മണ്ണിടിച്ചിലും ഉരുൾപൊട്ടലും മുൻകൂട്ടി അറിയുന്ന മൊബൈൽ ആപ്പുമായി കേരളസർവകലാശാല

മണ്ണിടിച്ചിലും ഉരുൾപൊട്ടലും മുൻകൂട്ടി അറിയുന്ന മൊബൈൽ ആപ്പുമായി കേരളസർവകലാശാല

മണ്ണിടിച്ചിലും ഉരുൾപൊട്ടലും മുൻകൂട്ടി അറിയാൻ സഹായിക്കുന്ന മൊബൈൽ ആപ്പ് (Slipk) (Slope Instability Predictor – Kerala) ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദുവിന് കേരളസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ കൈമാറി. കേരള സർവകലാശാല ജിയോളജി വിഭാഗം അദ്ധ്യാപകൻ ഡോ.കെ.എസ്. സജിൻ കുമാർ രൂപകൽപ്പന ചെയ്തതാണ് (SlipK) മൊബൈൽ ആപ്പ്. കേരള സർക്കാരിന്റെയും സർവകലാശാലയുടെയും സാമ്പത്തിക സഹായത്താൽ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ ഭാഗമായാണ് മൊബൈൽ ആപ്പ് വികസിപ്പിച്ചത്.

ഗവേഷണ പദ്ധതികളെ സമൂഹനിർമ്മിതിയ്ക്ക് ഉപയുക്തമാക്കുന്ന സർവകലാശാലയുടെ ട്രാൻസിലേഷണൽ റിസർച്ച് & ഇന്നവേഷൻ സെൻ്ററായ (TRIC) ആണ് മൊബൈൽ ആപ്പിന്റെ പ്രവർത്തനങ്ങളെ കാലിക പ്രാധാന്യത്തോടെ ഏകോപിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഇതനുസരിച്ച് ഒരു പ്രദേശത്ത് പെയ്യുന്ന മഴയുടെ തോത് അവിടെ ഘടിപ്പിച്ചിട്ടുള്ള ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ അഥവാ മഴമാപിനി മുഖേന സർവകലാശാലയിൽ സജ്ജീകരിച്ച സെർവറിൽ 15 മിനിട്ട് ഇടപെട്ട് ലഭിക്കും.

ഈ മഴയുടെ തോത് മുൻകാലങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ള പ്രദേശങ്ങളിലെ മഴയുടെ തോതുമായി താരതമ്യം ചെയ്യും. അതിൻ്റെ അടിസ്ഥാനത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ ഉപഭോക്താവിനു മൊബൈൽ ആപ്പ് വഴി ലഭിക്കുന്നതാണ്. ഉരുൾപൊട്ടൽ ഉണ്ടാക്കുന്ന മഴയുടെ തോതിൻ്റെ 25%, 50%, 75% എന്നിവ കടക്കുമ്പോൾ ഉപഭോക്താവിന് അപകട സാധ്യതയുടെ നോട്ടിഫിക്കേഷൻ ലഭിക്കും. ഈ നോട്ടിഫിക്കേഷൻ പ്രകാരം ആ പ്രദേശത്തുള്ളവർക്ക് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനാകും. പ്രസ്‌തുത മൊബൈൽ ആപ്പിനായി ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിലെ എട്ടു സ്ഥലങ്ങളിൽ മഴമാപിനികൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് കാര്യക്ഷമമായി പ്രവർത്തിക്കണമെങ്കിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള ഓരോ വാർഡിലും മഴമാപിനികൾ സ്ഥാപിക്കേണ്ടതാണ്. Slipk എന്ന ആപ്പിന് പേറ്റന്റ് ലഭിക്കുന്നതിനുള്ള നടപടികളും കേരളസർവകലാശാല ട്രാൻസിലേഷണൽ റിസർച്ച് ആൻ്റ് ഇന്നവേഷൻ സെൻ്റർ നടത്തി കഴിഞ്ഞിട്ടുണ്ട്.

ചടങ്ങിൽ സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.ജി മുരളീധരൻ, ഡോ.എസ്. നസീബ്, ഡോ.ഷിജുഖാൻ ജെ.എസ്., ഡോ.കെ.ജി.ഗോപ്‌ചന്ദ്രൻ, രജിസ്ട്രാർ പ്രൊഫ.(ഡോ.) കെ.എസ്. അനിൽകുമാർ, മൊബൈൽ ആപ്പിന്റെ മുഖ്യശില്പി ഡോ. കെ.എസ്. സജിൻ കുമാർ, ട്രാൻസിലേഷണൽ റിസർച്ച് ആൻറ് ഇന്നവേഷൻ സെന്റർ ജോയിന്റ് ഡയറക്ടർ ഡോ. വിജി വിജയൻ എന്നിവർ സംബന്ധിച്ചു.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment