പൂര്‍ണഗ്രഹണത്തിനു പിന്നാലെ രക്തചന്ദ്രനെ കാണാം, അവസരം നഷ്ടപ്പെടുത്തരുത്
ദശാബ്ദത്തിലെ ഏറ്റവും മനോഹരമായ രക്ത ചന്ദ്രനെ നാളെ (സെപ്റ്റംബര്‍ 7 ന്) കാണാം. ചന്ദ്രന്‍ ചുവന്ന നിറത്തിലോ ഓറഞ്ച് നിറത്തിലോ തിളങ്ങുന്ന പ്രതിഭാസമാണ് ബ്ലഡ്മൂണ്‍ അഥവാ രക്തചന്ദ്രന്‍ എന്നു അറിയപ്പെടുന്നത്.
പൂര്‍ണ ചന്ദ്രഗ്രഹണ സമയത്താണ് രക്ത ചന്ദ്രന്‍ പ്രതിഭാസം ഉണ്ടാകാറുള്ളത്. ഇത്തവണത്തെ പൂര്‍ണ ചന്ദ്രന്‍ രക്ത ചന്ദ്രന്‍ കൂടിയാണ് എന്നതാണ് പ്രത്യേകത. നാളെ നല്ല കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാല്‍ കാഴ്ച തടസ്സമാകില്ല എന്നു കരുതാം.
ഇന്ത്യയില്‍ എല്ലായിടത്തും ഗള്‍ഫില്‍ സഊദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഒഴികെ എല്ലായിടത്തും പൂര്‍ണ ചന്ദ്രഗ്രഹണവും രക്തചന്ദ്രനെയും നാളെ രാത്രി കൂടുതല്‍ തെളിച്ചത്തോടെ കാണാനാകും.
സെപ്റ്റംബര്‍ 7 ന് ഇന്ത്യന്‍ സമയം രാത്രി 8.58 നാണ് ഗ്രഹണം തുടങ്ങുക. സെപ്റ്റംബര്‍ 8 ന് പുലര്‍ച്ചെ 2.25 ന് ഗ്രഹണം അവസാനിക്കും. സെപ്റ്റംബര്‍ ഏഴിന് രാത്രി 11 നും 12.22 നും ഇടയിലാണ് രക്തചന്ദ്രനെ കാണാന്‍ കഴിയുക. ഗള്‍ഫില്‍ രാത്രി 7 മുതല്‍ 11 വരെയും രക്തചന്ദ്രനെ കാണാനാകും.
ഏകദേശം അഞ്ചര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഗ്രഹണമാണ് സംഭവിക്കുക. ഒരു മണിക്കൂറും 22 മിനിറ്റുമാണ് ഇതില്‍ ബ്ലഡ് മൂണ്‍ കാണാനാകുക. ചന്ദ്രനും സൂര്യനും ഇടയില്‍ ഭൂമി വരുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്.
ഈ സമയം ചന്ദ്രനില്‍ ഇരുട്ടു പരക്കുന്നതിന് പകരം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശത്തിന്റെ കുറച്ചുഭാഗം അപവര്‍ത്തനത്തിനും വിസരണത്തിനും വിധേയമായി ഭൂമിയുടെ നിഴല്‍ ഭാഗത്തുകൂടി വളഞ്ഞ് ചന്ദ്രനില്‍ പതിക്കുമ്പോഴാണ് ചന്ദ്രന്‍ ചുവന്ന നിറത്തില്‍ കാണപ്പെടുക.
ദൃശ്യ പ്രകാശത്തിലെ തരംഗ ദൈര്‍ഘ്യം കുറഞ്ഞ വര്‍ണങ്ങളായ വയലറ്റ്, ഇന്‍ഡിഗോ നീല, പച്ച, മഞ്ഞ തുടങ്ങിയ നിറങ്ങളെല്ലാം ഏതാണ്ട് പൂര്‍ണമായും വിസരണത്തിന് വിധേയമായി ഭൂമിയില്‍ നിന്ന് ചന്ദ്രനില്‍ പതിക്കാതെ പോകുന്നു. അതു കൊണ്ട് തന്നെ ആ നിറങ്ങള്‍ ചന്ദ്രനില്‍ നിന്ന് പ്രതിഫലിച്ച് ഭൂമിയില്‍ നിന്ന് നോക്കുന്ന നമ്മുടെ കണ്ണുകളിലേക്ക് വരുന്നുമില്ല. ശേഷിക്കുന്ന ചുവപ്പോ ഒറഞ്ചോ നിറത്തില്‍ ചന്ദ്രന്‍ തിളങ്ങുകയും ചെയ്യും.
ഗ്രഹണ സമയം (ഇന്ത്യന്‍ സമയം)
8:58 PM: ഗ്രഹണം ആരംഭിക്കുന്നു
9:57 PM: ഭാഗിക ഗ്രഹണം ആരംഭിക്കുന്നു
10:50 PM: പൂര്‍ണ്ണ ഗ്രഹണം ആരംഭിക്കുന്നു
11:31 PM: പരമാവധി ഗ്രഹണം
00:22 PM: പൂര്‍ണ്ണ ഗ്രഹണം അവസാനിക്കുന്നു
01:26 PM: ഭാഗിക ഗ്രഹണം അവസാനിക്കുന്നു
02:25 PM: ഗ്രഹണം അവസാനിക്കുന്നു.
English summary: red moon and lunar eclipse september 7 2025