത്ത് അപടകരമാണ്.
കഴിഞ്ഞ ദിവസം ഇല്ലിക്കല്‍കല്ലില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റു പരുക്കേറ്റിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് ഇല്ലിക്കല്‍കല്ലില്‍ വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റത്. അവധി ദിവസങ്ങളില്‍ ആയിരത്തിലധികം വിനോദസഞ്ചാരികളാണ് ഇലവീഴാപ്പൂഞ്ചിറയിലും ഇല്ലിക്കല്‍കല്ലിലും സന്ദര്‍ശിക്കാനെത്തുന്നത്.
photo credit– https://www.tripuntold.com/
ഉയര്‍ന്ന പ്രദേശമായ ഇവിടെ മിന്നല്‍ സാധ്യത കൂടുതലാണ്. ഇവിടെ മറ്റു സുരക്ഷാ മാര്‍ഗങ്ങളും ഇല്ല. അത്യാഹിതം സംഭവിച്ചാല്‍ തന്നെ 25 കിലോമീറ്ററെങ്കിലും സഞ്ചരിച്ചാലേ ആശുപത്രിയും ചികിത്സാ സൗകര്യവുമുള്ളൂ. ഇതേ തുടര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍.
കോട്ടയം ജില്ലയിലെ ഏക വിനോദസഞ്ചാര കേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. ഇടുക്കി, കോട്ടയം ജില്ലാ അതിര്‍ത്തിയിലായതിനാല്‍ ഇരു ജില്ലകളില്‍ നിന്നുമുള്ള സഞ്ചാരികളാണ് കൂടുതലുമെത്തുന്നത്. 3200 അടി ഉയരത്തിലാണ് ഈ പ്രദേശം. ഇതിനു സമീപമാണ് ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നത്. എപ്പോഴും ശക്തമായ കാറ്റുള്ള പ്രദേശമായതിനാല്‍ താഴെയുള്ള ചിറയില്‍ ഒരു ഇലപോലും വീഴില്ല എന്നതുകൊണ്ടാണ് ഈ സ്ഥലത്തിന് ഈ പേര് വന്നതെന്നാണ് പറയപ്പെടുന്നത്.
കോട്ടയം ജില്ലയിലെ ഉയരം കൂടിയ കൊടുമുടിയാണ് ഇല്ലിക്കല്‍ കല്ല്. മീനച്ചിലാര്‍ ഉത്ഭവിക്കുന്നത് ഇവിടെ നിന്നാണ്. ഈരാറ്റുപേട്ടയ്ക്ക് സമീപമാണ് ഈ മലനിരകള്‍. ഇതില്‍ ഏറ്റവും ഉയരം കൂടിയ പാറയാണ് കൂടക്കല്ല് എന്ന് അറിയപ്പെടുന്നത്. തൊട്ടടുത്ത് സര്‍പ്പാകൃതിയില്‍ മറ്റൊരു കല്ലുണ്ട്. ഇത് കൂനന്‍ കല്ല് എന്നും അറിയപ്പെടുന്നു. ഇതിനോട് ചേര്‍ന്നാണ് ഇലവീഴാംപൂഞ്ചിറയും സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്കാണ് ഇവിടെ വച്ച് മിന്നലേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇല്ലിക്കല്‍ കല്ല് കാണാനെത്തിയ പെണ്‍കുട്ടിയുടെ കഴുത്തിലെ മാല കരിഞ്ഞുപോയിരുന്നു.
തെളിഞ്ഞ കാലാവസ്ഥയില്‍ പെട്ടെന്നാണ് മിന്നലുണ്ടായത്. ഇവിടെ സ്ഥാപിച്ച കൈവരിയില്‍ പിടിച്ചു നിന്നവര്‍ക്കാണ് മിന്നലിന്റെ ആഘാതമേറ്റത്. ടൂറിസം വകുപ്പ് ജീവനക്കാര്‍ ചേര്‍ന്നാണ് ബാധരഹിതരായ ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്.
Photo credit – https://healthacation.com/
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.