ചിങ്ങം പിറന്നു ; ഇന്ന് കർഷക ദിനം, മലയാളിക്ക് പുതുവർഷം, ഗൃഹാതുരത്വത്തിൻ്റെ ഓർമകൾ
ഇന്ന് ചിങ്ങം ഒന്ന്. മലയാളത്തിന് ഇന്നു പുതുനൂറ്റാണ്ടിന്റെ പിറവി. ഇന്ന് കൊല്ലവർഷം 1201 ചിങ്ങം ഒന്ന്. 13ാം നൂറ്റാണ്ടിനും നൂറ്റാണ്ടിലെ ആദ്യവർഷത്തിനുമാണ് ഇന്നു തുടക്കമാവുന്നത്. 12ാം നൂറ്റാണ്ടിലെ അവസാന വർഷമാണ് (ശതാബ്ദിവർഷം) ഇന്നലെ അവസാനിച്ചത്.
ചിങ്ങത്തിൽ തുടങ്ങി കർക്കടകത്തിൽ അവസാനിക്കുന്ന മലയാളവർഷത്തിന് എഡി 825 ലാണ് തുടക്കമായത്. ‘ആൻ ഇന്ത്യൻ എഫെമെറീസ്’ എന്ന ഗ്രന്ഥത്തിൽ എഡി 825 ജൂലൈ 25 ചൊവ്വാഴ്ച കൊല്ലവർഷം ആരംഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
മലയാളം മാസത്തിലെ ആദ്യത്തെ മാസം. അതായത് ഇന്നാണ് പുതുവർഷം. കർഷക ദിനം കൂടിയാണ് ഇന്ന്. പഞ്ഞമാസത്തിന്റെ പട്ടിണിപ്പാടങ്ങൾ താണ്ടി, സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്.
ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ പൂവിളികൾ കൂടിയാണ് ഉണർത്തുന്നത്. തുമ്പ, മുക്കൂറ്റി, കണ്ണാന്തളി എന്നിവ പൂത്തു നിറഞ്ഞ തൊടികളും പറമ്പുകളും, പച്ചപ്പാടങ്ങളിൽ പൊൻകതിരുകൾ പാകുന്ന കാഴ്ചകളും കേരളത്തിനാകെ പുതുചിത്രമെഴുതുന്നു.
തോരാമഴയുടെയും വറുതിയുടെയും മാസമായ കർക്കടകം കഴിഞ്ഞെത്തുന്ന ചിങ്ങപ്പുലരി, കഷ്ടതകൾ മറന്ന് പുതുസന്തോഷത്തിനായി മലയാളിയെ ഒരുക്കുന്നു. മഴക്കോളുമാറി ആകാശം തെളിയും ദിവസങ്ങൾ കർഷകന്റെ ഹൃദയത്തിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിക്കുന്നു.
കൊയ്ത്തുൽസവത്തിന്റെയും സമൃദ്ധിയുടേയും ദിനങ്ങളാണ് വരാനിരിക്കുന്നത്. എല്ലാ ദുരിതങ്ങളും മറന്ന്, സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പൊൻപുലരിയിലേക്ക് വീണ്ടുമൊരു ചിങ്ങമാസം പിറന്നത്.
മലയാളികള്‍ക്ക് അന്യമായികൊണ്ടിരിക്കുന്ന കൊയ്ത്താണ് ചിങ്ങമാസത്തിലെ പ്രധാന ആഘോഷം. പാടത്ത് വിളഞ്ഞ പൊന്നിന്‍ കതിര്‍ കൊയ്‌ത് അറകളും പത്തായങ്ങളും നിറക്കുന്ന സമൃദ്ധിയുടെ മാസം കൂടിയാണ് ചിങ്ങം. ചിങ്ങമാസമെത്തിയാല്‍ കേരളക്കരയില്‍ എങ്ങും ആഘോഷങ്ങളാണ്. ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുയാണ് ഓരോ മലയാളിയും.
മലയാളികൾക്ക് Metbeat News ൻ്റെ പതുവൽസരാശംസകൾ