ബിപര്‍ജോയ് കരയിലേക്ക്; ഗുജറാത്ത് തീരത്ത് റെഡ് അലര്‍ട്ട്

അറബിക്കടലില്‍ രൂപംകൊണ്ട ബിപര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. വ്യാഴാഴ്ച ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിലും അതിനോട് ചേര്‍ന്നുള്ള പാകിസ്ഥാന്‍ പ്രദേശത്തുമായി ചുഴലിക്കാറ്റ് കരതൊടും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 37000 ത്തോളം പേരെ ഇതുവരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

ഗുജറാത്തിന്റെ വിവിധ മേഖലകളില്‍ അതിശക്തമായ കാറ്റാണ് വീശുന്നത്. കച്ച്, ജുനാഗഡ്, പോര്‍ബന്തര്‍, ദ്വാരക എന്നിവടങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭമാണുള്ളത്. ബീച്ചുകളെല്ലാം അടച്ചിട്ടു. മുംബൈയിലും കടലില്‍ ഉയര്‍ന്ന തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിക്കുന്നുണ്ട്. ബിപര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ സൗരാഷ്ട്ര, ദ്വാരക, കച്ച് തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ആളുകള്‍ പരമാവധി വീടുകളില്‍ കഴിയണമെന്നാണ് അധികൃതരുടെ നിര്‍ദേശം. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകള്‍, കര-വ്യോമ-നാവിക സേനകള്‍ എന്നിവ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണ് എന്ന് സര്‍ക്കാര്‍ അറിയിച്ചു. ഗുജറാത്തിലെ കച്ച്, പോര്‍ബന്തര്‍, അമ്രേലി, ഗിര്‍ സോമനാഥ്, ദ്വാരക എന്നിവിടങ്ങളില്‍ രണ്ട് ദിവസത്തേക്ക് സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്.

തീരപ്രദേശത്തുള്ള ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു. ബിപര്‍ജോയ് ചുഴലി കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിന്റെ തീരപ്രദേശങ്ങളിലൂടെ ഓടുന്ന 95 ട്രെയിനുകള്‍ ജൂണ്‍ 15 വരെ റദ്ദാക്കുകയോ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുകയോ ചെയ്തിട്ടുണ്ടെന്ന് പശ്ചിമ റെയില്‍വേ അറിയിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എമര്‍ജന്‍സി സര്‍വീസ് കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് നടക്കാനിരുന്ന മന്ത്രിസഭാ യോഗം റദ്ദാക്കുകയും എല്ലാ മന്ത്രിമാരോടും അവരവരുടെ മണ്ഡലങ്ങളില്‍ തുടരാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment