ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി; അറബിക്കടല്‍ ന്യൂനമര്‍ദം തിരിച്ചുപോകുന്നു
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദമായി. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശിന്റെ തീരത്ത് തീവ്ര ന്യൂനമര്‍ദം നാളെയെത്തും. ഇതോടെ ആന്ധ്രാപ്രദേശിലും ഒഡിഷയിലും കനത്ത മഴ ലഭിക്കും. നിലവില്‍ ചെന്നൈയില്‍ നിന്ന് 370 കി.മിഉം വിശാഖപട്ടണത്തു നിന്ന് തെക്ക് ദിശയില്‍ 450 കി.മിഉം ഒഡിഷയിലെ ഗോപാല്‍പുരയില്‍ നിന്ന് 640 കി.മി ഉം അകലെയാണ് തീവ്ര ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്. ആന്ധ്രാപ്രദേശിലെ കലിംഗപട്ടണം, വിശാഖപട്ടണം എന്നിവിടങ്ങളില്‍ 2 സെ.മി വീതം മഴയും ഒഡിഷയിലെ പരാദ്വീപില്‍ 3 സെ.മി, ഭുവനേശ്വര്‍ 2 സെ.മി, ഗോപാല്‍പുര 1 സെ.മി മഴ ഇന്ന് ലഭിച്ചു.
അതിനിടെ, നേരത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് കന്യാകുമാരി കടല്‍ വഴി അറബിക്കടലില്‍ എത്തിയ ന്യൂനമര്‍ദം വീണ്ടും ശക്തിപ്പെട്ട ശേഷം ബംഗാള്‍ ഉള്‍ക്കടലിലേക്ക് തന്നെ തിരികെ പോകുകയാണ്. ഇന്ത്യന്‍ തീരത്തു നിന്ന് അകന്നാണ് യാത്രയെന്നതിനാല്‍ വന്നപ്പോള്‍ കേരളത്തില്‍ നല്കിയതുപോലെ പോകുമ്പോള്‍ ശക്തമായ മഴ നല്‍കില്ല.
എങ്കിലും തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്നാട്ടിലെ കന്യാകുമാരിയിലും ശ്രീലങ്കയിലും ഈ സിസ്റ്റം ഒറ്റപ്പെട്ട മഴ നല്‍കിയേക്കുമെന്നാണ് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നത്.