Menu

Kerala

പറമ്പിക്കുളം : ചാലക്കുടി പുഴയിൽ 4 മീറ്റർ വരെ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ് (video)

തൃശൂർ• പറമ്പിക്കുളം അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് ഒഴുകിയെത്തുന്ന ജലം കാരണം പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് പരമാവധിയായ 421.5 മീറ്ററില്‍ എത്തി. ഇതേ തുടർന്ന് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നിലവില്‍ പൂര്‍ണമായി തുറന്നിരിക്കുന്ന ആറ് ഷട്ടറുകള്‍ക്കു പുറമെ, ഇന്നു രാവിലെ ഏഴിനും ഒന്‍പതിനും ഇടയില്‍ രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുമെന്ന് തൃശൂർ ജില്ലാ കലക്ടർ ഹരിത വി.കുമാർ അറിയിച്ചു.

ഇതുവഴി 400 ക്യുമെക്‌സ്‌ക് അധിക ജലം കൂടി ചാലക്കുടി പുഴയിലേക്ക് എത്തുമെന്നതിനാല്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. മീന്‍പിടിക്കാനോ കുളിക്കാനോ മറ്റോ പുഴയില്‍ ഇറങ്ങുകയോ അനാവശ്യമായി പുഴക്കരയിലേക്ക് പോവുകയോ ചെയ്യരുത്. സെക്കന്‍ഡില്‍ 600 ഘനയടി വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് എത്തുന്നത്. പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് മൂന്ന് മീറ്റര്‍ മുതല്‍ നാല് മീറ്റര്‍ വരെ ഉയര്‍ന്നേക്കാമെന്നും റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. ജലത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (ഡിഇഒസി) നിരീക്ഷിച്ചുവരികയാണെന്നും കലക്ടർ അറിയിച്ചു. പറമ്പിക്കുളത്ത് ഷട്ടര്‍ തകര്‍ന്നതില്‍ ആശങ്ക വേണ്ടെന്നും ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും റവന്യു മന്ത്രി കെ. രാജന്‍ അറിയിച്ചു.

പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തകർന്നു ; പുഴകളിൽ ജലനിരപ്പ് ഉയർന്നു , ജാഗ്രതാ നിർദേശം

പാലക്കാട് • പറമ്പിക്കുളം ഡാമിന്റെ മൂന്നു ഷട്ടറുകളിൽ ഒന്നിനു തകരാർ സംഭവിച്ചതോടെ ചാലക്കുടിപ്പുഴയിൽ ശക്തമായ ഒഴുക്ക്. ഇന്നു പുലർച്ചെ രണ്ടോടെയാണു സംഭവം. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണു ഷട്ടറിൽനിന്നു വലിയ ശബ്ദം കേട്ടതായി അറിയിച്ചത്. പരിശോധിച്ചപ്പോൾ പുഴയിലേക്ക് അപകടകരമായ രീതിയിൽ വെള്ളം കുത്തിയൊലിക്കുന്നതു ശ്രദ്ധയിൽപെട്ടു.
ആദിവാസി മേഖലയിൽ നിന്നുള്ളവരെ മാറ്റിപാർപ്പിക്കുന്നുണ്ടെന്ന് പാലക്കാട് ജില്ലാ കലക്ടർ ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് അറിയിച്ചു. തുടർച്ചയായി 20,000 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. ഇതിനെത്തുടർന്നു തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിലെ വെള്ളം പരമാവധി ജലനിരപ്പിലെത്തി.
തൃശൂർ വൈൽഡ് ലൈഫ് വാർഡനും ചിറ്റൂർ തഹസിൽദാർക്കും അറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദേശിച്ചു. ഷട്ടർ തകരാർ പെട്ടെന്ന് പരിഹരിക്കാൻ തമിഴ്നാട് ശ്രമിക്കുന്നുണ്ടെന്നും കലക്ടർ അറിയിച്ചു.
മുതലമടയിലാണു ഡാം സ്ഥിതി ചെയ്യുന്നതെങ്കിലും ഡാമിന്റെ പ്രവർത്തനവും നിയന്ത്രണവും തമിഴ്നാടിനാണ്. ഡാമിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഒരു മാസം മുൻപു മൂന്നു ഷട്ടറുകളും 10 സെന്റി മീറ്റർ തുറന്നിരുന്നു. 1825 അടിയാണ് ഡാമിന്റെ സംഭരണശേഷി.
പറമ്പിക്കുളം ഡാമിലെ ഷട്ടര്‍ തകര്‍ന്നതില്‍ പരിഭ്രാന്തി വേണ്ടെന്ന് റവന്യുമന്ത്രി കെ.രാജന്‍. എന്നാല്‍ ജാഗ്രത വേണം. സര്‍ക്കാര്‍ അറിയിപ്പുകള്‍ മാത്രം പിന്തുടരണം. രാവിലെ പരിശോധനകള്‍ക്ക് ശേഷമേ തകരാര്‍ പരിഹാരശ്രമങ്ങള്‍ തുടങ്ങൂ. റൂള്‍കര്‍വ് കമ്മിറ്റി ചേരുമെന്നും മന്ത്രി ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.

