Passport Rule Change: പാസ്പോർട്ട് നിയമങ്ങളിൽ മാറ്റം വരുത്തി ഇന്ത്യ; യുഎഇയിലെ ഇന്ത്യൻ അപേക്ഷകരെ ഇത് ബാധിക്കുമോ?
പാസ്പോര്‍ട്ട് നിയമങ്ങളില്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വരുത്തിയ പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നതോടെ തങ്ങളെ ഇത് ഏതുവിധത്തില്‍ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രവാസികളായ ഇന്ത്യക്കാർ. പുതിയ ഭേദഗതിയനുസരിച്ച് 2023 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ച പാസ്പോര്‍ട്ട് അപേക്ഷകര്‍ക്ക് ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്കുന്ന ജനനസര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ജനനത്തീയതി തെളിയിക്കുന്ന രേഖയായി പരിഗണിക്കാനാവൂ. 2023 ഒക്ടോബര്‍ ഒന്നിന് മുമ്പ് ജനിച്ച വ്യക്തികള്‍ക്ക് ജനനത്തീയതിയുടെ തെളിവായി ഇനിപ്പറയുന്ന രേഖകള്‍ സ്വീകരിക്കാം.
ജനന സര്‍ട്ടിഫിക്കറ്റ്: ജനന മരണ രജിസ്ട്രാര്‍ അല്ലെങ്കില്‍ മുനിസിപ്പല്‍ കോര്പ്പറേഷന് നൽകുന്നത് ആയിരിക്കണം.
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍: അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള ട്രാന്‍സ്ഫര്‍, സ്കൂള്‍, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാം.
പാന്‍ കാര്‍ഡ്: ആദായനികുതി വകുപ്പ് നല്‍കുന്നത്.
സര്‍ക്കാര്‍ രേഖകള്‍: ബന്ധപ്പെട്ട വകുപ്പ് സാക്ഷ്യപ്പെടുത്തിയ സര്‍വിസ് രേഖകളില്‍ നിന്നോ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് ഓര്‍ഡറുകളില്‍ നിന്നോ ഉള്ള രേഖകള്‍ കാണിക്കാം.
ഡ്രൈവിങ് ലൈസന്‍സ്: അതത് സംസ്ഥാന സര്‍ക്കാരിന്റെ ഗതാഗത വകുപ്പ് നല്കുന്നവ.
തിരഞ്ഞെടുപ്പ് ഫോട്ടോ കാര്‍ഡ്: ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന ഐ.ഡി കാര്‍ഡ്.
ലൈഫ് ഇന്‍ഷുറന്‍സ് പോളിസി: ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അല്ലെങ്കില്‍ മറ്റ് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്കുന്ന പോളിസി ബോണ്ടുകള്‍.
പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നത് കഴിഞ്ഞമാസം 28 മുതലാണ്. ചട്ടങ്ങള്‍ ഭേദഗതി ചെയ്തത് 1967 ലെ പാസ്പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 24 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് .
ജനന സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ചത് കൂടാതെ മൂന്നുപ്രധാന മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. അവ ഇങ്ങനെയാണ്.
താമസ വിവരങ്ങള്‍: അപേക്ഷകന്റെ സ്വകാര്യത സംരക്ഷിക്കാനായി പാസ്പോര്‍ട്ടിന്റെ അവസാന പേജില്‍ അവരുടെ താമസ വിലാസം അച്ചടിക്കില്ല. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ബാര്‍കോഡ് സ്കാന്‍ ചെയ്ത് അപേക്ഷകരുടെ താമസവിവരങ്ങള്‍ പരിശോധിക്കുകയാണ് ചെയ്യുക.
കളര്‍ കോഡിങ്: വിവിധ വ്യക്തികള്‍ക്കായി സര്‍ക്കാര്‍ പുതിയ കളര്‍ കോഡ് ചെയ്ത പാസ്പോര്‍ട്ടും പുറത്തിറക്കിയിട്ടുണ്ട്. പുതിയ പാസ്പോര്‍ട്ട് നിയമങ്ങള്‍ പ്രകാരം നയതന്ത്ര പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ചുവപ്പ് പാസ്പോര്‍ട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വെള്ളയും മറ്റുള്ളവര്‍ക്ക് നീല പാസ്പോര്‍ട്ടുമാണ് ലഭിക്കുക.
മാതാപിതാക്കളുടെ പേരുകള്‍: മാതാപിതാക്കളുടെ പേര് പുതിയ നിയമപ്രകാരം അവസാന പേജിൽ അച്ചടിക്കരുത്. സിംഗിള്‍ മാതാപിതാക്കളുടെയോ വേര്‍പിരിഞ്ഞ കുടുംബങ്ങളുടെയോ കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്നതിനായാണ് ഈ നിയമം നടപ്പിലാക്കുന്നത്.

യുഎഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട് അപേക്ഷകരെ ഇത് ബാധിക്കുമോ?
