മഴ എപ്പോൾ തിരികെ വരും? ഇന്നും നാളെയും പ്രസന്നമായ കാലാവസ്ഥ
കേരളത്തിൽ കാലവർഷം ദുർബലമായതോടെ വരണ്ട കാലാവസ്ഥ തുടരും. കഴിഞ്ഞ ആഴ്ച മഴ ശക്തമായപ്പോൾ നൽകിയ കാലാവസ്ഥ അവലോകനത്തിൽ ഈ മാസം 10 വരെ മഴ വിട്ടുനിൽക്കും എന്നായിരുന്നു പ്രവചനം. 13ന് ശേഷം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യതയുള്ളതിനാൽ 15 മുതൽ മഴ ശക്തിപ്പെടാൻ സാധ്യതയുണ്ട് എന്നുമായിരുന്നു പ്രവചനം.
ഈ മാസം 12ന് ശേഷം കേരളത്തിൽ വീണ്ടും മഴ ലഭിച്ചു തുടങ്ങുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. തിങ്കളാഴ്ച വരെ കേരളത്തിൽ മഴ കുറയുകയും വെയിൽ ലഭിക്കുകയും ചെയ്യും. ഈ ദിവസങ്ങളിൽ ഒന്നോ രണ്ടോ പ്രദേശങ്ങളിൽ ചാറ്റൽ മഴയോ ഒറ്റപ്പെട്ട മഴയോ ആണ് പ്രതീക്ഷിക്കുന്നത്.
ജൂൺ 12ന് ശേഷം കാലവർഷക്കാറ്റിന് കേരള തീരത്ത് വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. 15 മുതൽ കേരളത്തിൽ ശക്തമായ മഴക്കും സാധ്യത. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനെ തുടർന്നാണ് വീണ്ടും കാലവർഷ കാറ്റ് ശക്തിപ്പെടുക. വടക്കൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെടുന്നത്.
കേരളതീരത്ത് നിലവിൽ കാലവർഷക്കാറ്റിന്റെ ഗതിയിലും മാറ്റമുണ്ട്. ഇപ്പോഴത്തെ കാറ്റിന്റെ ഗതി മഴക്ക് അനുകൂലമല്ല. ഈ മാസം 12ന് ശേഷം കാറ്റ് കൂടുതൽ അനുകൂലമായ അവസ്ഥയിലേക്ക് വരും. നേരത്തെ ശക്തമായ മഴക്ക് കാരണമായിരുന്ന ആഗോള കാലാവസ്ഥ ഘടകങ്ങളും ഇപ്പോൾ കേരളത്തിന് അനുകൂലമല്ല. ഈ നിരീക്ഷണത്തെ തുടർന്നാണ് ഈ മാസം ഒന്നു മുതൽ 10 വരെ മഴ കുറയുമെന്ന് നേരത്തെ പ്രവചിച്ചിരുന്നത്.
ആഗോള മഴ പാത്തി എന്നറിയപ്പെടുന്ന MJO പസഫിക് സമുദ്രത്തിലേക്ക് നീങ്ങിയിട്ടുണ്ട്. അതിനാൽ അവിടെ ഇനിയുള്ള ആഴ്ചകളിൽ ന്യൂനമർദ്ദ സാധ്യതയുണ്ട്. പസഫിക് സമുദ്രത്തിലെ ന്യൂനമർദ്ദവും ചുഴലിക്കാറ്റും കേരളത്തിൽ കാലവർഷത്തെ ശക്തിപ്പെടുത്താൻ സാധ്യതയുണ്ട്.
നാളത്തെ അന്തരീക്ഷസ്ഥിതി
ബലിപെരുന്നാൾ ആഘോഷം നടക്കുന്ന നാളെ കേരളത്തിൽ പൊതുവേ പ്രസന്നമായ കാലാവസ്ഥ. കേരളത്തിൽ എവിടെയും ശക്തമായ മഴയ്ക്ക് സാധ്യതയില്ല. രാവിലെ മുതൽ വൈകിട്ട് വരെ പ്രസന്നമായ അന്തരീക്ഷം ആയിരിക്കും.
English summary: Find out when the rain is expected to return and enjoy the cheerful weather today and tomorrow. Get the latest updates on weather patterns here.