അവിവാഹിതരായ പുരുഷന്മാർക്ക് കരസേനയിൽ അഗ്‌നിവീർ
ഇന്ത്യന്‍ ആര്‍മിയില്‍ 2024-2025-ലെ അഗ്‌നിവീര്‍ തിരഞ്ഞെടുപ്പിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്‌നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍, അഗ്‌നിവീര്‍ ഓഫീസ് അസിസ്റ്റന്റ്/സ്റ്റോര്‍ കീപ്പര്‍, ടെക്‌നിക്കല്‍ എന്നീ വിഭാഗങ്ങള്‍ക്കായാണ് തിരഞ്ഞെടുപ്പ്. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.
വിദ്യാഭ്യാസ യോഗ്യത:
ജനറല്‍ ഡ്യൂട്ടി: ഓരോ വിഷയത്തിനും 33 ശതമാനം മാര്‍ക്കോടെയും ആകെ 45 ശതമാനം മാര്‍ക്കോടെയും നേടിയ പത്താംക്ലാസ് വിജയം. ഗ്രേഡിങ് സിസ്റ്റത്തില്‍ വിജയിച്ചവര്‍ ഇതിന് തുല്യമായ ഗ്രേഡ് നേടിയിരിക്കണം.
ടെക്നിക്കല്‍: ഫിസിക്‌സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് എന്നിവയുള്‍പ്പെട്ട സയന്‍സ് പ്ലസ്ടു, ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്കോടെയും ആകെ 50 ശതമാനം മാര്‍ക്കോടെയും പാസായിരിക്കണം. അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് എന്നിവയുള്‍പ്പെട്ട സയന്‍സ് പ്ലസ്ടുവും ഒരുവര്‍ഷത്തെ ഐ.ടി.ഐ.യും.
അല്ലെങ്കില്‍ ഇംഗ്ലീഷ്, സയന്‍സ്, മാത്സ് എന്നിവ 40 ശതമാനം മാര്‍ക്കോടെയും ആകെ 50 ശതമാനം മാര്‍ക്കോടെയും നേടിയ പത്താംക്ലാസ് വിജയവും ദ്വിവത്സര ഐ.ടി.ഐ./ ദ്വിവത്സര/ത്രിവത്സര ഡിപ്ലോമയും. (ഐ.ടി.ഐ./ ഡിപ്ലോമ വിഷയങ്ങള്‍: മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, മെക്കാനിക് ഡീസല്‍, ഇലക്ട്രോണിക് മെക്കാനിക്, ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റംസ്, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, ഡ്രോട്ട്സ്മാന്‍, സര്‍വേയര്‍, ജിയോ ഇന്‍ഫര്‍മാറ്റിക് അസിസ്റ്റന്റ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക് കം ഓപ്പറേറ്റര്‍ ഇലക്ട്രിക് കമ്യൂണിക്കേഷന്‍ സിസ്റ്റം, വെസ്സല്‍ നാവിഗേറ്റര്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഓട്ടോമൊബല്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി).
ഓഫീസ് അസിസ്റ്റന്റ്/സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍: ഓരോ വിഷയത്തിനും 50 ശതമാനം മാര്‍ക്കോടെയും ആകെ 60 ശതമാനം മാര്‍ക്കോടെയും ആര്‍ട്സ്/ കൊമേഴ്സ്/ സയന്‍സ് വിഷയങ്ങളില്‍ നേടിയ പ്ലസ്ടു. (പന്ത്രണ്ടാം തലത്തില്‍ ഇംഗ്ലീഷിലും മാത്സ്/അക്കൗണ്ട്സ്/ബുക്ക് കീപ്പിങ്ങിലും 50 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാണ്).
ട്രേഡ്സ്മെന്‍ (പത്താം ക്ലാസ്): ഓരോ വിഷയത്തിലും 33 ശതമാനം മാര്‍ക്കോടെ നേടിയ പത്താംക്ലാസ് വിജയം.
ട്രേഡ്സ്മെന്‍ (എട്ടാംക്ലാസ്): ഓരോ വിഷയത്തിലും 33 ശതമാനം മാര്‍ക്കോടെ നേടിയ എട്ടാംക്ലാസ് വിജയം.
പ്രായം:17-21 വയസ്സ്. അപേക്ഷകര്‍ 2003 ഒക്ടോബര്‍ ഒന്നിനും 2007ഏപ്രില്‍ ഒന്നിനും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. അപേക്ഷകര്‍ക്ക് പ്രായത്തിന് അനുസരിച്ച് ശരീരഭാരം ഉണ്ടായിരിക്കണം.
സേവാനിധി പാക്കേജ്: തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഗ്‌നിവീറായി നാല് വര്‍ഷമായിരിക്കും സര്‍വീസ് ചെയ്യേണ്ടിവരുക. ആദ്യവര്‍ഷം 30,000 രൂപ, രണ്ടാംവര്‍ഷം 33,000 രൂപ, മൂന്നാംവര്‍ഷം 36,500 രൂപ, നാലാംവര്‍ഷം 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ 70 ശതമാനം തുകയാണ് കൈയില്‍ ലഭിക്കുക. ശേഷിക്കുന്ന 30 ശതമാനം (ആദ്യവര്‍ഷം 9,000 രൂപ, രണ്ടാംവര്‍ഷം 9,900 രൂപ, മൂന്നാംവര്‍ഷം 10,950 രൂപ, നാലാംവര്‍ഷം 12,000 രൂപ) പ്രതിമാസം നീക്കിവയ്ക്കും. ഇങ്ങനെ നീക്കിവയ്ക്കുന്ന തുകയും സര്‍ക്കാര്‍ അനുവദിക്കുന്ന തുല്യമായ തുകയും ചേര്‍ത്തുള്ള 10.04 ലക്ഷം രൂപ സര്‍വീസ് പൂര്‍ത്തിയാവുമ്പോള്‍ സേവാനിധി പാക്കേജായി ലഭിക്കും. നാലുവര്‍ഷത്തെ സര്‍വീസില്‍ നോണ്‍ കോണ്‍ട്രിബ്യൂട്ടറി ലൈഫ് ഇന്‍ഷുറന്‍സ് കവറേജിനും അര്‍ഹതയുണ്ടായിരിക്കും. സര്‍വീസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അഗ്‌നിവീര്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും.
തിരഞ്ഞെടുപ്പ്: കംപ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷയും പിന്നീട് റിക്രൂട്ട്മെന്റ് റാലിയും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. 2024 ഏപ്രില്‍ 22 മുതലായിരിക്കും പരീക്ഷ. തിരഞ്ഞെടുപ്പില്‍ എന്‍.സി.സി. (എ, ബി, സി) സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവര്‍ക്കും കായികതാരങ്ങള്‍ക്കും ബോണസ് മാര്‍ക്ക് അനുവദിക്കും. ടെക്നിക്കല്‍ വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഐ.ടി.ഐ.ക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും ബോണസ് മാര്‍ക്ക് ഉണ്ടായിരിക്കും.
പരീക്ഷാഫീസ്: 250 രൂപ. അപേക്ഷയോടൊപ്പം ഓണ്‍ലൈന്‍ ലിങ്ക് വഴിയാണ് ഫീസ് അടയ്‌ക്കേണ്ടത്.
അപേക്ഷ:www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്താണ് അപേക്ഷിക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുള്ളവര്‍ തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസിന് കീഴിലും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവരും മാഹി, ലക്ഷദ്വീപ് നിവാസികളും കാലിക്കറ്റ് ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസിന് കീഴിലുമാണ് ഉള്‍പ്പെടുക. അതത് ഓഫീസുകളിലെ വിജ്ഞാപനം വെബ്സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. രജിസ്ട്രേഷുനുള്ള നിര്‍ദേശങ്ങള്‍ ഇതേ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 22.