Menu

Weather Analysis

കേരളത്തിനു മുകളിൽ ചക്രവാതചുഴി; കിഴക്കൻ മേഖലയിൽ മഴ ശക്തമാകും , ജാഗ്രത വേണം

കേരളത്തിൽ അടുത്ത ദിവസങ്ങളിലും കിഴക്കൻ മേഖലയിൽ കനത്ത മഴക്ക് സാധ്യത. മലയോര മേഖലയിൽ ജാഗ്രത പുലർത്തേണ്ട സാഹചര്യം ഉണ്ടാകും. കണ്ണൂർ മുതൽ ഇടുക്കി വരെയുള്ള ഭാഗത്ത് കിഴക്കൻ മേഖലയിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ലഭിക്കും. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ കിഴക്കൻ മേഖലയിൽ ഇടിമിന്നൽ , ഉരുൾപൊട്ടൽ , മലവെള്ള പാച്ചിൽ ജാഗ്രത വേണ്ടി വരും. മലയോര മേഖലയിലെ അനാവശ്യ യാത്രയും വിനോദ, സാഹസിക യാത്രകളും ഒഴിവാക്കുന്നതാണ് സുരക്ഷിതം.

കേരളത്തിനു മുകളിലും പരിസരത്തും ചക്രവാത ചുഴി രൂപപ്പെട്ടു. സമുദ്ര നിരപ്പിൽ നിന്ന് 3.1 കി.മീ ഉയരത്തിലാണ് ചക്രവാത ചുഴിയുള്ളത്. ബംഗാൾ ഉൾക്കടലിലും മറ്റൊരു ചക്രവാത ചുഴി നിലനിൽക്കുന്നു. ആൻഡമാൻ കടലിൽ നിന്ന് തമിഴ്നാട്ടിലേക്ക് തെക്കൻ ബംഗാൾ ഉൾക്കടലിനു കുറുകെ മിഡ് ട്രോപോസ്ഫിയർ ലെവലിൽ ന്യൂനമർദ പാത്തി നിലനിൽക്കുന്നു. ഭൂമധ്യരേഖാ പ്രദേശത്തെ ശക്തമായ ചക്രവാത ചുഴി കേരളത്തിലേക്കുള്ള കാലവർഷ കാറ്റിനെ തടയുന്നുണ്ട്. ഇതാണ് ഇടിയോടെ കിഴക്ക് മഴ കൂട്ടാൻ ഇടയാക്കുന്നത്. പകൽ സമയത്ത് ചൂടു കൂടുന്നതും ഈർപ്പത്തിന്റെ തോത് അന്തരീക്ഷത്തിൽ കൂടുതലായതും ഇടിയോടെ മഴയുണ്ടാക്കും. ഓഗസ്റ്റ് 31 ഓടെ കാലവർഷത്തിന്റെ ഭാഗമായ മഴ എല്ലാ ജില്ലകളിലും തിരികെ എത്താനും സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നു.

കേരളത്തിൽ ഇപ്പോഴത്തെ മഴ എത്രനാൾ തുടരും എന്നറിയാം

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴ ബുധനാഴ്ച വരെ തുടരാൻ സാധ്യത. തുടർന്ന് മഴയുടെ ശക്തി കുറയും. അടുത്ത തിങ്കളാഴ്ച മുതൽ വീണ്ടും കിഴക്കൻ മേഖലകളിൽ ഇടിയോടുകൂടി മഴക്ക് സാധ്യതയുണ്ട്. മ്യാൻമറിന് സമീപം സമുദ്രനിരപ്പിൽ നിന്ന് അഞ്ച് കിലോമീറ്റർ ഉയരത്തിൽ നിലകൊള്ളുന്ന ചക്രവാത ചുഴിയും, ഫിലിപ്പൈൻസിനു സമീപത്തെ ചുഴലിക്കാറ്റും പടിഞാറൻ കാറ്റിനെ ശക്തിപ്പെടുത്തിയതാണ് മഴക്ക് കാരണം. നാളെയും (ചൊവ്വ) കേരളത്തിൽ എല്ലാ ജില്ലകളിലും മഴ ലഭിക്കും. മഴക്ക് ഇടവേളകൾ ഉണ്ടാകും. ബുധൻ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് മെറ്റ്ബീറ്റ് വെതർ പറയുന്നത്. തുടർന്ന് മഴ അടുത്ത ആഴ്ച വീണ്ടും എത്തും. ഇടിയോടെ മഴയാണ് പിന്നീടുണ്ടാക്കുക. ഈ മാസം അവസാനവും സെപ്റ്റംബർ ആദ്യവും സാധാരണ മഴ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് Metbeat Weather facebook പേജ് പിന്തുടരുക.

കേരളത്തിൽ ശക്തമായ മഴ എത്രദിവസം വരെ തുടരും ?

കേരളത്തിൽ ശക്തമായ മഴ രണ്ടു ദിവസം കൂടി തുടരും. വെള്ളിയാഴ്ച മുതൽ കിഴക്കൻ മേഖലയിൽ മഴ തുടരുമെങ്കിലും ഇപ്പോഴത്തെ തീവ്രതയുണ്ടാകില്ലെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ജാഗ്രത തുടരണം. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലെ കിഴക്കൻ മലയോരത്തും ശക്തമായതോ അതിശക്തമായതോ ആയ മഴ തുടരും. വലിയ തോതിൽ പ്രളയത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടാകാനിടയില്ലെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ അവലോകനം. സംസ്ഥാനത്തെ മിക്ക മേഖലകളിലും ഇന്നു പകൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറഞ്ഞിരുന്നു. നദികളിൽ ജലനിരപ്പ് വലിയതോതിൽ കൂടിയതുമില്ല. ഡാമിലേക്ക് നീരൊഴുക്ക് വർധിക്കുന്നുണ്ടെങ്കിലും തുറക്കേണ്ട സാഹചര്യത്തിലല്ല മേജർ ഡാമുകൾ.

കേരളത്തിനു സമാന്തരമായി നിലകൊള്ളുന്ന ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി അടുത്ത ദിവസങ്ങളിൽ വടക്കോട്ട് നീങ്ങാൻ സാധ്യതയുണ്ട്. അതിനൊപ്പം മഴയും കർണാടക, ഗോവ മേഖലയിലേക്ക് നീങ്ങും. ഇന്നും കർണാടകയിൽ കനത്ത മഴ ലഭിച്ചിരുന്നു. കർണാടകയിലെ മഴ വടക്കൻ കേരളത്തെ സ്വാധീനിക്കുമെങ്കിലും വടക്കൻ ജില്ലകളിൽ അസാധാരണ സാഹചര്യം ഉണ്ടാകാൻ ഇടയില്ല. കിഴക്കൻ മലയോര മേഖലകളിലെ ജാഗ്രത കേരളത്തിലെ എല്ലാ മേഖലകളിൽ ഞായറാഴ്ച വരെയെങ്കിലും തുടരുന്നതാണ് സുരക്ഷിതം. പൊതുജനങ്ങൾ സർക്കാർ ഏജൻസികൾ നൽകുന്ന നിർദേശം അനുസരിക്കുക. ഔദ്യോഗിക, സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ നൽകുന്ന വിവരങ്ങൾ മനസിലാക്കി വയ്ക്കുക. മാറിത്താമസിക്കാൻ നിർദേശം ലഭിച്ചാൽ അമാന്തിച്ച് നിൽക്കരുത്. സുരക്ഷക്ക് മുൻതൂക്കം നൽകുക.
ശ്രദ്ധിക്കുക- അപ്‌ഡേഷനുകൾ അറിയാൻ ഞങ്ങളുടെ Metbeat Weather, weatherman kerala എന്നീ ഫേസ്ബുക്ക് പേജുകളും യുട്യൂബ് ചാനലുകളും metbeat.com, metbeatnews.com എന്നീ വെബ്‌സൈറ്റുകളും LIKE ചെയ്തും Subscribe ചെയ്തും പിന്തുടരുക.

ബ്രേക്ക് തീരും മുൻപ് അതിശക്തമായ മഴയെത്തുന്നു, ജാഗ്രത വേണം

ഏതാനും ദിവസം മുൻപ് മെറ്റ്ബീറ്റ് വെതർ സൂചന നൽകിയതുപോലെ കേരളത്തിലും തമിഴ്‌നാട്ടിലും നാളെ മുതൽ മഴ ശക്തിപ്പെടും. നിലവിൽ മൺസൂൺ ട്രഫ് ഹിമാലയൻ ഭാഗത്ത് തുടരുകയാണെങ്കിലും നാളെ മുതൽ മറ്റ് കാലാവസ്ഥാ സാഹചര്യങ്ങൾ ഉരുത്തിരിയുന്നതു മൂലമാണ് കേരളത്തിൽ അതിശക്തമായ മഴ ഉണ്ടാകുക. ഇതിന്റെ ഫലമായി പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുകയും കാലവർഷക്കാറ്റ് മഴ നൽകുകയും ചെയ്യും.

ബ്രേക്ക് തുടരുന്നു, പക്ഷേ
മൺസൂൺ മഴപ്പാത്തി എന്ന ട്രഫിന്റെ പടിഞ്ഞാറേ അഗ്രം നിലവിൽ വടക്കോട്ട് മാറിയും കിഴക്കേ അഗ്രം ഹിമാലയൻ നിരകളോട് ചേർന്നുമാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത മൂന്നു ദിവസം കൂടി ഈ നിലയിൽ മൺസൂൺ ട്രഫ് തുടരും. തുടർന്ന് ഹിമാലയൻ ഭാഗത്തുള്ള ട്രഫിന്റെ അഗ്രം തെക്കോട്ടേക്ക് മാറിത്തുടങ്ങും. ഇതോടെ ഓഗസ്റ്റ് മൂന്നിന് ശേഷം കേരളത്തിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. നിലവിൽ മൺസൂൺ ബ്രേക്ക് തുടരുന്നുണ്ടെങ്കിലും കേരളത്തിനു കുറുകെ ട്രോപോസ്ഫിയറിന്റെ മധ്യ ഉയരത്തിലായി കാറ്റിന്റെ ഖണ്ഡധാര രൂപപ്പെടുന്നുണ്ട്. അത് ദക്ഷിണേന്ത്യയിൽ ഓഗസ്റ്റ് 2 മുതൽ മഴ ശക്തിപ്പെടുത്താൻ കാരണമാകും. ഒപ്പം കന്യാകുമാരിയിൽ നിന്ന് ചത്തീസ്ഗഡിലേക്കുള്ള തെക്കു-വടക്ക് ന്യൂനമർദ പാത്തിയും കേരളത്തിൽ മഴ കൂടാൻ സാഹചര്യം ഒരുക്കും.

ജാഗ്രത വേണം
കേരളത്തിൽ കരയിലും കടലിലും തുടർന്നുള്ള ദിവസങ്ങളിൽ അതി ജാഗ്രത വേണം. കിഴക്കൻ മേഖലയിൽ ഇടിയോടെ ശക്തമായ മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നു. അനാവശ്യ യാത്രയും രാത്രികാല യാത്രയും മലയോര മേഖലകളിൽ ഒഴിവാക്കലാണ് സുരക്ഷിതം. ഡാമുകളിലേക്ക് തുടർന്നുള്ള ദിവസങ്ങളിൽ ജലനിരപ്പ് കൂടും. പൊതുജനങ്ങൾ അനാവശ്യ ഭീതി സൃഷ്ടിക്കുന്ന സന്ദേശങ്ങളിൽ വിശ്വസിക്കാതെ സർക്കാർ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കുക. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ എന്നിവർ നൽകുന്ന കാലാവസ്ഥാ അപ്‌ഡേഷനുകൾ ശ്രദ്ധിക്കുക.

ആദ്യം തെക്ക്, പിന്നെ വടക്ക്

ഓഗസ്റ്റ് ഒന്നു മുതൽ മൂന്നു വരെ തെക്കൻ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴ ലഭിക്കുകയെന്നാണ് വിവിധ അന്തരീക്ഷ മോഡലുകൾ സൂചിപ്പിക്കുന്നത്. മറ്റു അന്തരീക്ഷ ഘടകങ്ങൾ കൂടി പരിശോധിക്കുമ്പോൾ മോഡൽ മുന്നറിയിപ്പ് ശരിയാകാനാണ് സാധ്യത. തുടർന്ന് മഴ വടക്കൻ കേരളത്തിലേക്ക് എത്തും. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും അതിശക്തമായതോ തീവ്രമായതോ ആയ മഴക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിനൊപ്പം തീരദേശ കർണാടക, മാഹി എന്നിവിടങ്ങളിലും സമാന കാലാവസ്ഥ അനുഭവപ്പെടും.

ശ്രദ്ധിക്കുക- അപ്‌ഡേഷനുകൾ അറിയാൻ ഞങ്ങളുടെ Metbeat Weather, weatherman kerala എന്നീ ഫേസ്ബുക്ക് പേജുകളും യുട്യൂബ് ചാനലുകളും metbeat.com, metbeatnews.com എന്നീ വെബ്‌സൈറ്റുകളും LIKE ചെയ്തും Subscribe ചെയ്തും പിന്തുടരുക.

മൺസൂൺ ബ്രേക്ക് തുടരുന്നു ; ഇടിയോടെ മഴ തുടരും, ഉരുൾപൊട്ടൽ ഭീഷണിയും

തെക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി തുടരുന്നതും തെക്കൻ ഉൾനാടൻ കർണാടകയ്ക്ക് മുകളിൽ കാറ്റിന്റെ ശക്തമായ അഭിസരണം നടക്കാൻ സാധ്യത ഉള്ളതിനാലും കേരളത്തിന്റെ കിഴക്കൻ മലയോര മേഖലയിലും ഇടനാട്ടിലും തമിഴ്നാട്ടിലും അടുത്ത 2 ദിവസം കൂടി ഇടിയോടെ മഴ തുടരും. മൺസൂൺ ബ്രേക്ക് സീസൺ തുടരുന്നതാണ് കേരളത്തിൽ ഇടിയോടെ മഴക്ക് കാരണം. മൺസൂൺ മഴ പാത്തിയുടെ കിഴക്കൻ അഗ്രം ഹിമാലയൻ മേഖലയോട് അടുത്തു നിലകൊള്ളുകയാണ്. പടിഞ്ഞാറേ അഗ്രം കൂടുതൽ വടക്കോട്ട് നീങ്ങി. മൺസൂൺ ബ്രേക്ക് തുടരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കേരളത്തിന്റെ കിഴക്കൻ മേഖലയിലെ ഇടിയോടു കൂടെയുള്ള മഴ മല വെള്ളപാച്ചിലിനും മണ്ണിടിച്ചിലിനും ഇടയാക്കിയേക്കും.

അതിനാൽ മലയോര മേഖലയിൽ ജാഗ്രത പുലർത്താം. തമിഴ്നാട്ടിലും ശക്തമായ മഴ തുടരും. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർധിക്കും.

ന്യൂനമർദം: മഴ 18 വരെ തുടർന്നേക്കും, വടക്ക് ജാഗ്രത വേണം

കേരളത്തിൽ വിവിധ കാലാവസ്ഥ സാഹചര്യങ്ങളുടെ സ്വാധീനം മൂലം ഇപ്പോൾ ലഭിക്കുന്ന മഴ ഈ മാസം 18 വരെ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ കനത്ത ജാഗ്രത പാലിക്കണം. അടുത്തദിവസങ്ങളിലും വടക്കൻ കേരളത്തിൽ മഴ ശക്തിപ്പെടും. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇന്നുമുതൽ മഴ കൂടുതൽ സജീവമാകും. ബുധൻ, വ്യാഴം ദിവസങ്ങളിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. കോഴിക്കോട് മലപ്പുറം വയനാട് കണ്ണൂർ കാസർകോട്, ഇടുക്കി ജില്ലകളിൽ പ്രത്യേക ജാഗ്രത വേണ്ടിവരും. മഴക്കെടുതികൾ ഒഴിവാക്കാൻ ജില്ലാ ഭരണകൂടങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ പൊതുജനങ്ങൾ പാലിക്കുക. ഈ ജില്ലകളിൽ റൂറൽ ഭാഗങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നത് ഉചിതമാണ്.

മൾട്ടിപ്പിൾ വെതർ സിസ്റ്റം
ഒഡിഷക്കും ആന്ധ്രക്കും ഇടയിൽ ന്യൂനമർദം നില നിൽക്കുന്നു. കേരളത്തിന് കുറുകെ കിഴക്ക് – പടിഞ്ഞാറ് ദിശയിൽ കാറ്റിന്റെ ഖണ്ഡ ധാര ( shear zone) രൂപപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നു. ഇതു പ്രകാരം കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ മഴ ശക്തമായി തുടരും. മറ്റു ജില്ലകളിലും ന്യൂനമർദ്ദ സ്വാധീനം മൂലം മഴ സജീവമാകും. ചൊവ്വ, ബുധൻ കേരളത്തിൽ പരക്കെ മഴ സാധ്യതയുണ്ട്.

ജാഗ്രത തുടരണം
തുടർച്ചയായി മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. വാഹനങ്ങൾ ഡ്രൈവ് ചെയ്യുമ്പോഴും സുരക്ഷിതമായ അകലവും വേഗതയും ഉറപ്പുവരുത്തുക. ജലാശയങ്ങളിലോ തോട്ടിലോ അരുവിയിലോ ഇറങ്ങുന്നതും മീൻ പിടിക്കുന്നതും സുരക്ഷിതമല്ല. കുത്തൊഴുക്ക്, മലവെള്ളപാച്ചിൽ പെട്ടെന്ന് ജലനിരപ്പ് കൂട്ടും. മലയോരങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത. നഗരങ്ങളിൽ അപ്രതീക്ഷത വെള്ളക്കെട്ടുകൾക്കും സാധ്യത. കുട്ടികൾ വെള്ളക്കെട്ടുകൾക്ക് സമീപം പോകുന്നില്ലെന്ന് മുതിർന്നവർ ശ്രദ്ധിക്കുക. സർക്കാർ ഏജൻസികളും മറ്റും നൽകുന്ന നിർദേശങ്ങൾ പിന്തുടരുക.

അടുത്ത ദിവസങ്ങളിലെ മഴയുടെ സ്വഭാവം എങ്ങനെ?

വടക്കൻ കേരളത്തിൽ ഒരാഴ്ചയോളമായി തുടരുന്ന കനത്ത മഴക്ക് നേരിയ ആശ്വാസം ലഭിക്കും. തുടർച്ചയായ കനത്ത മഴക്ക് പകരം ഇടവേളകളോടുകൂടിയുള്ള മഴയാണ് ഇനി അടുത്ത രണ്ട് ദിവസം പ്രതീക്ഷിക്കേണ്ടത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് വടക്കൻ കേരളത്തിൽ കൂടുതൽ മഴ സാധ്യതയുള്ളത്. പാലക്കാട് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. കാസർകോട് ഇന്നും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് അല്പം കുറവാണെങ്കിലും ശക്തമായ മഴ തന്നെ ലഭിക്കും.

മധ്യ, തെക്കൻ ജില്ലകളിൽ
തെക്കൻ കേരളത്തിലും കഴിഞ്ഞ രണ്ടുദിവസമായി സജീവമായ കാലവർഷം ഇടവേളകളുടെ തുടരും . ഇടുക്കി ജില്ലയിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ തെക്കൻ കേരളത്തിൽ രാത്രികളിലാണ് മഴ സാധ്യതയുള്ളത്. പകൽ ദീർഘമായ ഇടവേളകൾ പ്രതീക്ഷിക്കാം.

