കേരളത്തിലെ 60 ശതമാനം സമുദ്രതീരങ്ങളും ശോഷിക്കുന്നതായി എൻ.സി.എസ്.സി.എം. റിപ്പോർട്ട്

കേരളത്തിലെ 60 ശതമാനം സമുദ്രതീരങ്ങളും ശോഷിക്കുന്നതായി എൻ.സി.എസ്.സി.എം. റിപ്പോർട്ട്

കേരളത്തിലെ 60 ശതമാനം സമുദ്രതീരങ്ങളും ശോഷിക്കുന്നതായി നാഷണൽ സെന്റർ ഫോർ സസ്റ്റെയ്നബിൾ കോസ്റ്റൽ മാനേജ്മെന്റിന്റെ (എൻ.സി.എസ്.സി.എം.) റിപ്പോർട്ട്.

22 തീരങ്ങളിൽ ആലപ്പുഴ, ചെറായി, ഫോർട്ട് കൊച്ചി, ഹവാ, കാഞ്ഞങ്ങാട്, കാപ്പാട്, കാപ്പിൽ, കോവളം, കോവളം ലൈറ്റ് ഹൗസ്, സമുദ്ര, ശംഖുംമുഖം, സ്നേഹതീരം, തിരുമുല്ലവാരം ഉൾപ്പെടെ 13 തീരങ്ങളും കടലെടുക്കുകയാണ്. ആലപ്പുഴ, കാപ്പാട്, തിരുമുല്ലവാരം എന്നിവിടങ്ങളിൽമാത്രമാണ് ചെറിയതോതിലെങ്കിലും മണ്ണ് തിരികെ നിക്ഷേപിക്കപ്പെടുന്നത്.

രാജ്യശരാശരിയെക്കാൾ (33.6 ശതമാനം) ഇരട്ടിയാണിത്. പ്രകൃതിയുടെയും മനുഷ്യരുടെയും പ്രവർത്തനങ്ങളുടെ സംയോജിതഫലമാണ് മാറ്റങ്ങൾക്കുകാരണമെന്നാണ് വിദഗ്ധാഭിപ്രായം.

തീരശോഷണം ആവാസവ്യവസ്ഥയെ തകിടംമറിക്കുമെന്ന് നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻ.സി.സി.ആർ.) ഉദാഹരണസഹിതം വ്യക്തമാക്കുന്നു. തീരത്തെ വീടാക്കി ജീവിക്കുന്ന ഞണ്ടുകൾ, മുട്ടയിടാൻ ഉപയോഗിക്കുന്ന കടലാമകൾ തുടങ്ങിയ കടൽജീവികളുടെ ജീവിതചക്രം തെറ്റും.

ഇതോടെ ഇവയുടെ എണ്ണംകുറയും. കടലാമകളുടെ കുറവ് അവ ഭക്ഷണമാക്കുന്ന കടൽച്ചൊറിപോലുള്ളവയുടെ എണ്ണംകൂട്ടും. മത്സ്യബന്ധനത്തെയും മറ്റുമീനുകളുടെ ആവാസവ്യവസ്ഥയെയും ഇതു തകർക്കും. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗവും നഷ്ടപ്പെടും.

കാലവർഷത്തിൽ തിരമാലകളുടെ ശക്തിയും ഉയരവും കൂടും. തരംഗപ്രവർത്തനങ്ങളിലും വ്യത്യാസമുണ്ടാകും. ഇതോടെ തീരത്തെ മണൽ കടലെടുക്കും. എന്നാൽ, പടിഞ്ഞാറൻ തീരങ്ങളിൽ വേനൽക്കാലത്ത് വടക്ക്-തെക്കുള്ള തീരതരംഗത്തിൽ മണൽ തിരികെ നിക്ഷേപിക്കപ്പെടും.

സ്വാഭാവികമായ ഈ പ്രക്രിയ ഇപ്പോൾ നടക്കുന്നില്ല. ഇത് കടൽജീവികളെയും മത്സ്യത്തൊഴിലാളികളെയും ബാധിക്കുമെന്ന് സമുദ്രഗവേഷണസ്ഥാപനമായ കൊച്ചി നൻസൻ എൻവയൺമെന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. അജിത്ജോസഫ് പറഞ്ഞു.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment