ദിവസവും 30 മിനിറ്റ് ഇളം വെയിൽ കൊണ്ടാൽ ശരീരത്തിന് ഉണ്ടാകുന്ന ഗുണങ്ങൾ ഏറെ
ദിവസവും 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ഇളം വെയിൽ കൊണ്ടാൽ നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ച് അറിയാമോ?
സൂര്യരശ്മി തട്ടുമ്പോൾ നമ്മുടെ ശരീരത്തിന് ‘വൈറ്റമിൻ-ഡി’ എന്ന ജീവക വസ്തു ഉല്പാദിപ്പിക്കാൻ കഴിയും.നമ്മുടെ രക്തത്തിൽ അടങ്ങിയിട്ടുള്ള ‘എർഗോസ്റ്റിറോൾ’ എന്ന വസ്തുവിനെ വൈറ്റമിൻ-ഡി ആയി പരിവർത്തിപ്പിക്കാൻ സൂര്യരശ്മിക്ക് കഴിയും. നാമറിയാതെ നമ്മുടെ ശരീരം ഈ പ്രക്രിയ നടത്തുന്നുണ്ട്.
ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ, ജീവിതശൈലീ രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ, എല്ലുകൾക്കും പല്ലുകൾക്കും ശക്തിപകരാൻ… അങ്ങനെ ഒട്ടനവധി ഗുണങ്ങളുണ്ട് ഇളം വെയിൽ കൊള്ളുന്നതുകൊണ്ട്.
ശരീരത്തിനാവശ്യമായ ആയ വൈറ്റമിൻ ഡി യുടെ 80 ശതമാനവും സൂര്യപ്രകാശത്തിന്റെ സഹായത്തോടുകൂടി ശരീരം കൊളസ്ട്രോൾ തന്മാത്രകളിൽ നിന്ന് ഉണ്ടാക്കുന്നു. ബാക്കി ഇരുപത് ശതമാനം മാത്രമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ളത്.
വൈറ്റമിൻ ഡി ശരീരത്തിൻറെ പ്രവർത്തനത്തിൽ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. നിർഭാഗ്യവശാൽ ഇന്ത്യയിൽ 80 ശതമാനത്തിലധികം പേർക്കും വൈറ്റമിൻ ഡി യുടെ കുറവ് ഉണ്ട് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
വൈറ്റമിൻ ഡി യുടെ ഗുണങ്ങൾ, കുറഞ്ഞാലുള്ള ബുദ്ധിമുട്ടുകൾ
എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിനും ഉറപ്പിനും ആവശ്യമായ കാൽസ്യത്തിന്റെ ആഗിരണത്തിനും ഫോസ്ഫേറ്റിന്റെ അളവ് നിയന്ത്രിക്കുന്നതിനും വൈറ്റമിൻ ഡി ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു.
അതുകൊണ്ടുതന്നെ വൈറ്റമിൻ ഡി യുടെ അഭാവം എല്ലുകളുടെയും പല്ലുകളുടെയും ശക്തിക്ഷയത്തിനും തേയ്മാനത്തിനും കാരണമാകുന്നു. എല്ലുകളിലും പേശികളിലും ഉണ്ടാകുന്ന വേദന ആയിട്ടാണ് ഇത് പ്രകടമാകുന്നത്. കുട്ടികളിൽ എല്ലുകളുടെ വളർച്ചയെ ഇത് ബാധിക്കും.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ വൈറ്റമിൻ ഡി പ്രധാന പങ്കു വഹിക്കുന്നു. അതുകൊണ്ടുതന്നെ വൈറ്റമിൻ ഡി കുറഞ്ഞവരിൽ ഫ്ലൂ , അണുബാധ എന്നിവ പെട്ടെന്ന് വരുന്നു. അലർജി കൂടുതലായും കണ്ടു വരുന്നു.
ജീവിതശൈലി അസുഖങ്ങളിൽ നിന്നും ശരീരത്തെ നിയന്ത്രിച്ചു നിർത്തുന്നതിൽ വൈറ്റമിൻ ഡി പ്രധാന പങ്കുവഹിക്കുന്നു. കൊളസ്ട്രോൾ ,ഷുഗർ എന്നിവ നിയന്ത്രിക്കാനും ഇതുവഴി ഹൃദ്രോഗത്തിൽ നിന്നും ഡയബറ്റിസിന്റെ സങ്കീർണതകളിൽ നിന്നും ശരീരത്തെ പ്രതിരോധിച്ച് നിർത്താനും വൈറ്റമിൻ ഡി സഹായിക്കുന്നു. കൂടാതെ അമിത വണ്ണം കുറയാൻ സഹായിക്കുന്നു.
കാരണമില്ലാതെ ഉണ്ടാവുന്ന മാനസികസംഘർഷത്തിനും വിഷാദരോഗത്തിനും ആകുലതകൾക്കും വൈറ്റമിൻ ഡിയുടെ കുറവ് ഒരു പ്രധാന കാരണമാണ്. മാനസികാരോഗ്യം നിലനിർത്തുന്നതിൽ വൈറ്റമിൻഡി കാതലായ പങ്കുവഹിക്കുന്നു. വെയിൽ കൊള്ളാതെ അടച്ച റൂമുകളിൽ ജോലിചെയ്യുന്നവർക്ക് മാനസിക സംഘർഷം വരാനും ഉറക്കക്കുറവ് അനുഭവപ്പെടാനും വൈറ്റമിൻ ഡിയുടെ കുറവ് ഒരു കാരണമായി പഠനങ്ങൾ തെളിയിക്കുന്നു.
കാൻസർ, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, സ്ത്രീകളിലുണ്ടാകുന്ന സ്തനാർബുദം എന്നിവ പ്രതിരോധിക്കുന്നതിൽ വൈറ്റമിന് പങ്കുണ്ടെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.
ഇളംവെയിൽ കൊള്ളൽ എപ്പോൾ വേണം
രാവിലെയും വൈകിട്ടും ഉള്ള ഇളംവെയിലാണ് ആരോഗ്യപരിപാലനത്തിന് ഏറ്റവും യോജിച്ചത്. വൈറ്റമിൻ Dയുടെ നിർമ്മിതി മാത്രമല്ല സൂര്യരശ്മി ചെയ്യുന്നത്. നമ്മുടെ ചർമ്മകോശങ്ങളിൽ ഉന്മേഷദായകങ്ങളായ അനവധി രാസപ്രവർത്തനങ്ങൾക്ക് സൂര്യരശ്മി കാരണമാകുന്നു.
രക്തത്തിലെ ഹീമോ ഗ്ലോബിൻ (ഇരുമ്പ് അടങ്ങിയ ഒരു സവിശേഷമാംസ്യം) വർദ്ധിക്കാനും തന്മൂലം ഭക്ഷണവസ്തുക്കളിൽ നിന്നും രക്തത്തിലേയ്ക്കു പകരാനിടയുള്ള വിഷവസക്കളെ നിർവീര്യപ്പെടുത്താനും സൂര്യരശ്മികൾ സഹായിക്കും. മനുഷ്യശരീരത്തിലെ അന്തസ്രാവഗ്രന്ഥികളിൽ പ്രമുഖമായ തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിന് സൂര്യ രശ്മികൾക്ക് പങ്കുണ്ട്.
എത്രയാണ് വൈറ്റമിൻ ഡി യുടെ ശരിയായ അളവ്.
25 ഹൈഡ്രോക്സി വൈറ്റമിൻ ഡി യുടെ രക്തത്തിലെ അളവാണ് ഇതിനുവേണ്ടി പരിശോധിക്കുന്നത്. 800 രൂപ മുതൽ 1200 രൂപ വരെയാണ് ആണ് ഈ ഒരു ടെസ്റ്റിന്റെ ചെലവ്. 20 നാനോ മില്ലിലിറ്റർ മുതൽ 50 നാനോ മില്ലി ലിറ്റർ വരെയാണ് ആണ് ഈ വൈറ്റമിൻ ശരീരത്തിൽ ആവശ്യമുള്ളത്. ഇത് ഇരുപതിൽ താഴെ വരുമ്പോൾ ആണ് വൈറ്റമിൻ ഡിയുടെ കുറവുണ്ട് എന്ന് പറയുന്നത്.
വൈറ്റമിൻ ഡി യുടെ യുടെ അപര്യാപ്തത ശരീരം എങ്ങനെയാണ് പ്രകടിപ്പിക്കുന്നത്?
ശാരീരിക ക്ഷീണം,എല്ലുകളിലും പല്ലുകളിലും വേദന ബലക്ഷയം, തേയ്മാനം എന്നിവയും ഇടക്കിടെ വരുന്ന പനി, അണുബാധ, മുടികൊഴിച്ചിൽ , മാനസിക സംഘർഷം, വിഷാദം , ഉറക്കമില്ലായ്മ എന്നിങ്ങനെ പലവിധ ലക്ഷണങ്ങളോട് കൂടിയാണ് ശരീരം വൈറ്റമിൻ ഡി യുടെ അപര്യാപ്തത പ്രകടിപ്പിക്കുന്നത്.
വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ
പ്രധാനമായും മാംസാഹാരങ്ങളിൽ ആണ് വൈറ്റമിൻ ഡി കൂടുതൽ അടങ്ങിയത്. മത്സ്യങ്ങൾ, മീൻമുട്ട, പാൽ, പാലുത്പന്നങ്ങൾ, വെണ്ണക്കട്ടി മുതലായവയിലും ഓറഞ്ച്, സോയാബീൻ, കൂൺ എന്നീ ഭക്ഷണങ്ങള്ളിലും വൈറ്റമിൻ ഡി കൂടുതലായി കാണുന്നു.
എന്നാൽ വൈറ്റമിൻ ഡി യുടെ അനാവശ്യ സപ്ലിമെന്റേഷനും നല്ലതല്ല. വൈറ്റമിൻ ഡി യു ടെ കുറവുണ്ടെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാണ് ഡോസ് തീരുമാനിക്കേണ്ടത്. സാധ്യത വിരളമാണെങ്കിലും സപ്ലിമെന്റേഷൻ അധികമായാൽ ഉണ്ടാകുന്ന ഹൈപ്പർ വിറ്റാമിനസിസ് എന്ന അവസ്ഥ അപകടകരമാണ്.