അന്തരീക്ഷ സ്ഥിതി എന്ത്?
മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരളതീരം വരെ ഒരു ന്യൂനമർദ പാത്തി നിലകൊള്ളുന്നുണ്ട്. പാക്കിസ്ഥാന്റെ മുകളിലായി കച്ച് മേഖലയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദം കാലവർഷ പാത്തി അഥവാ മൺസൂൺ ട്രഫിനെ അതിന്റെ സ്വാഭാവികമായ തെക്കൻ പൊസിഷനിൽ നിന്ന് അല്പം വടക്കോട്ട് മാറ്റിയിട്ടുണ്ട്. ഇതു കാരണം കേരളത്തിന്റെ വടക്കോട്ടുള്ള മേഖലകളിൽ കൂടുതൽ മഴ അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാം. കേരളത്തിലേക്ക് വീശുന്ന കാലവർഷ കാറ്റിന്റെ ഗതിയിലും ഇതു കാരണം മാറ്റം സംഭവിച്ചിട്ടുണ്ട്. അതിനാലാണ് കേരളത്തിൽ മഴക്ക് ഇടവേള ലഭിക്കുന്നത്. അതേസമയം അറബിക്കടലിൽ മേഘ രൂപീകരണവും നടക്കുന്നുണ്ട്. ഇത്തരം മേഘങ്ങൾ കേരളത്തിന്റെ മുകളിൽ എത്തിയാൽ പെയ്തു പോകുന്ന സാഹചര്യമാണ് ഉണ്ടാവുക. അടുത്തയാഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ ഇരിക്കെ നേരിയതോതിൽ മഴക്ക് ഇടവേള ലഭിക്കുമെന്ന് പറയാനാകും. എന്നാൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴയുടെ അളവിൽ കുറവ് എന്ന് മനസിലാക്കുക. മഴ ഇല്ല എന്നല്ല.

വരുന്നു ന്യൂനമർദക്കാലം: മഴ തുടരും, അടുത്തയാഴ്ച ന്യൂനമർദ സാധ്യത

മാഡൻ ജൂലിയൻ ഓസിലേഷൻ (എം.ജെ.ഒ) എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിൽ സജീവമായി തുടരുന്നതോടെ കാലവർഷം രാജ്യവ്യാപകമായി ശക്തിപ്പെടും. മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ അഭിപ്രായപ്രകാരം കാലവർഷം കേരളത്തിനും കർണാടകയ്ക്കും പുറമേ മറ്റു സംസ്ഥാനങ്ങളിലും കൂടുതൽ മഴ നൽകുന്ന ആഴ്ചയാണ് വരാനിരിക്കുന്നത്.

കേരളത്തിൽ മഴ ശക്തമാകാൻ സാധ്യത
എം.ജെ.ഒ മൂന്ന്, നാല്, അഞ്ച് ഫേസുകളിൽ തുടരുമ്പോഴും കേരളത്തിൽ മഴ ലഭിക്കാൻ അനുകൂല സാഹചര്യം ആണ് ഒരുങ്ങുന്നത്. അന്തരീക്ഷത്തിലെ വിവിധ കാലാവസ്ഥാ അനുകൂല ഘടകങ്ങൾ മഴക്ക് അനുകൂലമാണ്. ഒപ്പം ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങളും സർക്കുലേഷനുകളും ഓസിലേഷനുകളും. ഈ സാഹചര്യത്തിൽ അടുത്തയാഴ്ച കേരളത്തിൽ ജാഗ്രത പാലിക്കേണ്ട സാഹചര്യം ഉണ്ടായേക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അന്തരീക്ഷസ്ഥിതി സൂക്ഷ്മമായി വിലയിരുത്തിയ ശേഷം ദുരന്ത നിവാരണ ഏജൻസികളും ഔദ്യോഗിക സംവിധാനങ്ങളും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത
അടുത്ത പത്തു ദിവസത്തിനകം ബംഗാൾ ഉൾക്കടലിൽ ഈ വർഷ ആദ്യ മൺസൂൺ ലോ രൂപപ്പെട്ടേക്കും. ഔദ്യോഗിക കാലാവസ്ഥാ ഏജൻസി ഇക്കാര്യം ഇപ്പോൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ന്യൂനമർദം രൂപപ്പെടാനുള്ള ഒരുക്കങ്ങൾ ബംഗാൾ ഉൾക്കടലിന്റെ മധ്യമേഖലയിൽ നടക്കുന്നുണ്ട്. ജൂലൈ 13 ന് പുലർച്ചെയോടെ ന്യൂനമർദം രൂപപ്പെടാനും തുടർന്ന് അതിവേഗം ശക്തിപ്പെട്ട് ഒഡിഷയിലേക്ക് പോകാനുമാണ് സാധ്യത. ട്രാക്ക് സംബന്ധിച്ച് കൃത്യമായ വിവരം ന്യൂനമർദം രൂപപ്പെട്ട ശേഷമേ വ്യക്തമാകൂ. ഒപ്പം തെക്കൻ ചൈനാ കടലിലും ന്യൂനമർദ സാധ്യതയുണ്ട്. ഇതും ശക്തിപ്പെടുകയും കേരളത്തിന് കുറകെയുള്ള കാലവർഷക്കാറ്റിനെ ശക്തിപ്പെടുത്തുകയും ചെയ്‌തേക്കും. മധ്യ ഇന്ത്യ വരെയുള്ള മേഖലകളിൽ മഴ ശക്തിപ്പെടുത്താൻ ഈ സിസ്റ്റം കാരണമാകുമെന്നാണ് നിരീക്ഷണം. വടക്കൻ കേരളം, കർണാടക, കൊങ്കൺ, മുംബൈ, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ മേഖലകളിൽ മഴ ശക്തിപ്പെടാനും തമിഴ്‌നാട്ടിൽ ഇടിയോടു കൂടെയുള്ള ശക്തമായ മഴക്കും സാധ്യതയുണ്ട്. എം.ജെ.ഒ ബംഗാൾ ഉൾക്കടലിൽ തുടരുമ്പോൾ ഒന്നിലേറെ ന്യൂനമർദങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. എം.ജെ.ഒ ചൈനാ കടലിലേക്ക് പോകുമ്പോൾ അതിശക്തമായ ടൈഫൂണുകൾ രൂപം കൊള്ളും. ഇതും കേരളത്തിൽ മഴ നൽകും. നേരത്തെയുള്ള നിരീക്ഷണങ്ങളിൽ ജൂലൈ 15 വരെ മഴ സജീവമാകുമെന്നായിരുന്നു വിലയിരുത്തൽ. ജൂലൈ 15 ന് ശേഷം മഴ തുടരുമോയെന്ന കാര്യത്തിൽ അടുത്ത ദിവസങ്ങളിലേ വ്യക്തത ലഭിക്കൂ.

