എന്താണ് കൃത്രിമ മഴ; ഇത് എപ്പോൾ വേണമെങ്കിലും പെയ്യിപ്പിക്കാൻ സാധിക്കുമോ ?

ഡോ. ദീപക് ഗോപാലകൃഷ്ണൻ

ആകാശത്തിലെ മഴമേഘങ്ങൾ തണുത്താണ് സാധാരണ മഴ പെയ്യുന്നത്. എന്നാൽ കാർമേഘങ്ങൾ കൃത്രിമമായി ഘനീർഭവിപ്പിച്ച് മഴപെയ്യാറുണ്ട്. ഇതിനെ കൃത്രിമ മഴ എന്ന് പറയുന്നു . എന്നാൽചുമ്മാ നമുക്ക് തോന്നുന്ന സമയത്തെല്ലാം മഴപെയ്യിക്കാന് കഴിയുമോ?

ഇല്ല എന്നാണ് ഉത്തരം. കൃത്രിമ മഴ എന്ന് കേൾക്കുമ്പോൾ എപ്പോൾ വേണമെങ്കിലും പെയ്യിക്കാം എന്ന് തോന്നുമെങ്കിലും സംഗതി അത്ര എളുപ്പമല്ല. Cloud seeding എന്നൊരു രീതി വഴി മഴ പെയ്യാൻ മേഘങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നത്. Rain “making” എന്നതിലുപരി rain “enhancement” എന്നതാണ് ഉദ്ദേശം. അതുകൊണ്ടു തന്നെ നമ്മുടെ ആവശ്യാനുസരണം മഴപെയ്യിക്കുക എന്നത് നിലവിൽ അസാധ്യമായ പരിപാടിയാണ്.

എന്താണ് cloud seeding?

ആകാശത്ത് പലപ്പോഴും മേഘങ്ങൾ കാണാറുണ്ടെങ്കിലും അവയെല്ലാം മഴയായി പെയ്യാറില്ലല്ലോ. മേഘങ്ങളിൽ നിറയെ ചെറിയ ജല കണികകളോ ഐസുകണികകളോ ആണ്. എന്നാൽ അവയുടെ വലുപ്പം വളരെ വളരെ ചെറുതായതിനാൽ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയാണ്. ഇത്തരം ചെറിയ കണികകൾ തമ്മിൽ കൂട്ടിയിടിക്കുന്ന സമയത്തു അവ പതുക്കെ വലുതാവാൻ തുടങ്ങും (collision and coalescence).

ഇങ്ങനെ ഭാരം കൂടി അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ കഴിയാതെ വരുമ്പോഴാണ് മഴത്തുള്ളിയായി താഴേക്ക് വീഴുന്നത്. എല്ലാസമയത്തും ഇതുപോലെ ചെറിയ കണങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു മഴത്തുള്ളിയാവുന്ന പരിപാടി അത്ര കാര്യക്ഷമമായി നടക്കാറില്ല. എന്നാൽ മേഘത്തിനകത്തേയ്‌ക്കോ അല്ലെങ്കിൽ മേഘങ്ങൾ ഉണ്ടാവുന്നതിന്റെ താഴെയോ ചിലതരം രാസവസ്തുക്കൾ (seeding agents) വിതറിയാൽ മേഘത്തിലെ ജലണകങ്ങൾ വലുതാവുന്ന പ്രക്രിയയേ കൂടുതൽ കാര്യക്ഷമമാക്കുവാൻ കഴിയും. ഇതിനെയാണ് cloud seeding എന്ന് വിളിക്കുന്നത്.

എങ്ങനെയാണ് cloud seeding നടത്തുന്നത്?

പലതരത്തിൽ ചെയ്യാം. വിമാനത്തിൽ മേഘത്തിനകത്തേയ്ക്ക് പറന്ന് seeding ന് ഉപയോഗിക്കുന്ന രാസവസ്തു വിതറുന്ന രീതിയാണ് ഒന്ന്. ചെറിയ റോക്കറ്റുകൾ ഉപയോഗിച്ച് താഴെനിന്നും മേഘങ്ങളിലേക്ക് രാസവസ്തുക്കൾ തൊടുത്തുവിടുന്ന രീതിയും നിലവിലുണ്ട്. Silver iodide, Potassium chloride, Sodium chloride (ഉപ്പ്) എന്നിങ്ങനെ പല വസ്തുക്കളും seeding നു വേണ്ടി ഉപയോഗിക്കാറുണ്ട്. ഓരോ സ്ഥലത്തെയും അന്തരീക്ഷത്തിന്റെ പ്രത്യേകതകൾ അനുസരിച്ചാവും ഇവ തിരഞ്ഞെടുക്കുന്നത്.

എപ്പോഴാണ് cloud seeding ചെയ്യാൻ കഴിയുക?

സ്വാഭാവികമായി മേഘങ്ങൾ രൂപപ്പെടാൻ അനുകൂല സാഹചര്യമാണെങ്കിൽ മാത്രമേ cloud seeding കൊണ്ട് പ്രയോജനമുള്ളൂ. അതിനാൽ, പ്രവചനങ്ങൾ പരിശോധിച്ചശേഷം ആവശ്യത്തിന് മേഘങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സാഹചര്യമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമേ seeding നടത്താറുള്ളൂ. അതായത്, മഴയ്ക്ക് ഒരു സാധ്യതയുമില്ലാത്ത തെളിഞ്ഞ കാലാവസ്ഥയിൽ cloud seeding വഴി മഴപെയ്യിക്കുക എന്നത് പ്രായോഗികമല്ല.

Cloud seeding ചെയ്താൽ ഉറപ്പായും മഴ കിട്ടുമോ?

മുൻപ് സൂചിപ്പിച്ചതുപോലെ സ്വാഭാവികമായി മഴയായി പെയ്യാൻ സാധ്യതയുള്ള മേഘങ്ങൾക്കകത്തെ ജാലകണികകളെ വലുതാവാൻ സഹായിക്കുകയാണ് seeding ന്റെ ഉദ്ദേശം. പെയ്യുന്ന മഴയിൽ 10-20% വർദ്ധനവ് cloud seeding വഴി സാധ്യമാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് .

Seeding ന്റെ നേട്ടം പരിശോധിക്കുന്നതിന് പല പ്രായോഗിക ബുദ്ധിമുട്ടുകളുമുണ്ട്. സ്വാഭാവികമായി പെയ്തതാണോ അതോ seeding കൊണ്ട് കൂടുതൽ പെയ്തതാണോ എന്ന് തിരിച്ചറിയുന്നത് എളുപ്പമല്ല. അമേരിക്കയിൽ നടത്തിയ ഒരു പഠനത്തിൽ seeding വഴി മഞ്ഞുപെയ്യുന്നത് കൂടിയതിന് കൃത്യമായ തെളിവ് ലഭിച്ചതായി പറയുന്നുണ്ട്.

മറ്റൊരുകാര്യം, ചിലയിടങ്ങളിൽ മഴ കൂടുന്നതിനൊപ്പം അതിനടുത്ത ചില സ്ഥലങ്ങളിൽ മഴ കുറയുന്നതായി ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

എവിടെയൊക്കെ cloud seeding പരീക്ഷണങ്ങൾ നടക്കുന്നുണ്ട്?

ഇന്ത്യയിലടക്കം ലോകത്തെ പലഭാഗത്തും ഇത്തരം പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. പൂനെയിലെ IITM എന്ന ഇൻസ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ മൺസൂൺ സമയങ്ങളിൽ seeding പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഇതിനായി പ്രത്യേകം ഒരു പ്രോജക്റ്റ് തന്നെയുണ്ട് (CAIPEEX). അവിടെനിന്നുള്ള പഠനങ്ങളും seeding ന്റെ ഫലമായി മഴയുടെ അളവിൽ ചെറിയ വർദ്ധനവ് സൂചിപ്പിക്കുന്നുണ്ട്. അമേരിക്ക, UAE, ചൈന എന്നിങ്ങനെ പലയിടങ്ങളിലും ഇത്തരം പരീക്ഷണങ്ങൾ കാര്യമായി നടക്കുന്നുണ്ട്.

മേഘത്തിനകത്തെ കണികകളുടെ സ്വഭാവം (cloud microphysics) അത്യന്തം സങ്കീർണ്ണമാണ്. വർഷങ്ങളായി cloud seeding സംബന്ധിച്ച ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും നിരവധികാര്യങ്ങൾ പൂർണ്ണമായി മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ വളരെയധികം പഠനങ്ങൾ നടന്നുവരുന്നു. ഭാവിയിൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

മഴയുടെ അളവ് കൂട്ടുന്നതിന് അല്ലാതെ മൂടൽ മഞ്ഞുകൊണ്ടുള്ള പ്രശ്ങ്ങൾ ഒഴിവാക്കുന്നതിനും വലിയ ആലിപ്പഴങ്ങൾ (hails) വീഴുന്നതുകൊണ്ടുള്ള നാശനഷ്ടങ്ങൾ കുറക്കുന്നതിനും മറ്റും cloud seeding ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവിടെ മഴ കൂട്ടുന്നതിന് സഹായിക്കുന്നതരം പരീക്ഷണങ്ങളെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. താപനില പൂജ്യത്തിൽ താഴെയാണെങ്കിൽ മേഘത്തിനകത്ത് supercooled water ഉം കാണാം (മൈനസ് താപനിലയിലുള്ള, ഐസ് ആവാത്ത വെള്ളം)

(കാലാവസ്ഥാശാസ്ത്രജ്ഞനും ഗവേഷകനും ആണ് ലേഖകൻ)

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment