‘തവിട്ട്’ നിറത്തിൽ മഞ്ഞുവീഴ്ച; യുഎസിൽ ജാഗ്രത നിർദ്ദേശം നൽകി അധികൃതർ
തൂവെള്ള നിറത്തിൽ ഡിസംബർ മാസത്തിൽ മഞ്ഞുവീഴുന്നത് അമേരിക്കയിൽ പുതുമയല്ല. എന്നാൽ തവിട്ട് നിറത്തിലുള്ള മഞ്ഞുവീഴ്ചയ്ക്കാണ് ഇത്തവണ മൈനിലെ നിവാസികൾ സാക്ഷ്യം വഹിച്ചത്. പ്രകൃതിയിലെ സാധാരണ മാറ്റം കൊണ്ട് ഉണ്ടായതല്ല കിഴക്കൻ മൈൻ പട്ടണമായ റംബോർഡിന് ചുറ്റും അനുഭവപ്പെട്ട ഈ കൗതുക കാഴ്ച.
നഗരത്തിലെ ഒരു പേപ്പർ ഫാക്ടറിയിലെ തകരാർ ആണ് തവിട്ട് മഞ്ഞുവീഴ്ചയ്ക്ക് കാരണം. കടലാസ് നിർമാണത്തിനായി ഉപയോഗിക്കുന്ന കറുത്ത ദ്രാവകം ഫാക്ടറിയിൽ നിന്നും പുറത്തുവന്നതോടെ ഇത് വീണുകിടക്കുന്ന മണ്ണിൽ കലർന്നത്. കണ്ണിനും ചർമ്മത്തിനും അപകടമാകുന്ന വിധം പിഎച്ച് ലെവൽ 10 മഞ്ഞിൽ കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട് .
ഇപ്പോൾ വീണുകൊണ്ടിരിക്കുന്ന മഞ്ഞിൽ സ്പർശിക്കാനോ കൗതുകംകൊണ്ട് കഴിക്കാനോ പാടില്ലെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. കുട്ടികളെ മഞ്ഞിൽ കളിക്കാൻ അനുവദിക്കരുത്, വളർത്തുമൃഗങ്ങളെ മഞ്ഞുമായി സമ്പർക്കം പുലർത്താൻ അനുവദിക്കരുത് എന്നും അധികൃതർ. ചർമരോഗങ്ങൾക്കും മറ്റും സാധ്യത കൂടുതലായതിനാൽ ശ്രദ്ധിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.