തിരുവാതിര ഞാറ്റുവേല കഴിഞ്ഞു പുണർതം പിറന്നു, മഴ പോയതെവിടെ ? കാരണം വായിക്കാം

തിരിമുറിയാത്ത മഴയാണ് തിരുവാതിര ഞാറ്റുവേലയ്ക്ക് എന്നാണ് പഴമക്കാരുടെ മൊഴി. കാലാവസ്ഥാ വ്യതിയാനം അത്രമേൽ ബാധിക്കപ്പെടാത്ത ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ അങ്ങനെയായിരുന്നു. എന്നാൽ ഈ വർഷം 2022 ലെ തിരുവാതിര ഞാറ്റുവേല കഴിഞ്ഞത് രണ്ടു ദിവസം മുൻപാണ്. മഴ ലഭിച്ചോയെന്ന് ചോദിച്ചാൽ ചിലയിടത്ത് ലഭിച്ചു എന്നു പറയാം. എന്താണ് കാരണം. എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ കാലാവസ്ഥയിൽ നടക്കുന്നത്. മെറ്റ്ബീറ്റ് വെതർ ടീം തയാറാക്കിയ റിപ്പോർട്ട്

എന്താണ് ഞാറ്റുവേലകൾ?
കാലാവസ്ഥാ ശാസ്ത്രവുമായി ഞാറ്റുവേലക്ക് ബന്ധമൊന്നുമില്ലെങ്കിലും മലയാളിയുടെ കാർഷിക കലണ്ടറിൽ പ്രധാന ഇടംതന്നെയുണ്ട് ഞാറ്റുവേലകൾക്ക്. കൊമ്പൊടിച്ചു കുത്തിയാലും കിളിർക്കും എന്നാണ് തിരുവാതിര ഞാറ്റുവേലയെ കുറിച്ചുള്ള പഴമൊഴി. മലയാള മാസമായ മിഥുനം ഏഴിനാണ് തിരുവാതിര ഞാറ്റുവേല. അതായത് ജൂൺ 21 ഞായർ. ഈ വർഷം അത് ജൂൺ 22 ന്. സാധാരണ തിരിമുറിയാത്ത മഴയെന്നാണ് തിരുവാതിര ഞാറ്റുവേലയെകുറിച്ച് പറയുക. ഫലവൃക്ഷത്തൈകളും ചെടികളും നടാൻ ഏറ്റവും അനുയോജ്യമായ സമയം എന്നാണ് കർഷകർ ഇതേ കുറിച്ച് പറയുന്നത്. ഒരാഴ്ച വെയിലും ഒരാഴ്ച മഴയുമാണ് ഞാറ്റുവേലയിലെ പ്രത്യേകത.
ഞായർ (സൂര്യൻ) ന്റെ വേള (സമയം) ആണ് ഞാറ്റുവേലയായി ലോപിച്ചത്. ഭൂമിയിൽ നിന്ന് സൂര്യനെ നോക്കുമ്പോൾ ഏത് നക്ഷത്രത്തിന്റെ അടുത്താണോ ആ നക്ഷത്രത്തിന്റെ പേരിലാണ് ഞാറ്റുവേല അറിയപ്പെടുക. സൂര്യൻ തിരുവാതിര നക്ഷത്രത്തിന് അടുത്താണെങ്കിൽ തിരുവാതിര ഞാറ്റുവേല എന്നർഥം. അങ്ങനെ അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകിയിരം, തിരുവാതിര തുടങ്ങിയ ഞാറ്റുവേലകളുണ്ട്. അശ്വതി മുതൽ രേവതി വരെയുള്ള ഓരോ ഞാറ്റുവേലയിലും ഏതെല്ലാം കൃഷിപ്പണികൾ ചെയ്യണം എന്നറിയാൻ വ്യക്തമായ കാർഷിക കലണ്ടറുകൾ പഴമക്കാർ തയാറാക്കിയിരുന്നു. ഒരു വർഷം ലഭിക്കുന്ന മഴയുടെ വിതരണത്തെയും സസ്യങ്ങളുടെ വളർച്ചയെയും സാമ്പ്രദായിക കൃഷി അനുഭവ പരിജ്ഞാനത്തെയും അടിസ്ഥാനമാക്കിയാണ് ഞാറ്റുവേലകൾ രൂപപ്പെടുത്തിയത്.

