ചൂടും മഴയും തീവ്രമാകുന്നതിനൊപ്പം ചുഴലിക്കാറ്റുകളുടെ വേഗവും വർദ്ധിക്കുന്നു
അറ്റ്ലാൻ്റിക് ചുഴലിക്കാറ്റുകളുടെ വേഗതയും തീവ്രതയും വർധിക്കുന്നു. കാലാവസ്ഥാ വ്യതിയാനമാണ് കാരണമെന്നാണ് പഠനം. അമേരിക്കയുടെ നാഷണൽ വെതർ സർവീസിന്റെ കാറ്റ് നിരീക്ഷിക്കുകയും വേഗത കണക്കാക്കി തരംതിരിക്കുകയും ചെയ്യുന്ന സഫീർ-സിംപ്സൺ ഹരികെയ്ൻ സ്കെയിലിലെ മാറ്റങ്ങൾ പരിശോധിച്ചതാണ്. പഠനം പ്രസിദ്ധീകരിച്ചത് നവംബർ 20ന് എൻവൈയോൺമെന്റ് റിസർച്ചിലാണ് .
2019 മുതൽ 2023 വരെ, കാലാവസ്ഥാ വ്യതിയാനം കാരണം ചുഴലിക്കാറ്റുകളുടെ പരമാവധി വേഗത മണിക്കൂറിൽ ശരാശരി 29 കിലോമീറ്റർ (മണിക്കൂറിൽ 18 മൈൽ) വർധിച്ചതായി പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു . കാലാവസ്ഥാ വ്യതിയാനം ഭൂമധ്യരേഖയെ ചൂടുപിടിപ്പിക്കുമ്പോൾ, സ്വാഭാവികമായി ആ ചൂട് ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് പുനർവിതരണം ചെയ്യാൻ ശ്രമിക്കുന്നതിന്റെ ഫലമാണ് ചുഴലിക്കാറ്റുകളുടെ വേഗത വർധിക്കാൻ കാരണമെന്ന് ഒർലാൻഡോ കാലാവസ്ഥാ കേന്ദ്രത്തിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡാനിയൽ ഗിൽഫോർഡ് പറഞ്ഞു.
അടുത്തിടെയുണ്ടായ കൊടുങ്കാറ്റുകളുടെ വേഗതയിൽ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ സ്വാധീനം കണ്ടെത്താൻ ഗിൽഫോർഡും സഹപ്രവർത്തകരും പുതിയ രീതി വികസിപ്പിച്ചെടുത്തിട്ടുണ്ട് . ഒരു നൂറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന സമുദ്രോപരിതല താപനില പഠിച്ചും കാലാവസ്ഥാ വ്യതിയാനം ആരംഭിക്കുന്നതിന് മുമ്പും ശേഷവും വടക്കൻ അറ്റ്ലാൻ്റിക് സമുദ്രത്തിലെ കാറ്റുകളുടെ വേഗതയെക്കുറിച്ചും പഠിച്ച് സമീപ കാലത്തുണ്ടാകുന്ന ചുഴലിക്കാറ്റുകളുടെ വേഗത പ്രവചിച്ചിട്ടുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനം കാറ്റുകളുടെ വേഗതയെ സ്വാധീനിക്കുന്നുവെന്ന നിഗമനം ശരിയാണെന്ന് തെളിഞ്ഞത് ചുഴലിക്കാറ്റുകള്‍ ഇവർ പ്രവചിച്ച വേഗത കൈവരിച്ചതോടെയാണ് .