പ്രളയക്കെടുതിയിൽ ബീഹാർ; യുപിയിൽ 9 മരണം കൂടി, കേരളത്തിൽ നാളെ മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
ബിഹാറിൽ പ്രളയക്കെടുതി രൂക്ഷമായി കൊണ്ടിരിക്കുന്നു . ബാഗ്മതി നദി കരകവിഞ്ഞൊഴുകിയതോടെ മുസഫർപുരിൽ നൂറോളം വീടുകൾ വെള്ളത്തിനടിയിലായിട്ടുണ്ട്. ഉത്തർപ്രദേശിൽ 9 ആളുകൾക്ക് കൂടി മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടു. അസമിലെ ചില മേഖലകളിൽ വെള്ളമിറങ്ങി തുടങ്ങിയത് ആശ്വാസമാണ്.
കുത്തിയൊഴുകിയെത്തിയ ബാഗ്മതി ഒറ്റ ദിവസം കൊണ്ട് മുസഫർപുരിലെ 18 പഞ്ചായത്തുകളെയാണ് വെള്ളത്തിൽ മുക്കിയത്. സ്കൂളും വീടും വ്യാപാര സ്ഥാപനങ്ങളും അടക്കം മേഖലയിലെ മിക്ക കെട്ടിടങ്ങളും മുങ്ങിപോയി. സംസ്ഥാനത്തെ റാപ്തി, ഗണ്ഡക് തുടങ്ങിയ നദികളും കരകവിഞ്ഞ് ഒഴുകുന്നു. തുടർച്ചയായി പൊളിഞ്ഞു വീഴുന്ന സാഹചര്യത്തിൽ പാലങ്ങളുടെയും കലുങ്കുകളുടെയും നിരീക്ഷണം ശക്തമാക്കി. മഴ കനത്ത ഉത്തർപ്രദേശിൽ ആകെ മരണം 74 ആയി ഉയർന്നു . 1300 ഓളം ഗ്രാമങ്ങൾ പ്രളയത്തിൽ ഒറ്റപ്പെട്ടു. അയോധ്യ, പിലിബിത്, ബറേലി, ഷാജഹാൻപുർ തുടങ്ങിയ ജില്ലകളെയാണ് പ്രളയം കൂടുതൽ ബാധിച്ചിട്ടുള്ളത്.
അതേ സമയം അസമിൽ സ്ഥിതി മെച്ചപ്പെട്ടു വരുന്നു . പലയിടത്തു നിന്നും പ്രളയജലം ഇറങ്ങി തുടങ്ങിയതായി അസം ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു .
നാളെ 3 ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകുന്നു. കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുന്നതും ന്യൂനമർദ പാത്തിയും ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നതാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് നാളെ 3 ജില്ലകളിലാണ് തീവ്ര മഴക്ക് സാധ്യതയുള്ളതെന്ന് കാലാവസ്ഥ വകുപ്പ് . ഈ ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലർട്ട് ഉള്ളത്. ഇന്ന് സംസ്ഥാനത്തെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. വയനാട് തൃശ്ശൂർ, കോട്ടയം ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.