കാലവര്‍ഷക്കെടുതി: കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്ക് 1,066.80 കോടി രൂപയുടെ കേന്ദ്ര സഹായം
കാലവര്‍ഷക്കെടുതിയും പ്രളയത്തെയും തുടര്‍ന്ന് കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 1,066.80 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ഇന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടത്. അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, ഉത്തരാഖണ്ഡ് എന്നിവയാണ് സഹായം ലഭിക്കുന്ന മറ്റു സംസ്ഥാനങ്ങള്‍.
അസമിനാണ് ഏറ്റവും കൂടുതല്‍ സഹായം പ്രഖ്യാപിച്ചത്. 375.60 കോടി രൂപ അസമിന് കേന്ദ്ര സഹായം ലഭിക്കും. മണിപ്പൂരിന് 29.20 കോടിയും മേഘാലയക്ക് 20.40 കോടിയും മിസോറമിന് 22.80 കോടിയും കേരളത്തിന് 153.20 കോടിയും ഉത്തരാഖണ്ഡിന് 455.60 കോടിയും ലഭിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതമായാണ് ഈ തുക നല്‍കുക.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ ഭാഗമായി ഈ സംസ്ഥാനങ്ങളില്‍ പ്രളയവും ഉരുള്‍പൊട്ടലും മറ്റ് മഴക്കെടുതികളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം 19 സംസ്ഥാനങ്ങള്‍ക്കായി 8000 കോടി രൂപ നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന, സൈന്യം, വ്യോമസേന, തുടങ്ങിയവയെ നിയോഗിച്ചതിനു പുറമെയുള്ള തുകയാണിത്.
ദുരന്തനിവാരണ പ്രവര്‍ത്തനത്തിനും പ്രളയ സഹായത്തിനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്കൊപ്പമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. മണ്ണിടിച്ചിലും മേഘവിസ്‌ഫോടനവും നടന്ന സംസ്ഥാനങ്ങള്‍ക്ക് പെട്ടെന്നാണ് സഹായം അനുവദിച്ചത്. ഈ വര്‍ഷം 14 സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് 6,166 കോടി രൂപ കേന്ദ്രം നല്‍കിയിട്ടുണ്ട്.
12 സംസ്ഥാനങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 1,988.91 കോടി രൂപയും വകയിരുത്തി. ഇതോടൊപ്പം സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടിന് 726.20 കോടിയും ദേശീയ ദുരന്ത ലഘൂകരണ ഫണ്ടിലേക്ക് 17.55 കോടിയും നല്‍കി. രണ്ടു സംസ്ഥാനങ്ങള്‍ക്കാണ് ഈ ഫണ്ടില്‍ നിന്ന് സഹായം ലഭിച്ചത്.
21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ദേശീയ ദുരന്ത നിവാരണ സേനയുടെ 104 ടീമുകളെ ഈ വര്‍ഷത്തെ മണ്‍സൂണ്‍ കാലത്ത് രക്ഷാദൗത്യത്തിന് അയച്ചു. നാഗാലന്റ്, അസം, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ കരസേനയുടെ ഓപറേഷന്‍ ജല്‍ റാഹത് 2 ദൗത്യത്തിന്റെ ഭാഗമായി രക്ഷാസംഘത്തെയും അയച്ചിരുന്നു.
English Summary : Explore the allocation of ₹1,066.80 crores in central aid for six states, including Kerala, to combat the effects of climate-related disasters. Learn more now.