18 ഓടെ വീണ്ടും ന്യൂനമർദ്ദ സാധ്യത

ബംഗാൾ ഉൾക്കടലിൽ ഈ മാസം പതിനെട്ടാം തീയതിയോടെ മറ്റൊരു ന്യൂനമർദ സാധ്യത. കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദ്ദം കരകയറി മധ്യപ്രദേശിന് മുകളിൽ തുടരുകയാണ്. ഈ ന്യൂനമർദ്ദത്തിന്റെ ഭാഗമായി കേരളത്തിൽ മഴ കുറയാനാണ് സാധ്യത. വടക്കൻ ജില്ലകളിൽ പ്രത്യേകിച്ച് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരും . മട്ടിടങ്ങളിലും രാത്രിയും പുലർച്ചെയും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
ഈ മാസം പതിനെട്ടോടെ രൂപപ്പെട്ടേക്കാവുന്ന ചക്രവാതച്ചുഴി ആണ് ശക്തിപെട്ട് ന്യൂനമർദ്ദമാകാൻ സാധ്യതയുള്ളത്. ഈ സിസ്റ്റം കേരളത്തെ കാര്യമായി ബാധിച്ചേക്കില്ലെന്നാണ് ഞങ്ങളുടെ നീരീക്ഷകരുടെ പ്രാഥമിക നിരീക്ഷണം. കേരളത്തിൽ മഴ കുറയുമെങ്കിലും ഭാഗികമായി മേഘാവൃതമായ സാഹചര്യം പലയിടത്തും രണ്ടു ദിവസം കൂടി അനുഭവപ്പെടും. ഉച്ചക്കുശേഷം ഇന്നും നാളെയും മണിക്കൂറിൽ 40 കിലോമീറ്റർ വരെയുള്ള കാറ്റിനും കിഴക്കൻ മേഖലയിൽ സാധ്യതയുണ്ട്.

തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ മഴ കുറയും

ബംഗാൾ ഉൾക്കടലിന്റെ മധ്യ പടിഞ്ഞാറ് മേഖലയിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് പുലർച്ചെ അഞ്ചരയോടെ ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദം അഥവാ ഡിപ്രഷൻ ആയി മാറി. വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ തീരദേശ ഒഡീഷക്കും ഇടയിലാണ് ഇപ്പോൾ ന്യൂനമർദ്ദത്തിന്റെ സ്ഥാനം. ഇത് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ഒഡീഷക്കും തെക്കൻ ഛത്തീസ്ഗഡിനും ഇടയിൽ കരകയറാനാണ് സാധ്യത. അടുത്ത 24 മണിക്കൂറിനകം ന്യൂനമർദ്ദം ദുർബലമാവുകയും ചെയ്യും.

കേരളത്തിൽ ഒറ്റപ്പെട്ട മഴ

കഴിഞ്ഞ അവലോകനങ്ങളിൽ സൂചിപ്പിച്ചിരുന്നത് പോലെ കേരളത്തിൽ ഒറ്റപ്പെട്ട മഴക്കെ ന്യൂനമർദ്ദം കാരണമാവുകയുള്ളൂ. ന്യൂനമർദ്ദത്തിന്റെ നേരിട്ടുള്ള സ്വാധീനം കേരളത്തിൽ കുറവാണ്. മധ്യ വടക്കൻ ജില്ലകളിൽ ഇന്നുകൂടി ഒറ്റപ്പെട്ട മഴയുണ്ടാകും. രാത്രിയും വൈകിട്ടും കിഴക്കൻ പ്രദേശങ്ങളിലും ഇടനാട് പ്രദേശങ്ങളിലുമാണ് മഴ സാധ്യത. നാളെ മുതൽ കേരളത്തിൽ മഴ കുറഞ്ഞു തുടങ്ങും എന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളത്തിന്റെ കടൽ ശാന്തമാകും. തെക്കൻ ജില്ലകളിൽ കൂടുതൽ പ്രദേശങ്ങളിൽ ഇന്ന് വെയിൽ പ്രതീക്ഷിക്കാം. ഏറെനേരം നീണ്ടുനിൽക്കാത്ത ഒറ്റപ്പെട്ട മഴയാണ് കേരളത്തിൽ ഉടനീളം ഇനി സാധ്യത ഉള്ളത്.

ന്യൂനമർദ്ദം ശക്തിപ്പെട്ടില്ല; കേരളത്തിൽ മഴ തുടരും

ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെടാതെ ഒഡീഷ തീരത്ത് തുടരുന്നു. നേരത്തെയുള്ള ഞങ്ങളുടെ പോസ്റ്റ് പ്രകാരം ഇന്ന് ന്യൂനമർദ്ദം ശക്തിപ്പെടുമെന്നായിരുന്നു നിരീക്ഷണം. എന്നാൽ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിലെ ശക്തിപ്പെടാൻ സാധ്യതയുള്ളൂ എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും മറ്റ് സ്വകാര്യ ഏജൻസികളുടെയും നിഗമനം. ന്യൂനമർദ്ദം ശക്തിപ്പെട്ട ശേഷം ഒഡീഷ ആന്ധ്ര തീരങ്ങൾക്ക് സമീപത്തേക്ക് നീങ്ങാനാണ് സാധ്യത.

കേരളത്തിലെ മഴ സാധ്യത ഇങ്ങനെ
ദക്ഷിണേന്ത്യയിൽ അടുത്ത ദിവസങ്ങളിലും വ്യാപകമായി മഴ ലഭിക്കാനുള്ള അന്തരീക്ഷ സ്ഥിതിയാണ് നിലവിലുള്ളതെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു. മൺസൂൺ മഴപ്പാത്തി എന്ന മൺസൂൺ ട്രഫ് തെക്ക് അതിൻറെ സാധാരണ നിലയിലാണ്. കൊങ്കൺ മേഖലയിൽ നിന്ന് ന്യൂനമർദ്ദ മേഖലയിലേക്ക് ഒരു ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം തെക്കൻ ഉൾനാടൻ കർണാടകയിൽ തുടർന്നിരുന്ന ചക്രവാതചുഴി ദുർബലപ്പെട്ടെങ്കിലും ഈ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനംമൂലം വടക്കൻ കേരളത്തിൽ ഇടവിട്ടുള്ള മഴ ഇനിയും തുടരും . കൂടാതെ അറബിക്കടലിൽ ശക്തിപ്പെട്ട കാലവർഷക്കാറ്റ് ബംഗാൾ ഉൾക്കടലിലേക്കും സ്ട്രീം ചെയ്യപ്പെടുന്നുണ്ട്. ഇതിനാൽ മേഘങ്ങൾ അറബിക്കടലിൽ നിന്ന് കേരളത്തിന് മുകളിൽ എത്തുന്ന മുറക്ക് മഴ പെയ്യാനുള്ള സാഹചര്യമാണ് അടുത്ത 48 മണിക്കൂറിൽ ഉള്ളത്. അറബി കടലിൽ താരതമ്യേന മേഘരൂപീകരണം കുറവായതിനാലാണ് കേരളത്തിൽ തുടർച്ചയായ ശക്തമായ മഴ ഇപ്പോഴത്തെ അന്തരീക്ഷ സാഹചര്യത്തിൽ ലഭിക്കാത്തത് . മധ്യകേരളത്തിലോ വടക്കൻ കേരളത്തിലുമാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. കിഴക്കൻ മേഖലകളിലും ശക്തമായ മഴ വൈകുന്നേരങ്ങളിലും രാത്രിയിലും പ്രതീക്ഷിക്കാം. ഈ സാഹചര്യം തിങ്കളാഴ്ച വരെ തുടരാനാണ് സാധ്യത എന്നും ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് മെറ്റ്ബീറ്റ് വെതർ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.

ന്യൂനർദം രൂപപ്പെട്ടു, കേരളത്തിൽ മഴ സാധ്യത

ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപപ്പെടുമെന്ന് പ്രതീക്ഷിച്ച ന്യൂനർദം രൂപപ്പെട്ടു. മധ്യപടിഞ്ഞാറ് മേഖലയിലാണ് ന്യൂനമർദം രൂപം കൊണ്ടത്. ഇത് അടുത്ത 24 മണിക്കൂറിൽ ശക്തിപ്പെട്ട് വെൽമാർക്ഡ് ലോ പ്രഷറും തുടർന്ന് ആന്ധ്രപ്രദേശ്, തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാനുമാണ് സാധ്യത. ഇതോടൊപ്പം കർണാടകയിൽ നിന്ന് ബംഗാൾ ഉൾക്കടലിലേക്ക് കാറ്റിന്റെ ഖണ്ഡധാരയും രൂപപ്പെട്ടതിനാൽ ദക്ഷിണേന്ത്യയിൽ അടുത്ത ദിവസങ്ങളിലും മഴ തുടരാൻ കാരണമാകും. ഒപ്പം കർണാടകയ്ക്കു മുകളിൽ രണ്ടു ദിവസം മുൻപ് രൂപപ്പെട്ട ചക്രവാത ചുഴി തുടരുന്ന സാഹചര്യം കൂടിയുണ്ട്. ഇന്നലെ ഇത് ദുർബലമാകുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ഇപ്പോഴും ചക്രവാത ചുഴി തുടരുന്നതായാണ് ഏറ്റവും പുതിയ ഉപഗ്രഹ ഡാറ്റ സൂചിപ്പിക്കുന്നത്. കാലവർഷ പാത്തി എന്ന മൺസൂൺ ട്രഫും ഇന്നലെ മുതൽ തെക്ക് നോർമൽ പൊസിഷനിലേക്് മാറിയിട്ടുണ്ട്.

