സ്‌കൂൾ എന്ന രണ്ടാം വീട്; മറക്കരുത് ഈ ആരോഗ്യ പാഠങ്ങൾ
വലിയൊരു അവധി കഴിഞ്ഞ് കുട്ടികൾ ഇന്ന് സ്‌കൂളിലേക്ക്. രണ്ടു മാസം കളി, ചിരി തമാശകൾ പറഞ്ഞു നടന്ന ബാല്യം ഇന്നു മുതൽ പഠനത്തിന്റെ രസം നുകരുകയാണ്. കൂടുതൽ വിനോദങ്ങളും അതിനേക്കാൾ കൂടുതൽ അറിവുകളും ഒരുക്കി വിദ്യാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. പുതുനിറത്തിൽ വർണക്കടലാസുകളാലും ചിത്രങ്ങളാലും സ്‌കൂളുകൾ അണിഞ്ഞൊരുങ്ങി.
ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നിന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. എല്ലാ ജില്ലകളിലും പ്രവേശനോത്സവം നടക്കും. ആഘോഷമായി കുട്ടികളെ വരവേൽക്കാൻ സ്‌കൂളുകളിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
ആരോഗ്യം പ്രധാനം
മഴക്കാലമായതിനാൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കണം. ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണം. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം തുടങ്ങി പകർച്ചവ്യാധികളേ കൃത്യമായ പ്രവർത്തനങ്ങളിലൂടെ പ്രതിരോധിക്കണം. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയുള്ള ആഹാരം മാത്രമേ കഴിക്കാവൂ. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ഇലക്കറികൾ, പച്ചക്കറികൾ കൂടുതൽ അടങ്ങുന്ന, വീട്ടിലുണ്ടാക്കിയ, സമീകൃതാഹാരം ഉച്ചയൂണായും സ്‌നാക്‌സ് ആയും കൊടുത്തുവിടണം. ഹോട്ടൽ, ബേക്കറി ഭക്ഷണം സ്ഥിരമായി കൊടുക്കരുത്.ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. വിറ്റാമിൻ സി കിട്ടാൻ കുട്ടികൾക്ക് നാരങ്ങാ വെള്ളം ദിവസവും കൊടുക്കണം. മാങ്ങ, പപ്പായ, നെല്ലിക്ക തുടങ്ങി പ്രാദേശികമായി കിട്ടുന്ന പഴവർഗങ്ങൾ ധാരാളം നൽകുക.
മഴക്കാലം പനിക്കാലം
മഴ നനയാതിരിക്കാൻ കുടയോ, റെയിൻകോട്ടോ കുട്ടികൾക്ക് നൽകണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കാതെ ശ്രദ്ധിക്കണം. മഴ നനഞ്ഞ് വന്നാൽ തല തോർത്തിയ ശേഷം ഉണങ്ങിയ വസ്ത്രം ധരിപ്പിച്ച് കുടിക്കാൻ പോഷണ ഗുണമുള്ള ചൂട് പാനീയങ്ങൾ നൽകുക. മഴയുള്ള സമയത്ത് കുട്ടികൾക്ക് വൈറൽ പനിയും ശ്വാസകോശ രോഗങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മറ്റ് കുട്ടികളിലേക്ക് അവ പകരാതിരിക്കാൻ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടാൻ കുട്ടികളെ ശീലിപ്പിക്കുക.
പനിയുള്ള കുട്ടികൾ സ്‌കൂളിൽ പോകാതിരിക്കുകയാണ് നല്ലത്. കൃത്യമായ ചികിത്സ കുട്ടികൾക്ക് ഉറപ്പാക്കുകയും ചെയ്യണം. കുട്ടിക്ക് മലിനമായ വെള്ളവുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെങ്കിൽ വിവരം ഡോക്ടറെ അറിയിക്കണം.
( ആരോഗ്യത്തെ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് ആരോഗ്യ വകുപ്പിന്റെ ഹെൽപ് ലൈൻ ‘ദിശ’യിൽ 104, 1056, 0471-2552056, 0471-2551056 എന്നീ നമ്പരുകളിൽ വിളിക്കാം. )
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.