യൂറോപ്പിൽ ചൂടുകാരണം മരണ നിരക്കില്‍ 30% വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട്
കഴിഞ്ഞ 20 വര്‍ഷമായി യൂറോപ്പില്‍ ചൂട് കാരണമുള്ള മരണനിരക്കില്‍ 30% വർദ്ധനവ് ഉണ്ടായതായി EU Copernicus Climate Change Serviceന്റെയും ലോക കാലാവസ്ഥാ സംഘടനയുടെയും പുതിയ റിപ്പോര്‍ട്ട്. ഉഷ്ണതരംഗങ്ങളുടെ ആവൃത്തിയും തീവ്രതയും വര്‍ധിക്കുന്നതിനാല്‍ പൊതുജനാരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ഭൂമിയിലെ ഏറ്റവും വേഗത്തില്‍ ചൂടാകുന്ന ഭൂഖണ്ഡമാണ് യൂറോപ്പെന്നും ആഗോള ശരാശരിയുടെ ഇരട്ടിയോളം താപനില ഉയരുന്നുണ്ടെന്നും താപനില ഇനിയും ഉയരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2023ല്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയ കാട്ടുതീ, ഏറ്റവും ആര്‍ദ്രതയുള്ള വര്‍ഷങ്ങളിലൊന്ന്, രൂക്ഷമായ കടല്‍ ചൂട്; പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് യൂറോപ്പ് സാക്ഷ്യം വഹിച്ചു. താപനില വ്യതിയാനം നേരിടാന്‍ നിലവിലെ ഉഷ്ണ തരംഗ ഇടപെടലുകള്‍ അപര്യാപ്തമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഏറ്റവും തീവ്രതയേറിയ 30 യൂറോപ്യന്‍ ഉഷ്ണതരംഗങ്ങളില്‍ 23 എണ്ണവും 2000 ന് ശേഷമാണ് സംഭവിച്ചത്. ഇതില്‍ അഞ്ചെണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായിട്ടുണ്ട്.
2003, 2010, 2022 വര്‍ഷങ്ങളിലെ ഓരോ വേനല്‍ക്കാലത്തും 55,000നും 72,000നും ഇടയില്‍ ഉഷ്ണതരംഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ഉണ്ടായെന്നാണ് കണക്ക്. ആല്‍പ്‌സിലെ മഞ്ഞുമലയുടെ 10 ശതമാനവും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നഷ്ടമായി. കൂടാതെ മഴയുടെ വിതരണത്തിലും മാറ്റമുണ്ടായി. കഴിഞ്ഞ വര്‍ഷം ശരാശരിയേക്കാള്‍ 7% ആര്‍ദ്രമായിരുന്നു യൂറോപ്പ്. ഇതോടെ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡിലെ ഏറ്റവും ഈര്‍പ്പമുള്ള വര്‍ഷങ്ങളിലൊന്നായി മാറി.
ചുഴലിക്കാറ്റില്‍ 63 പേരും പ്രളയത്തില്‍ 44 പേരും കാട്ടുതീയില്‍ 44 പേരും യൂറോപ്പില്‍ മരിച്ചു.
ഈ വര്‍ഷത്തെ കാലാവസ്ഥയുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടം 13,400 കോടി യൂറോയിലധികം വരും. ഇറ്റലിയില്‍ മേയ് മാസത്തില്‍ പേമാരിയെ തുടര്‍ന്ന് 23 നദികള്‍ കരകവിഞ്ഞൊഴുകുകയും 15 പേര്‍ മരിക്കുകയും 36,000 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.
ഓഗസ്റ്റില്‍, സ്ലോവേനിയയുടെ മൂന്നില്‍ രണ്ട് ഭാഗവും പ്രളയത്തിലായി. ഇവിടെ ആയിരങ്ങളെ ഒഴിപ്പിക്കുകയും ആറ് പേര്‍ മരിക്കുകയും ചെയ്തു. നോര്‍വേ, സ്വീഡന്‍ എന്നിവിടങ്ങളിലും ഓഗസ്റ്റില്‍ പ്രളയമുണ്ടായി. ഗ്രീസ്, ബള്‍ഗേറിയ, തുര്‍ക്കി എന്നിവിടങ്ങളില്‍ സെപ്റ്റംബറില്‍ റെക്കോര്‍ഡ് മഴയും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഗ്രീസിലെ ചില സ്ഥലങ്ങളില്‍, ഒരു വര്‍ഷത്തെ മഴയ്ക്ക് തുല്യമായ മഴയാണ് ഒരു ദിവസം ലഭിച്ചത്.
ഡിസംബറില്‍ യൂറോപ്യന്‍ നദികളുടെ ഒഴുക്ക് എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. തെക്കന്‍ യൂറോപ്പില്‍ വ്യാപകമായ വരള്‍ച്ചയുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.
യൂറോപ്പിന് ചുറ്റുമുള്ള സമുദ്രോപരിതല താപനിലയും റെക്കോര്‍ഡിലെത്തി. ജൂണില്‍, അയര്‍ലണ്ടിന് പടിഞ്ഞാറ് അറ്റ്‌ലാന്റിക് സമുദ്രവും ബ്രിട്ടന് ചുറ്റുമുള്ളതുമായ കടല്‍ ഉഷ്ണതരംഗത്തിന് ഇരയായി.
സമുദ്രോപരിതല താപനില ശരാശരിയേക്കാള്‍ 5C വരെ കൂടുതലാണ്. പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇറ്റലി, പ്രത്യേകിച്ച് ഗ്രീസ് എന്നിവിടങ്ങളില്‍ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ യൂണിയനില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കാട്ടുതീയില്‍ 96,000 ഹെക്ടര്‍ കത്തിനശിച്ചു. മൊത്തത്തില്‍, കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ കാട്ടുതീയില്‍ 500,000 ഹെക്ടര്‍ ഭൂമി കത്തിനശിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വിദേശ മലയാളികൾക്ക് കാലാവസ്ഥ വാർത്തകൾക്കായി വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാം
FOLLOW US ON GOOGLE NEWS