യുഎഇയില്‍ പാലിക്കേണ്ട അനുബന്ധ നടപടിക്രമങ്ങള്‍ അബൂദബിയിലെ എംബസിയും ദുബായിലെ കോണ്‍സുലേറ്റും വിശദീകരിക്കുന്നുണ്ട്. യുഎഇയില്‍ ജനിക്കുന്ന ഇന്ത്യന്‍ കുട്ടികള്‍ക്ക് മാത്രമേ പുതിയ പാസ്പോര്‍ട്ടുകള്‍ക്കുള്ള അപേക്ഷകള്‍ ഇവിടുത്തെ മിഷനുകള്‍ സ്വീകരിക്കുകയുള്ളൂവെന്ന് മിഷനുകളുടെ വക്താക്കള്‍ അറിയിക്കുന്നു. സന്ദര്ശകര്ക്കല്ല, യുഎഇ നിവാസികളായ പ്രവാസികകളെയാണ് പാസ്പോര്‍ട്ട് പുതുക്കല്‍ ബാധിക്കുക. താമസക്കാരോ സന്ദര്‍ശകരോ ആയ ഇന്ത്യക്കാര്‍ക്ക് സാധുവായ പാസ്പോര്‍ട്ട് ഇല്ലെങ്കില്‍, മിഷനുകള്‍ അവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് എന്നറിയപ്പെടുന്ന ഒരു താല്‍ക്കാലിക യാത്രാ രേഖ നൽകും. ഇത് സാധാരണയായി ഔട്ട്പാസ് എന്നാണ് അറിയപ്പെടുക. ഇത് അടിസ്ഥാനപരമായി നാട്ടിലേക്ക് മടങ്ങുന്നതിന് സാധുതയുള്ള വെള്ള നിറത്തിലുള്ള പാസ്പോര്‍ട്ടാണ്. അതിനാല്‍, പാസ്പോര്‍ട്ട് അപേക്ഷാ നിയമത്തിലെ ഏറ്റവും പുതിയ മാറ്റം അനുസരിച്ച്, യുഎഇയില്‍ ജനിക്കുന്ന ഇന്ത്യന്‍ കുട്ടികള്‍ക്കുള്ള പാസ്പോര്‍ട്ട് അപേക്ഷകള്‍ക്ക് ബാധകമാണെന്ന് ഇന്ത്യന്‍ മിഷന് വിശദീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ ജനിച്ച ഏകദേശം 19,300 ഇന്ത്യന്‍ കുട്ടികളുടെ ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും മിഷനുകള്‍ വെളിപ്പെടുത്തുന്നു. ദുബായ്, നോര്‍ത്തേണ്‍ എമിറേറ്റ്സ് എന്നിവയുടെ മേല്‍നോട്ടമുള്ള കോണ്‍സുലേറ്റ് 13,900 ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ അബൂദബിയില്‍ ഏകദേശം 5,400 ജനനങ്ങൾ രജിസ്റ്റര്‍ ചെയ്തു. യുഎഇയിലെ ആവശ്യകതകള്‍ യുഎഇയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഇന്ത്യന്‍ മാതാപിതാക്കള്‍ ഔട്ട്സോഴ്സ് ചെയ്ത സേവന ദാതാവായ ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെ ഏതെങ്കിലും കേന്ദ്രത്തില്‍ നവജാതശിശുവിന്റെ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ജനനത്തീയതിയുടെ തെളിവായി കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ സമർപ്പിക്കണം.
യുഎഇയില്‍ ജനിക്കുന്ന കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് യുഎഇയിലെ വിദേശകാര്യ മന്ത്രാലയം (എംഒഎഫ്എ) സാക്ഷ്യപ്പെടുത്തുകയും വേണം. കുട്ടി ജനിച്ച ആശുപത്രിയില്‍ നിന്നുള്ള ജനന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ യുഎഇയിലെ ബന്ധപ്പെട്ട ആരോഗ്യ അധികാരികളില്‍ നിന്ന് യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റ് നേടുകയും എംഒഎഫ്എ സാക്ഷ്യപ്പെടുത്തുകയും ചെയ്യണം. മാതാപിതാക്കളുടെ പാസ്പോര്‍ട്ട് പകര്‍പ്പുകള്‍, വിവാഹ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ മറ്റ് ആവശ്യമായ രേഖകള്‍ക്കൊപ്പം, സാക്ഷ്യപ്പെടുത്തിയ ജനന സര്‍ട്ടിഫിക്കറ്റും ബിഎല്‍എസ് സെന്ററില്‍ ഹാജരാക്കി കുട്ടിയുടെ ജനനം ഇന്ത്യന്‍ മിഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. അസാധാരണമായ സന്ദര്‍ഭങ്ങളില്‍ ആവശ്യമായ അധിക രേഖകള്‍ എന്തെല്ലാമെന്ന് ബിഎല്‍എസിന്റെ വെബ്സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്.
ജനനം ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാമെന്നും ജനന രജിസ്ട്രേഷനോടൊപ്പം പാസ്പോര്‍ട്ടിനും അപേക്ഷിക്കാമെന്നും എംബസി വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. സാക്ഷ്യപ്പെടുത്തിയ ജനന സര്‍ട്ടിഫിക്കറ്റും മറ്റ് നിര്‍ബന്ധിത രേഖകളും സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഒരു കുട്ടി ജനിച്ച് 18 വയസ്സ് വരെ ജനനം രജിസ്റ്റര്‍ ചെയ്യാവുന്നതാണ് .