വടക്കന്‍ കേരളത്തില്‍ മഴ ഒഴിയാതെ അത്തം മുതല്‍ തിരുവോണം വരെ, ഇനി ഇടവേള
വടക്കന്‍ കേരളത്തില്‍ ഇത്തവണത്തെ മഴക്കാലം ഇടവേളകള്‍ ലഭിക്കാതെ തുടരുന്നു. കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങത്തിലും ഏതു അന്തരീക്ഷ സ്ഥിതിയിലും അല്പമെങ്കിലും മഴ ലഭിക്കാത്ത ദിവസങ്ങള്‍ ഇല്ല. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.
അത്ത ദിനത്തില്‍ വടക്കന്‍ കേരളത്തിലും മറ്റു ജില്ലകളിലും ഉച്ചവരെ മഴ ലഭിച്ചു. അത്തം കറുത്താല്‍ ഓണം വെളുക്കുമെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. എന്നാല്‍ തിരുവോണത്തിനും വടക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും മഴ ലഭിച്ചു.
തെക്കന്‍ ജില്ലകളിലും തിരുവോണത്തിന് ഒറ്റപ്പെട്ട മഴ റിപ്പോര്‍ട്ടു ചെയ്തു. എങ്കിലും ആഘോഷത്തിന് മാറ്റു കുറയ്ക്കുന്ന മഴയില്ല എന്നത് ആശ്വാസമായി.
അത്തം
മുറ്റത്ത് ചാണകം മെഴുകി തുമ്പപ്പൂകൊണ്ട് പൂക്കളമിടുന്ന ആദ്യ ദിവസമാണ് അത്തം. ഒരു നിര പൂക്കളമാണ് അത്തത്തിന് ഇടുകയെന്നാണ് വിശ്വാസം. അത്ത നാളില്‍ കേരളത്തില്‍ മിക്കയിടങ്ങളിലും മഴ ലഭിച്ചു. എന്നാല്‍ ഇടയ്ക്ക് ഉച്ച കഴിഞ്ഞ് വെയില് തെളിഞ്ഞു.
ചിത്തിര
രണ്ടാം ദിനമായ ചിത്തിര ദിനത്തില്‍ തുമ്പപ്പൂവിനൊപ്പം തുളസി കൂടിയാണ് പൂക്കളത്തില്‍ ഉണ്ടാകുക. അന്നും മഴയായിരുന്നു വടക്കന്‍ ജില്ലകളില്‍. തെക്കന്‍ ജില്ലകളില്‍ അന്ന് വെയിലുണ്ടായിരുന്നുയ
ചോതി
തുമ്പയും തുളസിയും ചേര്‍ത്ത് മൂന്നു ചുറ്റു പൂക്കളമിട്ട ചോതിയിലും വടക്കന്‍ ജില്ലകളില്‍ ഇടവിട്ട് മഴ ലഭിച്ചു. മധ്യ കേരളത്തില്‍ വെയിലുദിച്ചു
വിശാഖം
നിറമുള്ള പൂക്കളിട്ട് തുടങ്ങുന്ന വിശാഖ ദിനത്തിലും വടക്കന്‍ ജില്ലക്കാര്‍ക്ക് പൂക്കളത്തിന് കുടചൂടേണ്ടിവന്നു. എന്നാല്‍ മറ്റു മേഖലകളില്‍ വെയില് രാവിലെ മുതലുണ്ടായിരുന്നു.
അനിഴം
അനിഴം നാളില്‍ പൂക്കളത്തില്‍ ചെമ്പരത്തി പൂവും മറ്റു പൂക്കളും ഈര്‍ക്കിളില്‍ കുട പോലെ കോര്ത്തുവയ്ക്കുകയാണ് ചെയ്യുക. അന്നും വടക്കന്‍ ജില്ലകളില്‍ പൂക്കളത്തിന് കുട ചൂടേണ്ടി വന്നു. എന്നാല്‍ ചില പ്രദേശങ്ങളില്‍ മാത്രമാണ് മഴ ലഭിച്ചത്.
