വയനാട്ടിൽ 5 വർഷം കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചെന്ന് അമിക്വസ് ക്യൂറി റിപ്പോർട്ട്
വയനാട്ടിൽ 5 വർഷം കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാനിൽ പറഞ്ഞിരുന്നുവെന്നും വയനാട്ടിലെ 29 വില്ലേജുകൾ പ്രശ്ന ബാധിത പ്രദേശമാണെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് അമിക്വസ് ക്യൂറി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മുന്നറിയിപ്പുകൾ അവഗണിച്ചു എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് അമിക്വസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ചത്. വയനാട്ടിൽ അഞ്ചുവർഷത്തേക്കാണ് മുന്നറിയിപ്പ് നൽകിയിരുന്നത് എന്നാണ് അമിക്വസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നത്. മുന്നറിയിപ്പുകൾ ഉണ്ടായിട്ടും ആവശ്യമായ മുൻകരുതലുകൾ എടുക്കാത്തതാണ് വലിയ ദുരന്തത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ ഉണ്ട്.
ഓറഞ്ച് ബുക്കിൽ ഉൾപ്പെട്ട പ്രദേശമായിരുന്നിട്ടും ശാസ്ത്രീയമായി മഴയുടെ തോത് കണ്ടെത്താൻ കഴിഞ്ഞില്ല. ജനങ്ങളെ മാറ്റി പാർപ്പിക്കാൻ സംവിധാനം ഇല്ലാത്തതാണ് ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ആവശ്യമായ മുൻകരുതലുകൾ എടുക്കാതെ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി ഇത്രയും വർധിപ്പിച്ചത് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
പീച്ചി ഡാം തുറന്നുവിട്ടതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്
തൃശ്ശൂർ പീച്ചി ഡാം തുറന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്. തൃശൂർ സബ് കലക്ടറുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്നാണ് സബ് കലക്ടറുടെ റിപ്പോർട്ടിൽ ഉള്ളത് . റൂൾ കർവ് പിന്നിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ഡാം തുറന്നില്ലെന്നാണ് സബ് കലക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ജുലൈ 29 ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് ഡാം തുറന്നപ്പോൾ ആറിഞ്ച് മാത്രമാണ് ഉയർത്തിയത്. പിന്നീട് നാലു ഷട്ടറുകളും 15 മണിക്കൂറിനിടെ 72 ഇഞ്ച് വീതം തുറക്കുകയായിരുന്നു . ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നത്. ഇതേ തുടർന്ന് മണലി പുഴയുടെ തീരത്തുള്ള ആയിരകണക്കിന് വീടുകളിൽ വെള്ളം കയറിയിട്ടുണ്ടായിരുന്നു. ഡാം തുറന്നതിലെ വീഴ്ച മൂലമാണ് നിരവധി നാശനഷ്ടങ്ങൾ ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പുറത്തുവിട്ടത് വിവരാവകാശ നിയമപ്രകാരമാണ്. റിപ്പോർട്ട് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ സമർപ്പിച്ചത് കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്താണ് .
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page