ഡോ: ദീപക് ഗോപാലകൃഷ്ണൻ
സംഭവം സിമ്പിളാണ്. ഇത് വേനൽക്കാലമാണ് (summer season). ഉത്തരാർദ്ധഗോളത്തിൽ (northern hemisphere) സൂര്യനിൽ നിന്നുള്ള ഊർജ്ജം കൂടുതൽ ലഭിക്കുന്ന സമയം.സ്വാഭാവികമായും വെയിലും ചൂടും കൂടുതലായിരിക്കും. പക്ഷെ, ഇന്ത്യയുടെ പ്രത്യേക കാലാവസ്ഥയിൽ, ഈ സമയം മൺസൂൺ കാലമാണ്. രാജ്യത്തെ പലഭാഗത്തും നല്ലരീതിയിൽ മഴലഭിക്കുന്ന സമയം.അതുകൊണ്ട്,പലപ്പോഴും ആകാശം മേഘാവൃതമായിരിക്കും. അതിനാൽ തന്നെ, സൂര്യനിൽന്നുള്ള ഊർജ്ജം താഴേയ്ക്ക് പൂർണതോതിൽ എത്താതെ മറയ്ക്കപ്പെടുകയാണ്. എന്നാൽ, ഇങ്ങനെ മറയ്ക്കുവാൻ മേഘങ്ങളില്ലാതെവന്നാൽ, അതായത്, തെളിഞ്ഞ ആകാശമാണെങ്കിൽ സ്വാഭാവികമായും ചൂട് കനക്കും. ചുരുക്കി പറഞ്ഞാൽ,മൺസൂൺ ആണ് ഈ മാസങ്ങളിൽ നമ്മെ തണുപ്പിക്കുന്നത്.
ഈ സമയം പൊതുവെ അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായിരിക്കും. അതിനാൽ തന്നെ നമുക്ക് ചൂട് അൽപ്പം കൂടുതലായി അനുഭവപ്പെടുകയും ചെയ്യും (താപനില 32 ഡിഗ്രി സെൽഷ്യസും ഹ്യൂമിഡിറ്റി 60% ഉള്ളപ്പോഴും അതേ താപനിലയിൽ 90% ഹ്യൂമിഡിറ്റി ഉള്ളപ്പോഴും നമുക്ക് ഒരേ ചൂടല്ല ‘ഫീൽ’ ചെയ്യുക).