weather 21/05/25 : ന്യൂനമര്‍ദം ഇന്ന്, കേരളത്തില്‍ താല്‍ക്കാലികമായി മഴ കുറയും, 23 ന് ശേഷം വീണ്ടും മഴ
weather 21/05/25 – അറബിക്കടലില്‍ ഈ സീസണിലെ ആദ്യ ന്യൂനമര്‍ദം ഇന്ന് രൂപപ്പെടും. ഇതോടെ കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച കനത്ത മഴയ്ക്ക് ഇന്നു മുതല്‍ അടുത്ത 24 മണിക്കൂര്‍ ആശ്വാസമുണ്ടാകും. എങ്കിലും ഒറ്റപ്പെട്ട മഴ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ ലഭിക്കും.
ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമാകും
മധ്യകിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടയ്ക്കും ഗോവയ്ക്കും ഇടയിലായാണ് ന്യൂനമര്‍ദം (Low Pressure Area) രൂപപ്പെടുക. ഇന്നലെ മുതല്‍ ഇവിടെ അന്തരീക്ഷച്ചുഴിയുണ്ട്. ന്യൂനമര്‍ദം രൂപപ്പെട്ട ശേഷം തീവ്രന്യൂനമര്‍ദം (Depression) ആകും. ന്യൂനമര്‍ദം രൂപപ്പെട്ടശേഷം രണ്ടു ദിവസം കഴിഞ്ഞാണ് ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദം ആകുകയുള്ളൂ. ഈ സമയം മഴ കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലുമായി കേന്ദ്രീകരിക്കും.
മഴ വടക്കോട്ട്, കേരളത്തിന് ആശ്വാസം
കേരളത്തില്‍ നിന്ന് മഴ വിട്ടുനില്‍ക്കുന്നത് ഈ കാരണത്താലാണ്. കാസര്‍കോട് വടക്കന്‍ മേഖലയില്‍ ന്യൂനമര്‍ദത്തിന്റെ ഭാഗമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മെയ് 25 നകം കേരളത്തില്‍ കാലവര്‍ഷം എത്താന്‍ അനുകൂല സാഹചര്യമാണെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പും ഇപ്പോള്‍ പറയുന്നത്. കാലവര്‍ഷം എത്തുന്നതിന്റെ ഭാഗമായി മെയ് 23 മുതല്‍ വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ വീണ്ടും മഴ ശക്തിപ്പെടും.
കണ്ണൂരില്‍ തീവ്രമഴക്ക് സമാനം
കഴിഞ്ഞ ദിവസം ന്യൂനമര്‍ദ രൂപീകരണത്തിന്റെ ഭാഗമായി ഏറ്റവും ശക്തമായ മഴ ലഭിച്ചത് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ്. പടന്നക്കോട് 24 മണിക്കൂറിനിടെ 18.1 സെ.മി മഴ ലഭിച്ചു. കണ്ണൂര്‍ ടൗണില്‍ തീവ്രമഴക്ക് സമാനമായ 19.8 സെ.മി മഴ ലഭിച്ചു. നീലേശ്വരത്ത് 10 മണിക്കൂറില്‍ 13.9 സെ.മി ഉം പുല്ലൂരില്‍ 24 മണിക്കൂറില്‍ 18.5 സെ.മി ഉം മഴ ലഭിച്ചു.
പ്രീമണ്‍സൂണ്‍ മഴ ഏറ്റവും കൂടുതല്‍ 20ന്

മെയ് 20 നാണ് കേരളത്തില്‍ വേനല്‍ മഴയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. സംസ്ഥാന ശരാശരി പ്രകാരം 42 മില്ലിമീറ്റര്‍ മഴ 20 ന് ലഭിച്ചു. ഇതിനു മുന്‍പ് മെയ് 5 ന് 17 സെ.മി മഴയും ഏപ്രില്‍ 5 ന് 15 സെ.മി മഴയും ലഭിച്ചിരുന്നു. മറ്റു ദിവസങ്ങളിലെല്ലാം 10 സെ.മി ല്‍ കുറവ് മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.
ഇതുവരെ 17 ശതമാനം മഴ കൂടി
ഈ വര്‍ഷം വേനല്‍ മഴയില്‍ സംസ്ഥാനത്ത് 17 ശതമാനം മഴ വര്‍ധനവുണ്ട്. മെയ് 20 വരെ 26.35 സെ.മി മഴയാണ് കേരളത്തില്‍ ലഭിക്കേണ്ടത്. എന്നാല്‍ 30.8 സെ.മി മഴ ലഭിച്ചു. മെയ് 31 വരെയുള്ള മഴയാണ് വേനല്‍ മഴയുടെ കണക്കില്‍ ഉള്‍പ്പെടുക. ഇത്തവണ മെയ് 25 ന് തന്നെ കാലവര്‍ഷം എത്താന്‍ സാധ്യതയുള്ളതിനാല്‍ അന്നു മുതല്‍ ലഭിക്കുന്ന മഴ കൂടി കണക്കിലെടുത്താല്‍ വേനല്‍ മഴയില്‍ വര്‍ധനവ് 30 ശതമാനം കടക്കും.