ഉത്രാടം മഴയിൽ, തിരുവോണത്തിന് മഴ കുറയും കാലാവസ്ഥ അറിയാം
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഒഡിഷ തീരത്തിനു സമീപം കരകയറി. എന്നാൽ ശക്തി കുറയാതെ തുടരുകയാണ്. well marked low pressure ( WML) ആയി ഒഡിഷ തീരത്ത് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു.
അടുത്ത 24 മണിക്കൂറിൽ ജാർഖണ്ഡ് ലക്ഷ്യമാക്കി ന്യൂനമർദം നീങ്ങും. മധ്യ ഇന്ത്യയിൽ ശക്തമായ മഴ സാധ്യത തുടരുന്നു. പടിഞ്ഞാറൻ തീരത്ത് ഗുജറാത്ത് മുതൽ കർണാടക തീരം വരെ ഒറ്റപ്പെട്ട ശക്തമായ മഴ നാളെയും തുടരും. കൊങ്കൺ മേഖലയിലും മുംബൈയിലും മഴ ശക്തമാകും.
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടത്തരം / ശക്തമായ മഴ ലഭിക്കും. ഇന്ന് മഴ സാധ്യത കൂടുതൽ വടക്കൻ ജില്ലകളിലാണ്. ഉത്രാട പാച്ചിലിന് മഴ തടസ്സമാകില്ലെങ്കിലും ഇടക്കുള്ള മഴ അലോസരം സൃഷ്ടിക്കും. പ്രത്യേകിച്ച് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും. തെക്കൻ ജില്ലകളിൽ പൊതുവേ നല്ല കാലാവസ്ഥ ഇന്നും നാളെയും ഉണ്ടാകും.
തിരുവോണ ദിവസമായ നാളെ (വെള്ളി) കേരളത്തിൽ എല്ലായിടത്തും മഴ ഇന്നത്തേക്കാൾ കുറവായിരിക്കും. എന്നാൽ പൂർണ്ണമായി മഴ ഇല്ല എന്നല്ല ഇതിന്റെ അർത്ഥം. ഒന്നോ രണ്ടോ മഴ ദീർഘമായ ഇടവേളകളുടെ നാളെയും വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഉണ്ടാകും. തെക്കൻ കേരളത്തിൽ പൊതുവേ നല്ല കാലാവസ്ഥ.
നബിദിനമായ നാളെ, വടക്കൻ കേരളത്തിൽ രാവിലെ ഒറ്റപ്പെട്ട മഴ സാധ്യത. നബിദിന റാലികൾ മഴയുടെ ദീർഘമായ ഇടവേളകളിൽ നടത്താനാകും. തുടർച്ചയായ ശക്തമായ മഴക്ക് ഇപ്പോൾ സാധ്യതയില്ല. ശനിയാഴ്ച പരിപാടികൾ നടത്തുന്നവർക്ക് മഴ തടസ്സമാകാൻ സാധ്യതയില്ല. മധ്യകേരളത്തിലും നാളെ ഒറ്റപ്പെട്ട മഴ മാത്രം.
കരകയറിയ ന്യൂനമർദ്ദം ദുർബലമാകുന്നതുകൊണ്ടും ജാർഖണ്ഡ് ഭാഗത്തേക്ക് നീങ്ങുന്നതുകൊണ്ടും ആണ് കേരളത്തിൽ ഇത്തരം ഒരു കാലാവസ്ഥ പ്രതീക്ഷിക്കുന്നത്. ഇനി പുതിയ ന്യൂനമർദ്ദത്തിനു വേണ്ടി കാത്തിരിക്കാം.
അതേസമയം, സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്നത്.
കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കുമാണ് സാധ്യത.
English Summary: Rain at uthradam day, thiruvonam may less rain
എല്ലാവർക്കും Metbeat News ൻ്റെ തിരുവോണം, നബിദിന ആശംസകൾ