മുന്നറിയിപ്പ് നൽകി ഇന്ത്യ ഡാമുകള്‍ തുറന്നു, പാകിസ്ഥാനില്‍ പ്രളയം, കർത്താർപൂർ ഗുരുദ്വാര മുങ്ങി
കശ്മീരില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രധാന ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതോടെ പാകിസ്ഥാനില്‍ പ്രളയ മുന്നറിയിപ്പ്. ചെനാബ് നദി കരകവിഞ്ഞതോടെ പാകിസ്ഥാനില്‍ പലയിടത്തും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
പാകിസ്ഥാനിലെ കനത്ത മഴയില്‍ കര്‍ത്താര്‍പൂര്‍ സാഹിബ് ഗുരദ്വാര പകുതിയോളം മുങ്ങി. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 4.5 കി.മി അകലെയാണ് പ്രധാന സിഖ് തീര്‍ഥാടന കേന്ദ്രമായ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. കര്‍ത്താര്‍പൂര്‍ ഇടനാഴിയും മുങ്ങി. ഇന്ത്യക്കാര്‍ തീര്‍ഥാടന സമയത്ത് വിസയില്ലാതെ ഈ ഇടനാഴി വഴിയാണ് ഗുരുദ്വാര സന്ദര്‍ശിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് പ്രളയ മുന്നറിയിപ്പ് ലഭിച്ചതായി പാകിസ്ഥാന് അധികൃതര്‍ പറഞ്ഞു. ഇതിനു പിന്നാലെ തങ്ങള്‍ ജനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പ് നല്‍കിയെന്നും അവര്‍ വ്യക്തമാക്കി. മൂന്നു നദികളാണ് പാകിസ്ഥാനിലേക്ക് കശ്മീരില്‍ നിന്ന് ഒഴുകുന്നത്.
പാകിസ്ഥാന്റെ പ്രധാന പ്രവിശ്യയായ പഞ്ചാബിലാണ് പ്രളയ ഭീഷണി നേരിടുന്നത്. കശ്മീര്‍ മേഖലയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളിലായി കനത്ത മഴയാണ് ലഭിക്കുന്നത്. ഇതാണ് ജലസംഭരണികള്‍ നിറയാന്‍ കാരണമായത്. പാകിസ്ഥാനിലെ ജനസംഖ്യയുടെ പകുതി പേരും താമസിക്കുന്നത് പഞ്ചാബ് പ്രവിശ്യയിലാണ്. അവിടെയാണ് ഇപ്പോള്‍ പ്രളയ ഭീഷണി നേരിടുന്നതും.
രണ്ടു ലക്ഷം ക്യൂസെക്സ് വെള്ളം ഡാമുകളില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്നതായാണ് ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്. ഒരു ക്യൂസെക്സ് എന്നാല്‍ ഒരു ക്യൂബിക് അടിയാണ്. അതായത് 28 ക്യുബിക് ലിറ്റര്‍ വെള്ളം ഒരു സെക്കന്‍ഡില്‍ ഒഴുകുക എന്നര്‍ഥം.
വരും ദിവസങ്ങളിലും ഇന്ത്യ നിയന്ത്രിതമായ അളവില്‍ വെള്ളം ഒഴുക്കുമെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും പാകിസ്ഥാന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
പ്രളയബാധിത പ്രദേശങ്ങളില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും 1.67 ലക്ഷം പേരെ ഇതിനകം ഒഴിപ്പിച്ചെന്നും അറിയിപ്പില്‍ പറയുന്നു. ഈ വര്‍ഷം കാലവര്‍ഷം തുടങ്ങിയ ശേഷം ഇതുവരെ പാകിസ്ഥാനില്‍ 802 പേര് മഴക്കെടുതികളെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്.