hajj weather 13/06/24 : കൊടും ചൂടില്‍ നാളെ ഹജ്ജിന് തുടക്കം, മഴ സാധ്യത കുറവ്, മലയാളികള്‍ ആശുപത്രിയില്‍
hajj weather 13/06/24 സൗദി അറേബ്യയില്‍ ഹജ്ജ് തീര്‍ഥാടനത്തിന്റെ സുപ്രധാന ചടങ്ങുകള്‍ നാളെ (വെള്ളി) തുടങ്ങാനിരിക്കെ തീര്‍ഥാടകര്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ ഏജന്‍സി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20 ലക്ഷത്തിലേറെ തീര്‍ഥാടകരാണ് സൗദിയില്‍ ഹജ്ജ് ചടങ്ങുകളില്‍ പങ്കെടുക്കുക. 45 മുതല്‍ 48 ഡിഗ്രിവരെ ചൂട് കൂടുമെന്നാണ് ദേശീയ കാലാവസ്ഥാ ഏജന്‍സി The National Centre of Meteorology (NCM) മുന്നറിയിപ്പ് നല്‍കിയത്.
തീര്‍ഥാടകര്‍ നേരിട്ട് വെയില് കൊള്ളുന്നത് ഒഴിവാക്കണമെന്നും ഉച്ചയ്ക്ക് 3 വരെ നേരിട്ട് വെയില് കൊള്ളരുതെന്നും എന്‍.സി.എം മുന്നറിയിപ്പ് നല്കി. ശക്തമായ കാറ്റുള്ളപ്പോള്‍ ടെന്റിനുള്ളില്‍ കഴിയാനാണ് നിര്‍ദേശം. മിനാ താഴ് വരിയില്‍ രാപാര്‍ത്ത ശേഷമാണ് ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിന് കാരുണ്യത്തിന്റെ പര്‍വതത്തിലേക്ക് തീര്‍ഥാടകര്‍ പോകുക.
എല്ലാ തീര്‍ഥാടകരും ശനിയാഴ്ച ഉച്ചയ്ക്ക് ഇവിടെ സംഗമിക്കും. തീര്‍ഥാടകരുടെ ദേഹത്തേക്ക് വെള്ളം സ്േ്രപ ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. റോഡുകളില്‍ വെള്ളമൊഴിച്ച് തണുപ്പിക്കാനും നടപ്പാതകള്‍ തണുപ്പിക്കാനും മുനിസിപ്പാലിറ്റി അധികൃതര്‍ ശ്രമം നടത്തുന്നുണ്ട്. പുണ്യനഗരിയില്‍ കുടകളും ഈര്‍പ്പമുള്ള വായു പുറത്തുവിടുന്ന ഫാനുകളും സ്ഥാപിച്ചിട്ടുണ്ട്.
കടുത്ത ചൂടിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങള്‍ സൗദിയില്‍ കൂടിവരികയാണ്. കേരളത്തില്‍ നിന്ന് തീര്‍ഥാടനത്തിന് പോയ ഹാജിമാരും കാലു പൊള്ളിയും കടുത്ത ചൂടേറ്റും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. നാട്ടിലെ പോലെയല്ല, കടുത്ത ചൂടിനെ നേരിടാന്‍ അധികൃതര്‍ നല്കുന്ന നിര്‍ദേശം പാലിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള ഹജ്ജ് മെഡിക്കല്‍ വളണ്ടിയര്‍മാര്‍ പറഞ്ഞു.
ഹജജ് ചടങ്ങുകള്‍ നടക്കുന്നിടത്ത് 5000 ത്തിലധികം ഡോക്ടര്‍മാരെയും വിവിധ സ്പെഷാലിറ്റി വിദഗ്ധരെയും 24 മണിക്കൂറും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ സംഘം, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ കര്‍മനിരതരാണ്. കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിന്റെ സേവനം മലയാളികളായ തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നുണ്ട്.
മിനയിലും അറഫയിലും മുസ്ദലിഫയിലുമായി 183 താല്‍ക്കാലിക ആരോഗ്യ കേന്ദ്രങ്ങളും സ്ഥാപിച്ചു. ഇവിടെ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളുണ്ട്. സൂര്യാഘാത ഭീഷണിയെ നേരിടാനാണ് ആരോഗ്യ സംഘത്തിന് പ്രത്യേകം പരിശീലനം നല്‍കിയത്. സൗദി കിരീടാവകാശിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ജി 7 ഉച്ചകോടി റദ്ദാക്കി സൗദിയില്‍ തുടരും. ഹജ്ജിനെ തുടര്‍ന്നാണ് ഉച്ചകോടി റദ്ദാക്കിയതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
കടുത്ത ചൂടിനെ തുടര്‍ന്ന് ഇത്തവണ ഹജ്ജിന് ആരോഗ്യ മന്ത്രാലയം പ്രത്യേകം ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് മന്ത്രാലയം വക്താവ് മുഹമ്മദ് അല്‍ അബ്ദുല്‍ആലി പറഞ്ഞു. ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ മന്ത്രാലയം പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിര്‍ജലീകരണം തടയാന്‍ എപ്പോഴും വെള്ളം കുടിക്കണമെന്നും കുട ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മക്കയില്‍ 45 നും 48 നും ഇടയില്‍ താപനിലയാണ് അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥാ പ്രവചനമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഹജ്ജ് ചടങ്ങിനിടെ മഴ ലഭിക്കാനുള്ള സാധ്യതയും കുറവാണ്.
കാലാവസ്ഥ അപ്ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.