കനത്ത മഴയിൽ ഇടുക്കി നെടുംകണ്ടത് ഉരുൾപൊട്ടി. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശത്തു നിന്ന് 25 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇവരോട് ബന്ധു വീട്ടിലേക്കോ ക്യാമ്പിലേക്കോ മാറാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഉരുൾപൊട്ടൽ ഭീതി തുടരുന്ന സാഹചര്യത്തിൽ ഈ പ്രദേശത്ത് ക്യാമ്പ് തുറക്കാനും തീരുമാനിച്ചു.പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ മുക്കാൽ ഏക്കറോളം കൃഷിഭൂമി ഒലിച്ചുപോയി.
ഇടുക്കിയിൽ രണ്ടുപേർക്ക് ഇടിമിന്നൽ ഏറ്റു
ഇടുക്കിയിൽ ഇടിമിന്നൽ ഏറ്റു രണ്ടുപേർക്ക് പരിക്ക് .തേഡ് ക്യാംപ് മൂലശ്ശേരില്‍ സുനില്‍ കുമാറിനും മകന് ശ്രീനാഥിനുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ഇടിമിന്നലേറ്റ ഉടന്‍ ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍, പരിക്ക് സാരമുള്ളതായതിനാല്‍ പിന്നീട് ഇരുവരെയും തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സുനില്‍ കുമാറിനും ശ്രീനാഥിനും തലയ്ക്കും കാലിനുമാണ് മുറിവേറ്റിരിക്കുന്നത്.
ശ്രീനാഥ് കല്ലാര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ശ്രീനാഥ് അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി മുതല്‍ അതിശക്തമായ മഴയാണ് ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖലയില്‍ പെയ്യുന്നത്.