യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് വിമാനടിക്കറ്റ് കുത്തനെ കുറച്ചു, നാലംഗ കുടുംബത്തിന് 25,000 രൂപയില്‍ നാട്ടിലെത്താം
ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കുത്തനെ കൂട്ടിയ വിമാന നിരക്ക് കുറച്ചു. യു.എ.ഇയില്‍ നിന്ന് നാലംഗ കുടുംബത്തിന് നാട്ടിലെത്താന്‍ ഇപ്പോഴത്തെ നിരക്കനുസരിച്ച് 25,000 രൂപയില്‍ താഴെ മതിയാകും. 6000 രൂപ മുതല്‍ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. വരും ദിവസങ്ങളിലും ഈ നിരക്കില്‍ തന്നെയാകും ടിക്കറ്റുകള്‍.
6000 രൂപയാണ് പൊതുവെയുള്ള നിരക്കെങ്കിലും ചില സര്‍വിസുകളിലെ അവശേഷിക്കുന്ന ടിക്കറ്റുകള്‍ക്ക് ഇതിലും കുറവ് തുക നല്‍കിയാല്‍ മതി. ക്രിസ്മസ് അവധിക്കാലത്തെ തുകയുമായി താരതമ്യപ്പെടുത്തിയാല്‍ അഞ്ചിലൊന്നായി ടിക്കറ്റ് ചാര്‍ജ് കുറഞ്ഞു.
ഓരോ വിമാനക്കമ്പനിയും നല്‍കുന്ന സേവനം അനുസരിച്ച് നിരക്കില്‍ നേരിയ വ്യത്യാസമുണ്ടാകും. കുറഞ്ഞ നിരക്കില്‍ നാലംഗ കുടുംബത്തിനു കൊച്ചിയിലേക്ക് (വണ്‍വേ) കുറഞ്ഞത് 25,000 രൂപ മതി. 3 ആഴ്ചയ്ക്കു മുന്‍പ് ഒരു ടിക്കറ്റിനു മാത്രം ഇത്ര രൂപയാകുമായിരുന്നു.
ഇന്നത്തെ നിരക്ക്
ഇന്ന് അബുദാബി- കൊച്ചി യാത്രയ്ക്ക് ഓണ്‍ലൈന്‍ വഴി ടിക്കറ്റിന് കുറഞ്ഞ നിരക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസിനായിരുന്നു 5,978 രൂപ (264 ദിര്‍ഹം). വരും ദിവസങ്ങളിലും ഇതേ നിരക്കുതന്നെയാകും. 30 കിലോ ലഗേജും 7 കിലോ ഹാന്‍ഡ് ബാഗേജും ഉള്‍പ്പെടെയുള്ള നിരക്കാണിത്. എന്നാല്‍ എയര്‍ലൈനിന്റെ സൈറ്റില്‍ നേരിട്ട് റജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ 6,107 രൂപയാണ് (270 ദിര്‍ഹം) കാണിച്ചത്. ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇതിലും കുറഞ്ഞ നിരക്ക് കാണിക്കുന്നുണ്ടെങ്കിലും അതില്‍ ലഗേജ് ഉള്‍പ്പെടുമോയെന്ന് വ്യക്തമല്ല. അബുദാബിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ നാട്ടിലെത്താനുള്ള നിരക്ക് 6,166 രൂപ (272.59 ദിര്‍ഹം) മാത്രം നല്‍കിയാല്‍ മതിയാകും. അബൂദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് നിരക്ക് എയര്‍ഇന്ത്യ എക്്പ്രസിന് 5,978 രൂപയായി.
ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യയില്‍ കൊച്ചിയിലേക്ക് 9,588 രൂപയാണ് (423 ദിര്‍ഹം) ഇപ്പോള്‍ ഈടാക്കുന്നത്. സ്‌പൈസ് ജെറ്റിലും ഇന്‍ഡിഗോയിലും 10,000 രൂപയ്ക്ക് (442 ദിര്‍ഹം) മുകളിലാണ് നിരക്ക്. വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ തിരക്ക് കൂടുതലുള്ളതിനാല്‍ നിരക്കും കൂടും. എമിറേറ്റ്‌സ് ഉള്‍പ്പെടെ വിദേശ എയര്‍ലൈനുകളില്‍ ഉയര്‍ന്ന നിരക്ക് തുടരുകയാണ്. ഇന്ത്യന്‍ കമ്പനികളാണ് നിരക്ക് കുറച്ചത്.
അതേസമയം, നാട്ടില്‍ നിന്നെത്താന്‍ ഉയര്‍ന്ന നിരക്ക് ുടരുകയാണ. ഇന്ന് കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ 26,454 രൂപയാണ് നിരക്ക്. എയര്‍ ഇന്ത്യയില്‍ 29,962 രൂപയും. സ്‌പൈസ് ജെറ്റിലും ഇന്‍ഡിഗോയിലും 30,000 രൂപയ്ക്കു മുകളിലാണ് വണ്‍വേ നിരക്ക്. നാലംഗ കുടുംബത്തിനു വണ്‍വേ ടിക്കറ്റിനു 1-1.25 ലക്ഷം രൂപയാകും. യാത്രക്കാരുടെ തിരക്കിനനുസരിച്ച് കൂടുതല്‍ വിമാന സര്‍വീസ് ഇല്ലാത്തതും നിരക്ക് ഉയര്‍ത്താന്‍ കാരണം. കേരളത്തിലേക്കും തിരിച്ചുമുള്ള വിമാനസര്‍വിസുകളാണ് പലപ്പോഴും പ്രവാസികളെ കൊള്ളയടിക്കുന്നത്. യൂറോപ്, മലേഷ്യ തുടങ്ങിയ വിനോദസഞ്ചാര മേഖകളിലേക്ക് ഇത്രയും നിരക്കില്ല എന്നതാണ് വസ്തുത.