തൃക്കേട്ട
തൃക്കേട്ട ദിനത്തില്‍ വടക്കന്‍ ജില്ലകളില്‍ ഇടവിട്ട് ചാറ്റല്‍ മഴ മാത്രമായിരുന്നു. ആറിനം പൂക്കളോടെ പൂവിടലിന്റെ ആറാം ദിനമായിരുന്നു അന്ന്. പൂക്കളത്തിന്റെ നാലു ദിക്കിലും കാല് നീട്ടി വലുപ്പം കൂട്ടുന്ന ദിവസം. മഴ വില്ലനാകാതെ അന്നത്തെ ദിവസം കഴിഞ്ഞു.
മൂലം
മൂലം ദിനത്തില്‍ ചതുരാകൃതിയിലാണ് പൂക്കളം ഉണ്ടാകുക. നാലു ദിക്കിലും ഈര്‍ക്കിള്‍ കുത്തി പൂ വയ്ക്കും. ഈ ദിവസത്തോടെ പൂക്കളം ഏതു ആകൃതിയിലും പൂക്കളം തീര്‍ക്കാം. അന്ന് മഴ ഒഴിഞ്ഞു എന്നത് വടക്കന്‍ ജില്ലക്കാര്‍ക്കും ആശ്വാസമായി. ഉത്രാടത്തിനും തിരുവോണത്തിനും മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനം വന്നു.
പൂരാടം
പൂരാടം ദിനത്തില്‍ പൊതുവെ പ്രസന്നമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടതെങ്കിലും കാസര്‍കോട്ടുകാര്‍ക്കും കണ്ണൂരുകാര്‍ക്കും രാവിലെ ചെറിയ മഴ കിട്ടി. എട്ടു നിരകളിലാണ് അന്ന് പൂവിട്ടത്. കാക്കപ്പൂവ്, ചെമ്പരത്തികള്‍, തെച്ചിപ്പൂവ്, കൊങ്ങിണിപ്പൂവ് എന്നിവ പൂക്കളത്തില്‍ ഇടം നേടുന്ന ദിവസമാായിരുന്നു അത്.
ഉത്രാടം
ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടതിനെ മഴ രാവിലെ മുതല്‍ വടക്കന്‍ ജില്ലകളില്‍. തീരദേശത്ത് ഉച്ചയോടെ നല്ല ചൂടുള്ള വെയില് വന്നത് ഉത്രാടപ്പാച്ചിലിന് ആശ്വാസമായി. പൂക്കളം ഏറ്റവും വലുതാക്കുന്ന ദിവസമാണിത്. ഇഷ്ടമുള്ള പൂക്കള്‍ ഉപയോഗിക്കാം. ചിലയിടങ്ങളില്‍ പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കും.
തിരുവോണം
ന്യൂനമര്‍ദം കരകയറി മധ്യ ഇന്ത്യയില്‍ എത്തിയതോടെ മഴയെ പേടിക്കാതെ തിരുവോണം ആഘോഷിക്കാമെന്ന് കാലാവസ്ഥാ പ്രവചനം ഉണ്ടായിരുന്നു. രാവിലെ തൃശൂരില്‍ ഉള്‍പ്പെടെ മഴ കുറച്ചു നേരം പെയ്തു. വടക്കന്‍ ജില്ലകളിലും രാവിലെ മഴ ആയിരുന്നെങ്കിലും ഉച്ചയോടെ മഴ ഒഴിഞ്ഞ് വെയില് വന്നു.
ഇത്തവണ അത്തം മുതല്‍ തിരുവോണം വരെ ഒഴിയാതെ നിന്ന മഴയാണ് വടക്കന്‍ കേരളത്തിലുണ്ടായത്. ഇന്നു മുതല്‍ മഴയില്‍ വീണ്ടും കുറവുണ്ടാകും. നാലു ദിവസത്തിന് ശേഷം വീണ്ടും മഴനേരിയ തോതില്‍ ശക്തിപ്പെട്ടേക്കും.