ചിലരെ കൊതിപ്പിച്ചും ചിലരെ ആശങ്കപ്പെടുത്തിയും എഐ : കോഴിക്കോട് ഇങ്ങനെയൊരു മഞ്ഞുകാലം വരുമോ?
കനത്തു പെയ്യുന്ന മഞ്ഞ്… കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കമ്പിളിക്കുപ്പായം പുതച്ച് വന്നിറങ്ങുന്ന യാത്രക്കാരുടെ തിരക്ക്.. ബീച്ചിൽ ഇരമ്പലോടെ അടിച്ചു കയറുന്ന ശീതക്കാറ്റ് തുടങ്ങി… സരോവരത്തു മഞ്ഞിൽ പൊതിഞ്ഞ് ഉയർന്നു നിൽക്കുന്ന മരങ്ങൾ വരെ .. കോഴിക്കോടിന്റെ മഞ്ഞുകാലം. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായ എഐ വിഡിയോയിലെ മഞ്ഞുകാലത്തെ കുറിച്ചാണ് പറഞ്ഞത്. ഇത് കോഴിക്കോട്ടുകാരെ അമ്പരപ്പിച്ചത് കുറച്ചൊന്നുമല്ല.
ഈ കാഴ്ചകൾ എഐ ആണെങ്കിലും എല്ലാ കോഴിക്കോട്ടുകാരുടെയും മനസ്സിൽ ഒരു ചോദ്യമുയർന്നു. ‘‘കാലാവസ്ഥ വ്യതിയാനം അനുദിനം വർദ്ധിച്ചുവരുന്ന ഈ കാലത്ത് ഇങ്ങനെയൊരു മഞ്ഞുകാലം വരുമോയെന്ന് ? ’’
100 വർഷം കഴിഞ്ഞാൽ കോഴിക്കോട് അതുപോലെയാകുമെന്നും അപ്പോൾ യൂറോപ്പ് പോലെയാകുമെന്നും ചിലർ കമന്റ് ചെയ്യുന്നു . അതൊന്നും വേണ്ട ഇപ്പോഴുള്ള കോഴിക്കോട് തന്നെ മതിയെന്നു മറ്റൊരു കൂട്ടർ പറയുന്നു. എന്തായാലും അത്തരമൊരു സാധ്യതയെ തള്ളിക്കളയാൻ കഴിയില്ലെന്നാണ് അന്തരീക്ഷ പഠന വിദഗ്ധർ പറയുന്നത്.