കേരളത്തിലെ മഴ സാധ്യത ഇങ്ങനെ

മുകളിൽ സൂചിപ്പിച്ച കാലാവസ്ഥാ മാറ്റങ്ങൾ വിലയിരുത്തുമ്പോൾ കേരളത്തിൽ അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ട്. ഇന്ന് പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ വൈകിട്ട് കനത്ത മഴ ലഭിച്ചിരുന്നു. ഇന്ന് രാത്രി വടക്കൻ ജില്ലകളിലെല്ലാം മഴക്ക് സാധ്യതയുണ്ട്. മധ്യ കേരളത്തിലും രാത്രി വൈകി മഴ ലഭിക്കും. പ്രത്യേകിച്ച് കിഴക്കൻ മേഖലകളിലാകും കൂടുതൽ മഴ ലഭിക്കുക. തെക്കൻ കേരളത്തിൽ ചാറ്റൽ മഴയോ ഇടവിട്ട ഇടത്തരം മഴയോ പ്രതീക്ഷിച്ചാൽ മതിയാകും.
നാളെ മുതൽ എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളുടെ കിഴക്കൻ പ്രദേശങ്ങളിൽ വൈകിട്ട് ശക്തമായ മഴക്ക് സാധ്യതയുണ്ട്. പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഇടവിട്ട മഴ ലഭിക്കും. പലപ്പോഴും അധികം ശക്തിയില്ലാതെ നീണ്ടു നിൽക്കുന്ന ചാറ്റൽ മഴക്കാണ് സാധ്യത. എന്നാൽ മുകളിൽ പറഞ്ഞ പ്രദേശത്തെ ഇടനാട് മേഖലകളിൽ വൈകിട്ട് മുതൽ ഇടവിട്ട് മഴ ലഭിക്കാം. ശനിയാഴ്ചയോടെ ന്യൂനമർദം തീരത്തോട് അടുക്കുന്നതോടെ വടക്കൻ കേരളത്തിൽ പരക്കെ മഴ ലഭിച്ചേക്കും. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് മഴ സാധ്യത. കടലിലും കാറ്റിന് ശക്തികൂടും. കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾ പാലിക്കുക.

നാളെ ന്യൂനമർദ സാധ്യത : കേരളത്തിലെ മഴ ഇങ്ങനെ

കേരളത്തിൽ തിരുവോണ ദിവസവും മഴക്ക് സാധ്യത. നാളെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതോടൊപ്പം ഉൾനാടൻ തെക്കൻ കർണാടകക്ക് മുകളിൽ കഴിഞ്ഞ ദിവസം രൂപം കൊണ്ട ചക്രവാത ചുഴി പ്രതീക്ഷിച്ചതു പോലെ ഇന്ന് ദുർബലമായില്ല. അതിനാൽ വടക്കൻ കേരളത്തിൽ മഴ ഇന്നു രാത്രിയും നാളെയും തുടരും. നാളെ ന്യൂനമർദം രൂപപെടുന്നതോടെ വടക്കൻ കർണാടകയിലെ ചക്രവാത ചുഴി ദുർബലമാകും. പടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും ചെയ്തിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം ഹിമാലയൻ മേഖലയിൽ ആയിരുന്ന മൺസൂൺ പാത്തി തെക്കോട്ട് നോർമൽ പൊസിഷനിലേക്ക് മാറി. ഇതും കേരളത്തിൽ മഴ തുടരാൻ അനുകൂല സാഹചര്യമാണ് എന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു.

തിരുവോണ ദിവസം കേരളത്തിൽ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. കിഴക്കൻ മേഖലയിൽ വൈകിട്ടും രാത്രിയും മഴ ശക്തിപെടും . ഓണത്തോട് അനുബന്ധിച് കിഴക്കൻ മേഖലകളിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ സുരക്ഷിതമല്ല. ഓണത്തിനു ശേഷവും കേരളത്തിൽ മഴ തുടരാനാണ് സാധ്യത.

തിരുവോണ ദിവസം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; കേരളത്തിലെ മഴയെ കുറിച്ച് അറിയാം

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ അടുത്ത 48 മണിക്കൂർ കൂടി തുടരും. തെക്കൻ ഉൾനാടൻ കർണാടകയിൽ മിഡ് ലെവലിൽ ഒരു ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാളെ വരെ വടക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളുടെ കിഴക്കൻ മേഖലയിലും വയനാട്ടിലും അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴ സാധ്യത നിലനിൽക്കുന്നു. കേരളത്തിലെ മറ്റു പ്രദേശങ്ങളിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായതോ ഇടത്തരമോ ആയ മഴക്കാണ് സാധ്യത. ബംഗാൾ ഉൾക്കടലിൽ തിരുവോണ ദിവസം ചക്രവാത ചുഴി രൂപപ്പെടും. ഇത് തുടർന്നുള്ള ദിവസങ്ങളിൽ ശക്തിപ്പെട്ട് ന്യൂനമർദമാകും. ഈ സിസ്റ്റം കേരളത്തെ പ്രതികൂലമായി ബാധിക്കാൻ ഇടയില്ല എന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ പ്രാഥമിക നിഗമനം. തുടർന്നുള്ള ദിവസങ്ങളിലെ അവലോകനത്തിൽ കൂടുതൽ വിവരങ്ങൾ അറിയാം. മെറ്റ്ബീറ്റ് വെതർ , weatherman kerala facebook പേജുകളിൽ അപ്ഡേഷൻ അറിയാം.

