കാർഷിക മേഖലയിലെ ശാസ്ത്രജ്ഞർ കർഷകരുമായി ആശയവിനിമയം നടത്തും
കാർഷിക മേഖലയിലെ വിദഗ്ധരും ശാസ്ത്രഞ്ജരും കർഷകരുമായി സംവദിക്കാൻ സംവിധാനം ഒരുക്കുന്നു.
കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയവും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലും സംയുക്തമായി കർഷകരോട് സംവദിക്കാൻ ‘വികസിത് കൃഷി സങ്കല്പ് അഭിയാൻ’ പ്രചാരണയത്നത്തിന് തുടക്കമിടുന്നു. രാജ്യത്തുടനീളമുള്ള എഴുന്നൂറിലധികം ജില്ലകളിൽ മെയ് 29 മുതൽ ജൂൺ 12 വരെ ഇതോടനുബന്ധിച്ചുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്ന് കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
ഈ കാലയളവിൽ കാർഷിക മേഖലയിലെ ശാസ്ത്രജ്ഞരും, ഉദ്യോഗസ്ഥരും ജീവനക്കാരും പ്രാദേശിക കർഷകരുമടങ്ങിയിട്ടുള്ള ടീമുകൾ രൂപീകരിച്ച് എല്ലാ ദിവസവും വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് കർഷകരുമായി ആശയവിനിമയം നടത്തും. കേന്ദ്ര സർക്കാരിന്റെ ‘ലാബ് ടു ലാൻഡ്’ എന്ന ആശയത്തിലൂന്നിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
കാർഷിക മേഖല വികസിപ്പിക്കുകയും കർഷകർക്ക് അതിന്റെ നേരിട്ടുള്ള നേട്ടം ലഭിക്കുകയും ചെയ്യുക എന്നതാണ് വികസിത് കൃഷി സങ്കല്പ് അഭിയാനു പിന്നിലെ ലക്ഷ്യമെന്ന് ഡൽഹിയിൽ ഇതോടനുബന്ധിച്ച് നടന്ന ഉന്നതതല യോഗത്തിൽ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
പ്രചാരണത്തിലുടനീളം, സാങ്കേതിക വിദ്യകൾ, പുതിയ ഇനങ്ങൾ, സർക്കാർ പദ്ധതികൾ എന്നിവയെക്കുറിച്ച് കർഷകർക്കിടയിൽ അവബോധം സൃഷ്ടിക്കും. പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുക എന്നതും ലക്ഷ്യമാണ്. ഓരോ ജില്ലയിലും കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, കാർഷിക ഗവേഷണ സ്ഥാപനങ്ങൾ, കൃഷി വകുപ്പ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്‌ഥരും അടങ്ങുന്ന മൾട്ടി ഡിസിപ്ലിനറി ടീമുകൾ കർഷകരുമായി സംവദിക്കും.
കൃഷിയിൽ ഡ്രോൺ, വിവരസാങ്കേതികവിദ്യയുടെ ഉപയോഗം, വിള വൈവിധ്യവൽക്കരണം, യന്ത്രവൽക്കരണം എന്നിവ കർഷകർക്ക് പരിചയപ്പെടുത്തും. സംസ്ഥാന കൃഷി, ഹോർട്ടികൾച്ചർ, മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കർഷകർ, കാർഷിക സംഘങ്ങൾ എന്നിവയിലെ അംഗങ്ങളും സംഘങ്ങളിൽ ഉൾപ്പെടും.

കോഴിക്കോട് ചെലവൂരിലുള്ള ഐ.സി.എ.ആർ- ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ (ഐ.ഐ.എസ്.ആർ) ശാസ്ത്രജ്ഞർ കേരളം, കർണാടക സംസ്ഥാനങ്ങളിൽ വിവിധ ടീമുകളിലായി കർഷകരുമായി സംവദിക്കും എന്ന് ഡയറക്ടർ ഡോ. ആർ. ദിനേശ് പറഞ്ഞു.
സ്ഥാപനത്തിന് കീഴിൽ കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴിയിൽ പ്രവർത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രം മറ്റ് വകുപ്പുകളും ഏജൻസികളുമായി ചേർന്ന് കോഴിക്കോട് ജില്ലയിൽ പ്രസ്തുത പരിപാടി വിജയകരമാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ഗവേഷകരായ ഡോ. സജേഷ്.വി.കെ , ഡോ. പ്രകാശ്, കെ.എം, ഡോ. പ്രദീപ്.ബി എന്നിവരാണ് ഐ.ഐ.എസ്.ആർന്റെ ‘വികസിത് കൃഷി സങ്കല്പ് അഭിയാൻ’ പരിപാടി ഏകോപിപ്പിക്കുന്നത്.
കർഷകർ, ഉത്പാദക സംഘങ്ങൾ, കാർഷിക സംരംഭകർ തുടങ്ങിയവർ പരിപാടിയുമായി സഹകരിക്കണമെന്ന് കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. പി. രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു.