മീൻ ചത്തുപൊങ്ങിയതിന് പിന്നിൽ കാലാവസ്ഥ വ്യതിയാനവും കാരണം
കൊല്ലം അഷ്ടമുടിക്കായലിൽ ഒക്ടോബർ അവസാനവാരത്തോടെ മീനുകൾ കൂട്ടമായി ചത്തുപൊങ്ങിയതിനു പിന്നിൽ കാലാവസ്ഥാ വ്യതിയാനവും കാരണമാകാമെന്ന് വിദഗ്ധർ. ഫിഷറീസ് സർവകലാശാലയിലെ ഗവേഷണവിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കായൽ വെള്ളത്തിൽ സാധാരണ അനുവദനീയമായതിൽ കൂടുതൽ അമോണിയയുടെയും നൈട്രേറ്റുകളുടെയും സാന്നിധ്യം കണ്ടെത്തി. ജൈവമാലിന്യങ്ങൾ തള്ളുന്നതുകൊണ്ടുമാത്രം പെട്ടെന്നൊരു ദിവസം മീനുകൾ കൂട്ടമായി ചത്തുപൊങ്ങാനിടയില്ലെന്നാണ് ഫിഷറീസ് അധികാരികളുടെ നിഗമനം.
അമോണിയയുടെ അളവ് സാധാരണ കാണുന്നതിന്റെ 50 ഇരട്ടിയും നൈട്രേറ്റുകളുടെ അളവ് 10 ഇരട്ടിയുമാണ് കണ്ടെത്തിയത്. ‘ആൽഗൽ ബ്ലൂം’ എന്ന പായൽ പരക്കുന്ന പ്രതിഭാസം കാരണം വെള്ളത്തിൽ ഓക്സിജന്റെ അളവ് ഗണ്യമായി കുറഞ്ഞതുകൊണ്ടാണ് മീൻ കൂട്ടമായി ചത്തതെന്നായിരുന്നു പ്രാഥമിക പരിശോധനയിലെ നിഗമനം.
വിശദമായി വിഷയത്തെപ്പറ്റി പഠിക്കാൻ പിന്നീട് ഫിഷറീസ് സർവകലാശായെ ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തുകയായിരുന്നു. മീൻ കൂട്ടത്തോടെ ചത്തുപൊങ്ങിയ കടവുകളിലെ വെള്ളത്തിന്റെ സംപിളുകൾ അന്നു തന്നെ ഗവേഷകർ ശേഖരിച്ചിരുന്നു.
ആൽഗേ ബ്ലും എന്നാൽ ?
കുറഞ്ഞ സമയത്തിനുള്ളിൽ വലിയ തോതിൽ ആൽഗകൾ പെരുകുന്നതാണ് ആൽഗൽ ബ്ളൂം പ്രതിഭാസം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ശൗചാലയ മാലിന്യമുൾപ്പെടെ കായലിൽ തള്ളുന്നത് വെള്ളത്തെ മലിനമാക്കുന്നുണ്ട്. ഇതിനൊപ്പമാണ് അമോണിയ, നൈട്രേറ്റുകൾ തുടങ്ങിയ രാസവസ്തു സാന്നിധ്യം വലിയ തോതിൽ കായൽ വെള്ളത്തിലെത്തിയത്. ലവണാംശവും കൂടുതലായി കണ്ടെത്തിയിരുന്നു.
അമോണിയയും നൈട്രേറ്റുകളും വലിയ അളവിൽ കൂടുന്നത് മീനുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ തകിടംമറിക്കുന്നതാണ്. ഇത് ആൽഗെക്ക് പെട്ടെന്ന് വളരാൻ സാഹചര്യമൊരുക്കുകയും ചെയ്യും. കാലാവസ്ഥാവ്യതിയാനം കാരണം അടിക്കടിയുണ്ടാകുന്ന ശക്തമായ മഴ ഇനിയും ഇതുപോലുള്ള ആൽഗൽ ബ്ളൂമിനു കാരണമാകുമെന്നാണ് വിലയിരുത്തൽ.
മീൻ ചത്തു പൊങ്ങുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പെയ്ത മഴയിൽ കല്ലടയാറ്റിലെ വെള്ളം കുത്തിയൊലിച്ച് കായലിലേക്ക് ഒഴുകിയിരുന്നു. ഈ ഒഴുക്കുവെള്ളമാണ് അമോണിയയും നൈട്രേറ്റുകളും കായൽവെള്ളത്തിൽ വലിയ തോതിൽ കൂടാനിടയാക്കിയത്.
ഞുണ്ണ, നെത്തോലി തുടങ്ങി ചെറുമത്സ്യങ്ങളാണ് അന്ന് ചത്തുപൊങ്ങിയതിൽ ഏറെയും. മങ്ങാട്, കണ്ടൻച്ചിറ, ആശ്രാമം, കടവൂർ കുതിരക്കടവ്, മുട്ടത്തുമൂല, മതിലിൽ എന്നീ കടവുകളിലാണ് മീനുകൾ കൂട്ടമായി ചത്തുപൊങ്ങിയത്.