കാറ്റും മഴയും ആണെങ്കിൽ ഇനി സ്കൂളുകൾക്ക് അവധി; ഒമാനിൽ പുതിയ പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് ഭരണകൂടം

കാറ്റും മഴയും ആണെങ്കിൽ ഇനി സ്കൂളുകൾക്ക് അവധി; ഒമാനിൽ പുതിയ പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് ഭരണകൂടം

ഒമാനിൽ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും കാറ്റും വെള്ളപ്പൊക്കവുമൊക്കെ ഉണ്ടാകുന്ന സമയത്ത് സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിക്കണമോ അതോ ഡിസ്റ്റന്‍സ് പഠനരീതിയിലേക്ക് മാറണോ തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുന്നതിനും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണിത് ഒമാൻ ഭരണകൂടം പുതിയ പ്രോട്ടോകോൾ പ്രഖ്യാപിച്ചത്. ഒമാനി ഗവര്‍ണറേറ്റുകളിലുടനീളമുള്ള പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ പ്രോട്ടോക്കോള്‍ ബാധകം ആയിരിക്കും. രാജ്യത്ത് മഴ പെയ്താല്‍ സ്‌കൂളുകളിലെ ക്ലാസുകള്‍ റദ്ദാക്കുകയോ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ ചെയ്യുന്നതിനുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളാണ് ഒമാന്‍ അധികൃതര്‍ പുതിയ പ്രോട്ടോകോൾ പ്രകാരം പുറത്തിറക്കിയത്.

ഉന്നതവിദ്യാഭ്യാസം, ഗവേഷണം, ഇന്നൊവേഷന്‍ മന്ത്രാലയമാണ് ശക്തമായ മഴയുണ്ടാകുന്ന വേളകളില്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമോ എന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഈ തീരുമാനങ്ങള്‍ എടുക്കുന്നതിനും പ്രഖ്യാപിക്കുന്നതിനുമുള്ള ഉത്തരവാദിത്തം നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് കമ്മിറ്റിക്കായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ പ്രോട്ടോക്കോള്‍ പ്രകാരം, കനത്ത മഴ, വാദികൾ നിറഞ്ഞൊഴുകുന്നത്, ശക്തമായ കാറ്റ് എന്നിവയുടെ തീവ്രതയ്ക്ക് അനുസൃതമായാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുക. മസ്‌കറ്റിലും ദോഫാറിലും 60 മില്ലിമീറ്ററിലും അല്‍ വുസ്തയിലും മുസന്ദത്തിലും 100 മില്ലിമീറ്ററിലും മറ്റുള്ള ഗവര്‍ണറേറ്റുകളില്‍ 80 മില്ലിമീറ്ററിലും മഴ പെയ്താല്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ വിദൂര പഠനത്തിലേക്ക് മാറുകയോ ചെയ്യാൻ പറ്റും.

അതേസമയം മിതമായ മഴയുണ്ടാകുന്ന സമയത്ത് അഥവാ മസ്‌കറ്റിലും ദോഫാറിലും 35 മില്ലീമീറ്ററില്‍ താഴെയും, മുസന്ദം, അല്‍ വുസ്തയില്‍ 50 മില്ലീമീറ്ററില്‍ താഴെയും, ശേഷിക്കുന്ന ഗവര്‍ണറേറ്റുകളില്‍ 80 മില്ലിമീറ്ററില്‍ താഴെയുമാണ് മഴയെങ്കില്‍ ക്ലാസുകള്‍ സാധാരണ പോലെ നടക്കും. എന്നാല്‍, മഴയുടെ അളവ് മസ്‌കറ്റിലും ദോഫാറിലും 35 മില്ലീമീറ്ററും അല്‍ വുസ്തയിലും മുസന്ദമിലും 50 മില്ലീമീറ്ററും മറ്റ് പ്രദേശങ്ങളില്‍ 80 മില്ലീമീറ്ററും എത്തിയാല്‍ ക്ലാസുകള്‍ തുടരുന്നതിനോ ഇവ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനോ വിദൂര പഠന രീതിയിലേക്ക് മാറുന്നതിനോ ഉള്ള തീരുമാനം എടുക്കാനും സാധിക്കും.

അതേസമയം, ശക്തമായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളില്‍, എല്ലാ തലങ്ങളിലുമുള്ള സ്‌കൂളുകളും ഓണ്‍ലൈന്‍ ക്ലാസുകളും സ്വാഭാവികമായും റദ്ദാകുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു . മിതമായ മഴയില്‍ ക്ലാസുകള്‍ പതിവുപോലെ തുടരുന്നത് അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ യൂണിറ്റുകളുടെ ഉത്തരവാദിത്തമാണെന്നും പ്രസ്താവനയിൽ മന്ത്രാലയം പറയുന്നു .

സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതു പ്രകാരം ഞായറാഴ്ച മുതല്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം അനുസരിച്ച് സെപ്റ്റംബർ 29 മുതല്‍ ഒക്ടോബര്‍ 1വരെ മോശം കാലാവസ്ഥക്ക് സാധ്യതയുണ്ട്. ഹജര്‍ പര്‍വതങ്ങളിലും ദോഫാറിലെ തീരപ്രദേശങ്ങളിലും പര്‍വതപ്രദേശങ്ങളിലും മേഘ രൂപീകരണത്തിനും വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്കും സാധ്യത. കനത്ത മഴ ഉണ്ടാവുന്ന പക്ഷം പ്രളയസാധ്യതാ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയേറെയാണെന്നും അധികൃതര്‍. കാലാവസ്ഥയുമായി ബന്ധപ്പെട്ട് അധികൃതര്‍ നല്‍കുന്ന മുന്‍കൂര്‍ മുന്നറിയിപ്പുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും കാലാവസ്ഥാ അപ്ഡേറ്റുകള്‍ പിന്തുടരുകയും ചെയ്യണമെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍, ഒമാനിലെ വടക്കന്‍ പ്രവിശ്യകളില്‍ പെയ്ത പേമാരിയില്‍ ഒരു സ്‌കൂളിലെ 10 കുട്ടികള്‍ ഉള്‍പ്പെടെ 19 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment