Kerala Summer 10/03/25: പകൽ ചൂടു കൊണ്ട് പൊള്ളുന്നു, രാത്രി പുഴുക്കം, എന്തുപറ്റി കേരളത്തിന്? മഴ എപ്പോൾ?
മാർച്ച് 10 ആയപ്പോഴേക്കും അസഹ്യമായ ചൂടാണ് കേരളത്തിൽ. രാത്രിയിലും താപനില 25- 26 ഡിഗ്രി സെൽഷ്യസും അന്തരീക്ഷത്തിലെ ഈർപ്പം (ഹ്യുമിഡിറ്റി) 85- 95% ത്തിലും ആയതോടെ പുഴുങ്ങൽ പോലുള്ള സാഹചര്യം. രാത്രി ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥ. ഫാനിട്ടാൽ ചൂട് കാറ്റ്. പുറത്താണെങ്കിൽ ഇല അനങ്ങാത്ത രീതിയിൽ കാറ്റ് നിശ്ചലം.
ഫെബ്രുവരിയിൽ വരണ്ടുണങ്ങി
കേരളം കൊടുംചൂടിലേക്കോ എന്നാണ് മെറ്റ്ബീറ്റ് വെതറിൽ ലഭിക്കുന്ന സന്ദേശങ്ങളിൽ ഏറെയും. മാർച്ച് മുതലാണ് കേരളത്തിൽ യഥാർത്ഥ വേനൽ കാലം തുടങ്ങുന്നത്. മെയ് അവസാനം വരെ വേനൽ സീസൺ ആണ്. ഇത്തവണ ഫെബ്രുവരി മുതൽ തന്നെ കടുത്ത ചൂടാണ് കേരളത്തിൽ അനുഭവപ്പെട്ടത്. വേനൽ തുടങ്ങുന്ന മാർച്ച് ആകുമ്പോഴേക്കും കേരളം വരണ്ടു ഉണങ്ങിയിരുന്നു.

മാർച്ചിൽ മഴ എവിടെ?
ഫെബ്രുവരി അവസാന വാരത്തിലും മാർച്ച് ആദ്യവാരത്തിലുമായി തരക്കേടില്ലാത്ത രീതിയിൽ കേരളത്തിൽ വേനൽ മഴ ലഭിക്കുമെന്നായിരുന്നു ഞങ്ങൾ ഉൾപ്പെടെയുള്ള കാലാവസ്ഥ നിരീക്ഷകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഫെബ്രുവരി അവസാനവാരം പേരിന് മഴ തെക്കൻ ജില്ലകളിൽ ലഭിച്ചുപോയി എന്നതിൽ കവിഞ്ഞ് വടക്കൻ കേരളം കൊടുംചൂടിലായി. മാർച്ച് ഒന്നിന് വടക്കൻ കേരളത്തിൽ അടക്കം തീരദേശങ്ങളിൽ ചിലയിടത്ത് നല്ല മഴ ലഭിച്ചു.
എന്നാൽ, ഇടനാട് പ്രദേശങ്ങളിലും കിഴക്കൻ മേഖലകളിലും വരണ്ട കാലാവസ്ഥ തുടരുകയാണ്. പ്രതീക്ഷിച്ച മഴ മാർച്ചിലും ഫെബ്രുവരി അവസാനവും ലഭിച്ചില്ല എന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ഇതിനു കാരണം ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂമധ്യ രേഖയോടടുത്ത് ( Equatorial Indian Ocean) രൂപപ്പെട്ട ശക്തമായ ന്യൂനമർദ്ദങ്ങളാണ്. ഇവ ഇന്ത്യയുടെ തെക്കേ ഭാഗത്തുനിന്ന് മേഘങ്ങളെ സ്വാധീനിച്ച് ഇന്തോനേഷ്യക്ക് സമീപം കേന്ദ്രീകരിച്ചു.