ഞാറ്റുവേലയും കൃഷിയും
ഞാറ്റുവേലകൾ 27 തരം 27 നക്ഷത്രങ്ങൾക്ക് 27 ഞാറ്റുവേലകളുണ്ട്. ഇതിൽ 10 എണ്ണം നന്നായി മഴ ലഭിക്കുന്നവയാണ്. എല്ലാ ഞാറ്റുവേലകളുടെയും ശരാശരി ദൈർഘ്യം പതിമൂന്നര ദിവസമാണെങ്കിൽ തിരുവാതിരയുടേത് 15 ദിവസമാണ്. ഇതിൽ ഒരാഴ്ച മഴ കിട്ടുമെന്നാണ് കർഷകരുടെ വിശ്വാസം. ജൂൺ 21 ന് തുടങ്ങുന്ന തിരുവാതിര ഞാറ്റുവേല ജൂലൈ 3 വരെയുണ്ടാകും. കുരുമുളകിന്റെ പരാഗണം ഈ സമയത്താണ്. ഇതാണ് മുൻപ് സാമൂതിരി രാജാവ് പറഞ്ഞത്. വൈദേശികർക്ക് നമ്മുടെ കുരുമുളക് കൊണ്ടുപോയാലും തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാൻ കഴിയില്ലല്ലോ എന്നായിരുന്നു എന്നത് ഞാറ്റുവേലയുടെ പ്രാധാന്യം മനസിലാക്കാനാകും.
ഈ വർഷം തിരുവാതിര ഞാറ്റുവേലക്ക് എന്ത് സംഭവിച്ചു?
ജൂൺ 22 നാണ് ഇത്തവണ ഞാറ്റുവേല പിറന്നത്. ഞാറ്റുവേലകൾ പകലും രാത്രിയും പിറക്കുമെന്നാണ് ജ്യോതിഷക്കാർ പറയുന്നത്. പരമ്പരാഗത കാർഷകരും ഇതെല്ലാം അവലംബിച്ചാണ് കൃഷി ചെയ്തിരുന്നത്. ശാസ്ത്രീയമായി ഞാറ്റുവേലയും കാലാവസ്ഥയും തമ്മിൽ ബന്ധമൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും വെതർ സിസ്റ്റങ്ങൾ ഈ സമയം ഒത്തുവരികയും മഴ ലഭിക്കുകയും ചെയ്യാറുണ്ട്. ഞാറ്റുവേലക്ക് സൂര്യനുമായി ബന്ധമുള്ളതിനാൽ കാലാവസ്ഥയിൽ സൂര്യന്റെ ചലനവുമായി ബന്ധമുള്ളതും സോളാർ റേഡിയേഷൻ, ഭൂമിയിൽ നിന്ന് ബഹിർഗമിക്കുന്ന ഔട്ട്‌ഗോയിങ് ലോങ് വേവ് റേഡിയേഷൻ (ഒ.എൽ.ആർ) എന്നിവയെല്ലാം ബന്ധപ്പെട്ടു ഒത്തുവരുന്നതാണ് മഴയെ സ്വാധീനിക്കുന്നത്. ഞാറ്റുവേല സീസണിൽ ഒ.എൽ.ആർ 200 എം. ഡബ്ല്യു സ്‌ക്വയറിനു താഴെ വരാറുണ്ട്. അത് നമുക്ക് മൺസൂൺ സജീവമായി നിൽക്കുന്ന സമയം കൊണ്ടാണെന്നാണ് ശാസ്ത്രം വിശദീകരിക്കുന്നത്.

എം.ജെ.ഒ തിരികെയെത്തിയില്ല, മഴയില്ലാതെ ഞാറ്റുവേല
ഏതായാലും ഈ വർഷം തിരുവാതിര ഞാറ്റുവേല തുടങ്ങിയ ജൂൺ 22 ന് കേരളത്തിൽ ഭേദപ്പെട്ട മഴയുണ്ടായിരുന്നു. പീന്നീട് മഴയുടെ അളവ് കുറഞ്ഞു. രണ്ടു നാൾ കാത്തിരുന്നിട്ടും മഴ കനത്തില്ല. ഞാറ്റുവേല തുടങ്ങുമ്പോൾ ആഗോളമഴപാത്തിയായ മാഡൻ ജൂലിയൻ ഓസിലേഷൻ അറ്റ്‌ലാന്റിക് സമുദ്രത്തിലായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എത്തിയത് ജൂൺ അവസാനത്തോടെയാണ് ജൂലൈ മുതൽ മഴ സജീവമാകുകയും ചെയ്തു. മെറ്റ്ബീറ്റ് വെതർ ജൂലൈ ഒന്നും രണ്ടും ആഴ്ചകളിൽ മഴ ശക്തിപ്പെടുമെന്നും പ്രവചിച്ചിരുന്നു. ഒരാഴ്ച മഴയും ഒരാഴ്ച വെയിലും എന്ന തിരുവാതിര ഞാറ്റുവേലയിൽ ഒരാഴ്ച മഴ ലഭിച്ചത് അവസാനമാണ്. സാധാരണ തുടക്കത്തിലാണ് മഴ ലഭിക്കാറുള്ളത്. ജൂലൈ 6 ന് തിരുവാതിര ഞാറ്റുവേല അവസാനിക്കുകയും പുണർതം ഞാറ്റുവേല തുടങ്ങുകയും ചെയ്തു. ഞാറ്റുവേലകൾ പകൽ പിറന്നാൽ മഴ കുറയും എന്നാണ് പഴമക്കാരുടെ വിശ്വാസം. ജൂൺ 22 ബുധനാഴ്ച രാവിലെ 11.42 നാണ് ഇത്തവണ തിരുവാതിര ഞാറ്റുവേല പിറന്നത്. ജൂലൈ 6 നു രാവിലെ 11.13 ന് പുണർതം ഞാ്റ്റുവേല തുടങ്ങി. ഇതും പകലാണ് പിറന്നത്. ഈ മാസം 20 ന് പൂയം ഞാറ്റുവേല പിറക്കുന്നതും പകലാണ്.
#MetbeatWeather

