ശക്തമായ കാറ്റിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിൽ വീണു
ശക്തമായ കാറ്റിലും മഴയിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ. വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വാഹനങ്ങൾക്ക് മുകളിലും റോഡിലേക്കും വീണു. ശക്തമായ കാറ്റിൽ മരം കടപുഴകി വീണതിനെ തുടർന്ന് പല പ്രദേശങ്ങളിലും ഗതാഗത തടസ്സം ഉണ്ടായി. കോട്ടയം പ്രവിതാനത്ത് റോഡിലെ വൈദ്യുതി ലൈനിനു മുകളിലേക്കാണ് മരം വീണത്. അതോടെ ഈ പ്രദേശത്ത് ഗതാഗത തടസ്സം അനുഭവപ്പെട്ടു.
കോട്ടയം ജില്ലയിൽ പലയിടങ്ങളിലും വൻമരങ്ങൾ കടപുഴകുകയും വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്. ചങ്ങനാശേരി, വെച്ചൂർ, വേളൂർ, കോട്ടയം, മുട്ടമ്പലം, രാമപുരം, പാലാ, പ്രവിത്താനം, തുടങ്ങി നിരവധിയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. ചങ്ങനാശേരി-വാഴൂർ റോഡിൽ സ്‌കൂട്ടർ യാത്രികന് മുകളിലേക്ക് വൻമരം കടപുഴകിവിണെങ്കിലും യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നെത്തല്ലൂരിനും ചമ്പക്കര പള്ളിക്കും മധ്യേ പള്ളിപ്പടി എന്ന സ്ഥലത്ത് നിന്ന കൂറ്റൻ താന്നി മരം കടപുഴകി വീണു . ഇതേതുടർന്ന് ഗതാഗതം തടസപ്പെട്ടു.
പാമ്പാടി അഗ്നിശമന സേന മരം മുറിച്ചുമാറ്റി, ക്രയിനുപയോഗിച്ച് വലിച്ച് റോഡിന്റെ വശങ്ങളിലേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. വൈക്കം വെച്ചൂരിൽ വൻ മരം കാറിനു മുകളിലേക്ക് വീണു. കുമരകം-വൈക്കം റോഡിന് കുറുകെ മരം രണ്ട് കാറുകൾക്ക് മുകളിലേക്കു വീണു, ആളപായമില്ല.
പാലായിൽ ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണു. പ്രവിത്താനം കുരിശുപള്ളിക്ക് സമീപം വൈദ്യുത പോസ്റ്റുകൾ തകർന്ന് വീണ് നിരവധി ഇരുചക്ര വാഹനങ്ങൾ തകർന്നിട്ടുണ്ട്. ജില്ലയിൽ യെല്ലോ അലർട്ട് ആണ് നാളെ വരെ . ശക്തമായ കാറ്റും മഴയും ഉള്ളതിനാൽ ഉരുൾപൊട്ടൽ ഭീതിയിലാണ് മലയോര മേഖല. പടിഞ്ഞാറൻ പ്രദേശം വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്നുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം എന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായി പെയ്യുന്ന മഴക്കൊപ്പം കാറ്റിന് സാധ്യതയുണ്ട് എന്ന് മെറ്റ് ബീറ്റ് വെതർ കഴിഞ്ഞ ഫോർകാസ്റ്റുകളിൽ പറഞ്ഞിരുന്നു. കാറ്റിനു സാധ്യതയുള്ളതിനാൽ തന്നെ മരങ്ങളുടെ അടിയിൽ റോഡ് സൈഡുകളിൽ വാഹനങ്ങൾ നിർത്തിയിടരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
എറണാകുളം ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണു. കോതമംഗലം, മൂവാറ്റുപുഴ, തോപ്പുംപടി ഭാഗങ്ങളിലാണ് മരങ്ങൾ വീടിനുമുകളിലേക്കും റോഡിലേക്കും വീണത്. അതിശക്തമായ കാറ്റില്‍ ഇടക്കാട്ടുവയല്‍ വില്ലേജ് കോമ്പൗണ്ടില്‍ നിന്ന തേക്ക് കടപുഴകി വീണു. കുന്നത്തുനാട് താലൂക്ക് തിരുവാണിയൂര്‍ മുക്കാടത്ത് ഉണ്ണികൃഷ്ണന്റെ വീടിനു മുകളില്‍ പറമ്പിലെ ആഞ്ഞിലി മരം മറിഞ്ഞ് വീണ് വീടിന് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മൂവാറ്റുപുഴ താലൂക്ക് തിരുമാറാടി മണ്ണത്തൂര്‍ പനച്ചിംതടത്തില്‍ ഭവാനി ആനന്ദന്റെ വീടിന് മുകളിലേക്ക് മരം വിണ് ഭാഗികമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
മുവാറ്റുപുഴ താലൂക്കില്‍ തന്നെ ഇലഞ്ഞി പെരുമ്പടവം കുന്നുമ്മല്‍ ബിനുവിന്റെ വീടിന് മുകളില്‍ സമീപത്തെ മരം വീണു വീടിന്റെ ഒരു ഭാഗം തകര്‍ന്നു പോയി. തോപ്പുപടി ഹാർബർ പാലത്തിന് സമീപം റോഡിലേക്ക് മരം വീണു. ആളപായമില്ല. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. വാഴക്കാല വില്ലേജില്‍ ചെമ്പുമുക്ക് അയ്യനാട് എൽ.പി സ്‌കൂളിന് വടക്കോട്ടുള്ള അസീസ്സി സ്‌കൂള്‍ റോഡില്‍ തോടിനോട് ചേര്‍ന്ന് 50 മീറ്ററോളം ഇടിഞ്ഞു താഴ്ന്നു പോയി.
കാലവർഷത്തിനൊപ്പം പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതാണ് കനത്ത കാറ്റിനും മഴക്കും കാരണമായത്. രണ്ടുദിവസമായി തോരാതെ പെയ്യുന്ന മഴയിൽ നഗരപ്രദേശങ്ങളിൽ അടക്കം വെള്ളക്കെട്ട് രൂക്ഷമാണ്.
വരും മണിക്കൂറുകളിൽ പത്തനംതിട്ട കാസർകോട് ജില്ലകളിൽ മഴയ്ക്കൊപ്പം 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ ജില്ലയിൽ അടുത്ത മൂന്നു മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്. ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കണ്ണൂർ കാസർകോട് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണം എന്നും മുന്നറിയിപ്പുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് അടുത്ത അഞ്ചുദിവസം കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.