വടക്കൻ കേരളത്തിൽ ഇടിയോടെ മഴ, മലവെള്ള പാച്ചിൽ (video)

വടക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലയിലെ ഇടിയോടുകൂടെയുള്ള മഴയിൽ പലയിടത്തും മലവെള്ളപ്പാച്ചിൽ. വനത്തിൽ ഉരുൾപൊട്ടിയതായും സംശയം. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലയിൽ കനത്ത മഴയും മലവെള്ളപ്പാച്ചിലും. കോഴിക്കോട് നാദാപുരത്ത് പുഴകളിൽ കുത്തൊഴുക്കാണ്. വിലങ്ങാട് ടൗണിലെ പാലം മുങ്ങി. കടകളിലും വെള്ളം കയറി.

മണ്ണാർക്കാട്ടും കനത്തമഴയും കുത്തഴൊക്കും ഉണ്ടായി. മലപ്പുറം കരുവാരക്കുണ്ടിലും മലവെള്ളപ്പാച്ചിലുണ്ടായി. കൽക്കുണ്ട്, കേരളാകുണ്ട് എന്നിവിടങ്ങളിലാണ് മലവെള്ളപ്പാച്ചിൽ. ഒലിപ്പുഴ കരകവിഞ്ഞു. മാനന്തവാടി- കൂത്തുപറമ്പ് ചുരത്തിൽ മലവെള്ളപ്പാച്ചിലുണ്ടായി. കണ്ണൂർ നെടുംപൊയിലിലും വെള്ളം കയറി. പാനോം വനത്തിൽ ഉരുൾപൊട്ടിയതായാണ് സംശയം.

കേരളത്തിൽ ഇപ്പോഴത്തെ മഴ എത്രനാൾ തുടരും എന്നറിയാം

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴ ബുധനാഴ്ച വരെ തുടരാൻ സാധ്യത. തുടർന്ന് മഴയുടെ ശക്തി കുറയും. അടുത്ത തിങ്കളാഴ്ച മുതൽ വീണ്ടും കിഴക്കൻ മേഖലകളിൽ ഇടിയോടുകൂടി മഴക്ക് സാധ്യതയുണ്ട്. മ്യാൻമറിന് സമീപം സമുദ്രനിരപ്പിൽ നിന്ന് അഞ്ച് കിലോമീറ്റർ ഉയരത്തിൽ നിലകൊള്ളുന്ന ചക്രവാത ചുഴിയും, ഫിലിപ്പൈൻസിനു സമീപത്തെ ചുഴലിക്കാറ്റും പടിഞാറൻ കാറ്റിനെ ശക്തിപ്പെടുത്തിയതാണ് മഴക്ക് കാരണം. നാളെയും (ചൊവ്വ) കേരളത്തിൽ എല്ലാ ജില്ലകളിലും മഴ ലഭിക്കും. മഴക്ക് ഇടവേളകൾ ഉണ്ടാകും. ബുധൻ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് മെറ്റ്ബീറ്റ് വെതർ പറയുന്നത്. തുടർന്ന് മഴ അടുത്ത ആഴ്ച വീണ്ടും എത്തും. ഇടിയോടെ മഴയാണ് പിന്നീടുണ്ടാക്കുക. ഈ മാസം അവസാനവും സെപ്റ്റംബർ ആദ്യവും സാധാരണ മഴ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് Metbeat Weather facebook പേജ് പിന്തുടരുക.