മഴയ്ക്കും വെള്ളപ്പൊക്കത്തിന് ശേഷം ഓസ്ട്രേലിയയിൽ ചൂട് കൂടുന്നു. കഠിനമായ ചൂട് ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്ത് തീപിടുത്തത്തിന് കാരണമായി. സിഡ്നിയിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ് തീ പിടുത്തം ഉണ്ടായത്. അഗ്നിശമനസേന മുന്നറിയിപ്പ് നൽകി.
രണ്ടു വർഷത്തിനുശേഷം ഈ മേഖലയിലെ ആദ്യത്തെ അടിയന്തര അഗ്നിശമന മുന്നറിയിപ്പാണിത്. അഗ്നിശമന സേനാംഗങ്ങൾ പത്ത് പതിനഞ്ച് മീറ്റർ ഉയരത്തിൽ നിന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഓസ്ട്രേലിയയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം ആണ് ന്യൂ സൗത്ത് വെയിൽ . പ്രദേശത്തെ താമസക്കാരോട് ഉടനെ തന്നെ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ ചില വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. 2021 ജനുവരിക്ക് ശേഷം ആദ്യമായി സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ താപനില 40 ഡിഗ്രി എത്തി. ചൊവ്വാഴ്ച സംസ്ഥാനത്ത് ഉടനീളം 33 തീപിടുത്തങ്ങൾ ഉണ്ടായി. ഇതിൽ പത്തെണ്ണം നിയന്ത്രണ വിധേയമായിട്ടില്ലെന്ന് അഗ്നിശമനസേന അറിയിച്ചു.
ശക്തമായ കാറ്റാണ് തീ അതിവേഗം പടരാൻ കാരണമെന്ന് എൻ എസ് ഡബ്ലിയു അറിയിച്ചു.കിഴക്കൻ മേഖലയിൽ ഉടനീളം ഇടിമിന്നലിന് സാധ്യതയുണ്ടെന്നും ഇത് പുതിയ തീപിടുത്തങ്ങൾക്ക് കാരണമായേക്കുമെന്നും ബ്യൂറോ ഓഫ് മെറ്റീരിയോളജിമുന്നറിയിപ്പ് നൽകി. ചൂടും വരണ്ട കാലാവസ്ഥയും ബുധനാഴ്ച വരെയും നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.