ദുരന്ത മുന്നറിയിപ്പിന് 91 സൈറണുകള്‍ ഒരുമിച്ച് മുഴങ്ങി, കവചം പ്രവര്‍ത്തന സജ്ജം
കേരളത്തിലെ ദുരന്ത നിവാരണ മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചം സംവിധാനം പ്രവര്‍ത്തന സജ്ജം. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. തിരുവനന്തപുരത്ത് വെള്ളയമ്പലത്തെ ദുരന്ത നിവാരണ അതോറിറ്റിയുടെ ആസ്ഥാനത്തിലാണ് മുഖ്യമന്ത്രി കവചത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളെയും കവചത്തിന്റെ (കേരള വാണിംഗ്സ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ്സ് മാനേജ്മെന്റ് സിസ്റ്റം) കീഴില്‍ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവരുടെ സാമ്പത്തിക സഹായത്തോടെയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കവചം സജ്ജമാക്കിയത്.
അതിതീവ്ര ദുരന്തസാദ്ധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ കേന്ദ്ര നോഡല്‍ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന മുറയ്ക്ക് സന്ദേശങ്ങളിലൂടെയും സൈറന്‍ വിസിലിലൂടെയും പൊതുജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം.
126 സൈറന്സ്ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകള്‍, ഡിസിഷന്‍ സപ്പോര്‍ട്ട് സോഫ്റ്റ്വെയര്, ഡാറ്റ സെന്റര്‍ എന്നിവയടങ്ങുന്നതാണ് കവചം. അത്യാധുനികമായ ഒരു ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനമാണ് കവചമെന്നും രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനമാണിതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ 126 സ്ഥലങ്ങളില്‍ സൈറണുകള്‍ സ്ഥാപിക്കും. രണ്ടുഘട്ട പ്രവര്‍ത്തന പരീക്ഷണമുള്‍പ്പെടെ 91 സൈറണുകള്‍ സജ്ജീകരിച്ചു കഴിഞ്ഞു. താലുക്ക് തലത്തിലും ജില്ലാതലത്തിലും എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകള്‍ക്ക് ഇവ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.
കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ ദുരന്തനിവാരണ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതിന്റെയെല്ലാം തുടര്‍ച്ചയെന്ന നിലയ്ക്കാണ് കവചം എന്ന സംവിധാനത്തെ കാണേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്കും രക്ഷാസേനകള്‍ക്കും കൃത്യമായ മുന്നറിയിപ്പ് നല്‍കാനും ആവശ്യമെങ്കില്‍ ആളുകളെ മാറ്റി താമസിപ്പിക്കാനും ഇതുവഴി കഴിയും.
എല്ലാ സ്ഥലങ്ങളിലും സൈറണ്‍ വഴി മുന്നറിയിപ്പ് ലഭിക്കുബോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ കഴിയും. സൈറണുകള്‍ വഴി തത്സമയം മുന്നറിയിപ്പുകള്‍ അനൗണ്‍സ് ചെയ്യാന്‍ സാധിക്കും. അതിനോടൊപ്പം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സൈറണ്‍ വഴി വരുന്ന മുന്നറിയിപ്പുകളെ കുറിച്ചും അത്തരം ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടത് ഏറെ പ്രധാനമാണ്. ഇതെല്ലാം ആദ്യ ഘട്ട പ്രവര്‍ത്തനങ്ങളാണ്.
കേരളത്തിലെ ദുരന്ത സാധ്യതാ പ്രദേശങ്ങള്‍, അവിടങ്ങളിലെ ജലാശയങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍, ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഫയര്‍ സ്റ്റേഷനുകള്‍ മറ്റ് പൊതുകെട്ടിടങ്ങള്‍ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളുടെയും വിവരങ്ങള്‍ കവചത്തിലുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളാണുള്ളത്.
ഈ കണ്ട്രോള് റൂമുകളെ പരസ്പരം വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വവർക് വഴി ബന്ധിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മുഴുവന്‍ പ്രദേശങ്ങളിലെയും ദുരന്ത സാധ്യതകളെ യഥാസമയം നിരീക്ഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള അപകട സാധ്യത മുന്നില്‍ കണ്ടാല്‍ ദ്രുതഗതിയില്‍ ഇടപെടുകയും ചെയ്യലാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മൊബൈല്‍ സന്ദേശങ്ങള്‍ മുഖേന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്കുന്ന സംവിധാനം ഇതിനകം തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇതിന് പുറമേ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സുരക്ഷാ സംവിധാനങ്ങളുടെ തുടര്‍ച്ചയായാണ് കവചത്തെയും കാണേണ്ടത്. ഇതിന്റെ ഗുണഫലങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാനുതകും വിധം ഇതിനെപ്പറ്റി വ്യക്തമായ ബോധവല്‍ക്കരണം നല്കാന് ഇനിയും നടപടികള്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കവചത്തിന്റെ ഭാഗമായി ഒരു സിറ്റിസണ്‍ പോര്‍ട്ടലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കാള്‍ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. അതുവഴി ഏതെങ്കിലും അപകട സാധ്യത മുന്നില്‍ കാണുകയോ അപകടങ്ങളില്‍ പെടുകയോ ചെയ്യുന്ന പൊതുജനങ്ങള്‍ക്ക് കണ്ട്രോള് റൂമിലേക്ക് ബന്ധപ്പെടാനും സഹായമാവശ്യപ്പെടാനുമാകും.
സഹായമഭ്യര്‍ത്ഥിക്കുന്ന ആളിന്റെ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഞൊടിയിടയില്‍ ആ പ്രദേശത്തെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കൈമാറും, സ്വീകരിച്ച നടപടികള്‍ കണ്ട്രോള് റൂം വഴി ട്രാക്ക് ചെയ്യുകയും ചെയ്യും. പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും കണ്ട്രോള് റൂമുകള്‍ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകളുമായി കണ്ണിചേര്‍ത്തിട്ടുമുണ്ട്.
പഞ്ചായത്തുതല ദുരന്തനിവാരണ സമിതികളുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും കഴിഞ്ഞ എട്ടരവര്‍ഷക്കാലത്തിനിടയില്‍ നിരവധി ദുരന്തങ്ങളുടെ നടുവിലൂടെ കേരളത്തിന് പോകേണ്ടി വന്നപ്പോഴും ദുരന്തഘട്ടങ്ങളിലും ദുരന്തത്തിന് ശേഷമുള്ള ദുരന്തനിവാരണ പ്രക്രിയയിലും ലോകത്തിനു മാതൃകയായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കേരളത്തില്‍ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമാണെന്നും ചടങ്ങില്‍ അധ്യക്ഷനായ റവന്യു മന്ത്രി കെ.രാജന് പറഞ്ഞു.
അവസാനത്തെ ദുരന്തഭൂമിയായിട്ടുള്ള ചൂരല്‍മലയിലും അവസാനത്തെ ദുരന്തബാധിതനെ കൂടി പുനരധിവസിപ്പിക്കാതെ നമ്മള് ചുരമിറങ്ങില്ല എന്ന് അഭിമാനത്തോടെ കേരളം പ്രഖ്യാപിച്ച ഒരു പ്രത്യേകമായ ഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു.
നിരവധി ദുരന്തങ്ങള്‍ നമുക്ക് അഭിമുഖീകരിക്കേണ്ടതായി വന്നു. ആ ദുരന്തങ്ങളുടെയൊന്നും മുന്പില് പതറിപ്പോകാതെയും പകച്ചുനില്‍ക്കാതെയും കേരളത്തിന് അതൊക്കെ നേരിടാനായി എന്നത് മറ്റ് ഏത് പ്രദേശത്തേക്കാളും അഭിമാനത്തോട് കൂടി നമുക്ക് പറയാന്‍ കഴിയുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
ഇച്ഛാശക്തിയോട് കൂടി ആ ഘട്ടങ്ങളിലെല്ലാം നിലയുറപ്പിച്ച ഈ സര്‍ക്കാരിന്റെ ഉത്തരവാദിത്വമുള്ള മറ്റൊരു തീരുമാനത്തിന്റെ ഭാഗമായിട്ടാണ് കവചം യാഥാര്‍ഥ്യമായിരിക്കുന്നതെന്നും ദുരന്തങ്ങളുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുക എന്നത് നമ്മളെല്ലാം സ്വീകരിക്കേണ്ടുന്ന ഏറ്റവും പ്രധാനപെട്ട നയമാകണമെന്നും മന്ത്രി പറഞ്ഞു.
വി.കെ പ്രശാന്ത് എം.എല്‍.എ, ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍ കുര്യാക്കോസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.