Monsoon 2025 update : ശ്രീലങ്കയിലും കന്യാകുമാരി കടലിലും കാലവർഷം എത്തി
2025 ലെ തെക്കു പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ശ്രീലങ്കയിലും കന്യാകുമാരി കടലിലും എത്തി. ഏതാനും ദിവസങ്ങൾക്ക് ശേഷം കേരളത്തിലും കാലവർഷം (Onset of Monsoon) പ്രവേശിക്കും. അറബിക്കടലിന്റെ തെക്കൻ മേഖലയിലാണ് കാലവർഷം കഴിഞ്ഞ 24 മണിക്കൂറിൽ പുരോഗമിച്ചത്. മാലദ്വീപിലും (Maldives ) കാലവർഷത്തിന്റെ ഭാഗമായുള്ള മഴ തുടങ്ങി. ഇന്നലെ തെക്കൻ ബംഗാൾ കടലിലും മഴ ലഭിച്ചിരുന്നു.
ബംഗാൾ ഉൾക്കടലിന്റെ മധ്യ മേഖലയിലും അറബിക്കടലിന്റെ തെക്കൻ മേഖലയിലും കന്യാകുമാരി കടലിലും അടുത്ത നാല് ദിവസത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് കാലവർഷം പുരോഗമിക്കാനുള്ള അനുകൂലമായ അന്തരീക്ഷ സ്ഥിതിയാണ് (weather) ഇപ്പോഴുള്ളത്. നിലവിൽ ശ്രീലങ്കയുടെ തെക്കു നിന്ന് പകുതി ഭാഗം വരെ കാലവർഷം എത്തിയിട്ടുണ്ട്. വടക്കൻ ശ്രീലങ്കയിൽ കേരളത്തോടൊപ്പം ആണ് കാലവർഷം എത്തുക.

തെക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴിയും (cyclonic Circulation) രൂപപ്പെട്ടു. കടലിൽ ഗുജറാത്ത് തീരത്തിനും കൊങ്കൺ തീരത്തിനും ഇടയിലായി മറ്റൊരു ചക്രവാത ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അവലോകന റിപ്പോർട്ടിൽ സൂചിപ്പിച്ചതുപോലെ ഇവ രണ്ടും ന്യൂനമർദ്ദം (Low pressure Area) ആകാൻ സാധ്യത കൂടുതലാണ്. അങ്ങനെയെങ്കിൽ കേരളത്തിൽ കാലവർഷം എത്തിയശേഷം ശക്തമായ മഴ ലഭിക്കും.
വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യതയാണ് മെറ്റ്ബീറ്റ് വെതർ ( Metbeat Weather) കഴിഞ്ഞദിവസം പ്രവചിച്ചത്. ഈ മാസം 25 ഓടെ കേരളത്തിൽ കാലവർഷം എത്തി എന്നു സ്ഥിരീകരിക്കാൻ അനുകൂലമായ അന്തരീക്ഷ സ്ഥിതി ഒരുങ്ങുമെന്നാണ് Metbeat Weather നിരീക്ഷണം.
കേരളത്തിൽ വരും ദിവസങ്ങളിൽ തന്നെ പടിഞ്ഞാറൻ കാറ്റ് ശക്തമാവുകയും വടക്കു പടിഞ്ഞാറൻ കാറ്റ് സാന്നിധ്യം അറിയിക്കുകയും ചെയ്യും. കാലവർഷ സമയത്താണ് ഈ കാറ്റ് രൂപപ്പെടുന്നത്.
എന്നാൽ കാലവർഷം എത്തി എന്ന് സ്ഥിരീകരിക്കുന്നതിന് കേന്ദ്ര കാലാവസ്ഥ വകുപ്പിന് നിരവധി മാനദണ്ഡങ്ങൾ ഉണ്ട്. ഇത് പൂർത്തിയായ ശേഷം മാത്രമേ കാലവർഷം എത്തിയതായുള്ള ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ. അടുത്തയാഴ്ചയോടെ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയും പിന്നാലെ കാലവർഷം എത്തി എന്ന സ്ഥിരീകരണം ഉണ്ടാവുകയും ചെയ്യും.
മഴക്കൊപ്പം ശക്തമായ കാറ്റും പ്രതീക്ഷിക്കണം. കിഴക്കൻ മലയോര മേഖലകളിൽ മലവെള്ളപ്പാച്ചിലിനും സാധ്യത. മെയ് 21 യാണ് അറബിക്കടലിൽ ന്യൂനമർദ്ദം സാധ്യതയുള്ളത്. ഇത് ശക്തിപ്പെട്ട് വടക്കോട്ടേക്ക് നീങ്ങും. ന്യൂനമർദ്ദം കേരളത്തിലേക്ക് കാലവർഷത്തെ കൊണ്ടുവരും. ഇത്തവണ വടക്കൻ കേരളത്തിലും നേരത്തെ മഴ സജീവമാകും.
Monsoon 2025 : Stay updated on the Monsoon 2025 forecast as it arrives in Sri Lanka and Kanyakumari. Discover the latest weather patterns and impacts on the region.