കേരളത്തിലും ഗൾഫിലും ഇന്നത്തെ മഴ വിശകലനം

കേരളത്തിൽ കാലവർഷത്തിന്റെ ഭാഗമായ മഴ തുടരും. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത മഴ തുടരുന്ന വടക്കൻ കേരളത്തിൽ ഇന്ന് മഴക്ക് ഇടവേളകൾ ലഭിക്കും. നാളെയും വടക്കൻ കേരളത്തിന്റെ മലയോരമേഖലകളിൽ മഴ തുടരുമെങ്കിലും ദീർഘമായ ഇടവേളകൾക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ചയ്ക്കുശേഷം മഴ താൽക്കാലികമായി കുറയും. ശനി ഞായർ ദിവസങ്ങളിൽ വീണ്ടും മഴ സാധ്യത. തുടർന്ന് വീണ്ടും മഴക്ക് അല്പം ബ്രേക്ക് ലഭിക്കും. ബുധനാഴ്ചക്കുശേഷം വീണ്ടും മഴ ശക്തിപ്പെടാനും സാധ്യതയുണ്ട്.

വടക്കൻ കേരളത്തിൽ ജാഗ്രത

വടക്കൻ കേരളത്തിൽ കനത്ത മഴ തുടർന്ന് സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശം പിന്തുടരുന്നതാണ് സുരക്ഷിതം. കാസർകോട് കണ്ണൂർ ജില്ലകളിലെ പുഴകളെല്ലാം നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്. കോഴിക്കോട് ജില്ലയിലെ പുഴകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കിഴക്കൻ മേഖലയിൽ മഴ തുടരുന്നതിനാൽ പെട്ടെന്നുള്ള കുത്തൊഴുക്കും ജലനിരപ്പിൽ നേരിയ വ്യതിയാനവും പ്രതീക്ഷിക്കാം. തോടുകൾ അരുവികൾ എന്നിവിടങ്ങളിൽ കുളിക്കാൻ ഇറങ്ങുന്നതും സെൽഫി എടുക്കുന്നതും സുരക്ഷിതമല്ല. ലൈഫ് ജാക്കറ്റുകൾ ധരിക്കാതെ തോണിയിലോ മറ്റോ കടവ് കടക്കുന്നതും സുരക്ഷിതമല്ല.
മഴ കുതിർന്ന കിഴക്കൻ മേഖലകളിൽ മലയോര പ്രദേശങ്ങളിൽ അനാവശ്യ രാത്രികാല യാത്രകൾ ഒഴിവാക്കണം. ഇനിയുള്ള ദിവസങ്ങളിൽ കിഴക്കൻ മലയോര മേഖലയിലും മഴക്ക് ഇടവേളകൾ ലഭിക്കുന്നത് ആശ്വാസമാണ്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇന്ന് സാമാന്യം ശക്തമായ മഴ ഉച്ചക്ക് ശേഷം പ്രതീക്ഷിക്കാം. അറബിക്കടലിൽ വ്യാപകമായ മേഘരൂപീകരണം ഉണ്ട് . അന്തരീക്ഷത്തിൽ മൂന്നു കിലോമീറ്റർ വരെ ഉയരത്തിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. അതിനാൽ ഈ മേഘങ്ങൾ കരയിലെത്തിയാൽ തീർച്ചയായും മഴ ലഭിക്കാൻ കാരണമാകും.

ഗൾഫിലും മഴ തുടരുന്നു

ഒമാനിന്റെ കിഴക്കൻ പ്രദേശങ്ങളിൽ കേരളത്തിലെ വർഷക്കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള മഴക്ക് ഇന്നും സാധ്യതയുണ്ട്. ഇന്നലെ ഒമാനിലും യു.എ.ഇയിലും പലയിടങ്ങളിലായി ശക്തമായ മഴ റിപ്പോർട്ട് ചെയ്തിരുന്നു. സലാലയിലും മൺസൂൺ ശക്തിപ്പെടും. ഒമാനിന്റെ ഉൾനാടൻ പ്രദേശങ്ങളിലും യു.എ.ഇയിലും ഇടിയോടുകൂടിയുള്ള മഴക്കാണ് സാധ്യത. മഴക്കൊപ്പം ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ഒമാൻ, യു.എ.ഇ പൂർണ്ണമായും സൗദി അറേബ്യയുടെ കിഴക്കൻ മേഖലകളിലും ഇന്ന് മേഘാവൃതം ആകും. കിഴക്കൻ സൗദിയിൽ ദമാം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ താപനിലയിലും കുറവുണ്ടാകും.