Us weather 22/01/25: മഞ്ഞുവീഴ്ച; സ്കൂളുകൾക്കും ഓഫിസുകൾക്കും അവധി
അമേരിക്കയിലുടനീളം ശീതകൊടുങ്കാറ്റും മഞ്ഞുവീഴ്ചയും തുടരുകയാണ്. ടെക്സസ്, ജോര്‍ജിയ, ഫ്ലോറിഡ, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിട്ടുണ്ട്.
ടെക്സസില്‍ മഞ്ഞുവീഴ്ച ആറ് ഇഞ്ച് കനത്തിലായിരുന്നു . 40 വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് ഇത്. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ചയ്ക്കൊപ്പമുള്ള ശീതകൊടുങ്കാറ്റിനെ തുടർന്ന് സ്കൂളുകൾക്കും ഓഫിസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മഞ്ഞുവീഴ്ച സാധാരണമല്ലാത്ത ജോര്‍ജിയയുടെയും ഫ്ലോറിഡയുടെയും പല ഭാഗങ്ങളില്‍ തണുത്ത കാറ്റും മഞ്ഞുവീഴ്ചയും അനുഭവപ്പെടുകയാണ്. -5 ഡിഗ്രി സെൽഷ്യസ് ആയതോടെ അറ്റ്ലാന്റയിലെ സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഫ്ലോറിഡയിലെ പ്രദേശങ്ങളായ മയാമിയിലെ 21 ഡിഗ്രിയില്‍നിന്നും ഒര്ലാന്റോയിലെത്തുമ്പോള് 9 ഡിഗ്രിയായി മാറുന്നു താപനില . ഇന്നലെയും ഇന്നുമായി തണുത്ത കാറ്റിനൊപ്പം മഴയും ഈ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നുണ്ട് .
ടെക്സസ്, ഫ്ലോറിഡ, ജോര്‍ജിയ, നോര്‍ത്ത് കാരോലൈന, സൗത്ത് കാരോലൈന, വെര്‍ജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗരങ്ങളായ ന്യൂ ഓര്‍ലിയന്‍സ്, സാവന്ന, ജാക്സന്വില്ലെ, ടെല്ലാഹസി, പെന്‍സിക്കോള, ഗെയന്സവില്ലെ, ആല്‍ബനി, അറ്റ്ലാന്റ, കൊളംബിയ എന്നിവിടങ്ങളിലും ശീതകൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ 2 മുതല്‍ 8 വരെ ഇഞ്ച് വരെ കനത്തില്‍ മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നുണ്ട്. അലബാമ, മിസിസിപ്പി തുടങ്ങി പല സ്ഥലങ്ങളിലും സ്കൂളുകള്‍ക്ക് അവധി നൽകിയിരിക്കുകയാണ്.