ഫെബ്രുവരി അവസാനവാരത്തിൽ ഇന്തോനേഷ്യ, മാലദ്വീപ്, ശ്രീലങ്ക, ലക്ഷദ്വീപ് മേഖലകളിൽ ന്യൂനമർദ്ദത്തെ തുടർന്ന് മഴ ലഭിച്ചിരുന്നു. അതിൽ നിന്ന് ഏതാനും ഒറ്റപ്പെട്ട മഴയാണ് കേരളത്തിൽ ലഭിച്ചത്. അതിനുശേഷം മറ്റൊരു ചക്രവാതചുഴി (Cyclonic Circulation) ശ്രീലങ്കക്ക് തെക്ക്കിഴക്കായി (South East) രൂപപ്പെട്ടു.
ഇത് അല്പം സജീവമായ നിലയിലാണ് നിലവിലുള്ളത്. ആൻഡമാൻ നിക്കോബാർ ദ്വീപിനും ഇന്തോനേഷ്യക്കും സമീപമായി നിലകൊള്ളുന്ന സ്റ്റേഷനറി പൊസിഷനിൽ ഉള്ള ഈ ചക്രവാത ചുഴി ആൻഡമാനിലും ഇന്തോനേഷ്യയിലും കനത്ത മഴ നൽകുകയാണ്. ഇന്തോനേഷ്യയിൽ ചിലയിടങ്ങളിൽ പ്രളയം റിപ്പോർട്ട് ചെയ്തു.
ഇതിൽനിന്ന് കുറെ മേഘങ്ങൾ കേരളത്തിൽ എത്തി പെയ്യേണ്ടത് ആയിരുന്നു എന്നാണ് ഞങ്ങളുടെ weatherman പറയുന്നത്. ന്യൂനമർദ്ദത്തിന് ശക്തി കൂടിയതോടെ മേഘങ്ങൾ കേരളത്തിൽ നിന്നടക്കം ഈ മേഖലയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ഇതോടെ മേഘങ്ങൾ ഇല്ലാത്ത ആകാശം കേരളത്തിന്റെ മുകളിൽ രൂപപ്പെട്ടു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂടുകൂടി.
UV index കൂടി, സൂര്യാഘാത മരണം
നേരിട്ട് സൂര്യപ്രകാശം പതിക്കുന്ന സാഹചര്യം എത്തിയതോടെ കേരളത്തിലും അൾട്രാവയലറ്റ് രശ്മികളുടെ തോത് (UV index) Extreme തീവ്ര നിലയിൽ എത്തി. ഇതോടെ സംസ്ഥാനത്ത് ആദ്യത്തെ സൂര്യാഘാത മരണവും റിപ്പോർട്ട് ചെയ്തു. കാസർകോട്ടാണ് വയോധികൻ മരിച്ചത്.

കയ്യൂർ വലിയപൊയിലിലാണ് സംഭവം. വലിയപൊയിലിൽ സ്വദേശി കുഞ്ഞിക്കണ്ണൻ (92) ആണ് ശനിയാഴ്ച മരിച്ചത്. വീടിനു സമീപത്തെ മാവിൻ ചുവട്ടിലേക്കു വിശ്രമിക്കാൻ പോകവെയാണ് കുഞ്ഞിക്കണ്ണന് സൂര്യാഘാതമേറ്റത്. ഉടൻ തന്നെ തളർന്നു വീണു.
ദേഹമാസകലം പൊള്ളലേറ്റ കുഞ്ഞിക്കണ്ണനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കേരളത്തിൽ സൂര്യാഘാത സാധ്യത മനുഷ്യർക്കും മൃഗങ്ങൾക്കും തുടരുകയാണ്.
പകലും രാത്രിയും ചൂട് അസഹനീയം
ഈയിടെയായി കേരളത്തിൽ 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് ആണ് പകൽ ചൂട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (India Meteorological Department – IMD) ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ (Automated Weather Station – AWS) 40 ഡിഗ്രിക്ക് പുറത്തും താപനില രേഖപ്പെടുത്തി. എന്നാൽ ഇത് ഔദ്യോഗിക കണക്കായി കാലാവസ്ഥ വകുപ്പ് എടുക്കാറില്ല.

കളമശ്ശേരിയിൽ ഇന്നലെ 45.8 ഡിഗ്രിയാണ് കാലാവസ്ഥ വകുപ്പിന്റെ മാപിനിയിൽ രേഖപ്പെടുത്തിയത്. മലപ്പുറത്ത് നിലമ്പൂരിൽ 40.5 ഡിഗ്രിയും തൃശൂർ വെള്ളാനിക്കരയിൽ 40.9 ഡിഗ്രിയും പാലക്കാട് മലമ്പുഴ ഡാമിൽ 40.6 ഡിഗ്രിയും കാസർകോട് പാണത്തൂരിൽ 40.7 ഡിഗ്രിയും ഇന്നലെ റിപ്പോർട്ട് ചെയ്തു. പാലക്കാട് ജില്ലയിലെ മറ്റു സ്റ്റേഷനുകളിൽ എല്ലാം 39 ഡിഗ്രിക്ക് മുകളിലാണ് ചൂട്. രാത്രി ജില്ലകളിലും 25 മുതൽ 26.5 ഡിഗ്രി വരെ രേഖപ്പെടുത്തി.
ഒറ്റപ്പെട്ട മഴ ലഭിച്ചു
കേരളത്തിൽ ഒറ്റപ്പെട്ട മഴയാണ് കഴിഞ്ഞ ദിവസങ്ങളിലും റിപ്പോർട്ട് ചെയ്തത്. തെക്കൻ ജില്ലകളിൽ കഴിഞ്ഞ് കുറച്ചുദിവസമായി മഴ ലഭിക്കുന്നുണ്ട്. ഇന്നലെ കൊല്ലം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ,പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ മഴ ലഭിച്ചു. ആലപ്പുഴ നൂറനാട് ആറു മില്ലിമീറ്റർ, കൊല്ലം ചവറ 10.5 എം.എം, കോഴിക്കോട് ഉറുമി 10 എം എം , മലമ്പുഴ ഡാം 1.5 എം.എം, പത്തനംതിട്ട ഉളനാട് 2.5 എം.എം, വെങ്കുറിഞ്ഞി 3.5 എം. എം മഴ ലഭിച്ചു.

ഇനിയും മഴ ലഭിക്കുമോ?
കേരളത്തിൽ മാർച്ച് 11 മുതൽ 13 വരെ മഴ സാധ്യത പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ ഈ കാലയളവിലും പ്രതീക്ഷിച്ച മഴ ലഭിക്കാൻ സാധ്യത കുറവാണ്. ഇതിനു പ്രധാന കാരണം സജീവമായ ന്യൂനമർദ്ദം ഭൂമധ്യരേഖ പ്രദേശത്ത് തുടരുന്നു എന്നുള്ളതാണ്. തമിഴ്നാടിന് കൂടുതൽ മഴ ലഭിക്കാനുള്ള സാഹചര്യവും ഉരുത്തിരിയുണുണ്ട്.
ശ്രീലങ്കക്ക് തെക്കു കിഴക്കായി രൂപപ്പെട്ട ചക്രവാത ചുഴി മൂലം ശ്രീലങ്കയിലും തെക്കൻ തമിഴ്നാട്ടിലും നാളെ മുതൽ മഴ സാധ്യത. കേരളത്തിൽ തെക്കൻ ജില്ലകളിൽ നാളെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. 12ന് കൂടുതൽ ജില്ലകളിലേക്ക് മഴയെത്തും. വടക്കൻ കേരളത്തിൽ ഉൾപ്പെടെ മഴ സാധ്യത. 13 മുതൽ 14 വരെ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരും.
Tag: Discover the latest updates on Kerala’s summer weather. Expect hot, humid conditions with rain on the horizon. Stay informed for your travel plans.