kerala rain updates 06/06/24: വിവിധ ജില്ലകളിൽ ശക്തമായ മഴ, തുഷാരഗിരിയിൽ മലവെള്ളപ്പാച്ചിൽ
കേരളത്തിൽ കാലവർഷക്കാറ്റ് ശക്തിപ്പെട്ടതിനെ തുടർന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴ റിപ്പോർട്ട് ചെയ്തു. വടക്കൻ ജില്ലകളിലാണ് മഴ കടുത്തത്. രാത്രിയോടെ മഴ മധ്യ കേരളത്തിൽ എത്തിയേക്കുമെന്ന് ഞങ്ങളുടെ നിരീക്ഷകർ പറഞ്ഞു.
കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളിലാണ് ഇന്ന് വൈകിട്ട് മുതൽ ശക്തമായ മഴ ലഭിച്ചത്.
തുഷാരഗിരി ചാലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ചെമ്പുകടവ് പ്രദേശത്ത് കാര്യമായ മഴ ഇല്ലാതിരുന്ന സമയത്തില്ലായിരുന്നു മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ഉച്ചകഴിഞ്ഞ് മൂന്നേമുക്കാലോടെയാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. മലവെള്ളപ്പാച്ചിൽ ഉണ്ടാവാനുള്ള കാരണം കാട്ടിൽ പെയ്ത മഴയാണ്. കാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടാവുമെന്നും പ്രദേശവാസികൾ.
പ്രദേശവാസികൾക്ക് മലവെള്ളപ്പാച്ചിയിൽ ഉണ്ടാവാനുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കാമെങ്കിലും പലപ്പോഴും അപകടം ഉണ്ടാകുന്നത് ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന വിനോദസഞ്ചാരികൾക്ക് ഇത് മനസ്സിലാക്കാതെ വരുമ്പോഴാണ് . അപകട സാധ്യത മുൻ നിർത്തി തുഷാരഗിരി വെള്ളച്ചാട്ടം ഉൾപ്പെടുന്ന ഇക്കോ ടൂറിസം സെന്ററിലേക്കുള്ള പ്രവേശനം നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്.
കോഴിക്കോട് കൊയിലാണ്ടി ചെമ്പനോട വില്ലേജ് പരിധിയിൽ പൂഴിത്തോട് മലയിൽ ശക്തമായ മഴയെ തുടർന്ന് കടന്തറ പുഴനിറഞ്ഞു കവിയുന്നതായി വിവരം . ആളപായമോ, നാശനഷ്ടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുഴയിൽ ആരും ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്.
വയനാട് പൂക്കോട് സ്റ്റേഷൻ പരിധിയിൽ 103mm മഴ ലഭിച്ചു. ഒരു മണിക്കൂറിനുള്ളിൽ മാത്രം 88mm മഴ ലഭിച്ചു. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം വയനാട്മ,ലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.
പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 08-06-2024 വൈകിട്ട് 07.00 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിർദേശങ്ങൾ
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.