വടക്കന്‍ കേരള തീരത്ത് ചക്രവാത ചുഴി, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും
കേരള തീരത്ത് കണ്ണൂരിനും കാസര്‍കോടിനും സമാന്തരമായി ചക്രവാത ചുഴി രൂപപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് മഴ ശക്തിപ്പെടും. കാലവര്‍ഷക്കാറ്റ് വടക്കന്‍ കേരളത്തില്‍ എത്തിയിട്ടില്ലാത്തതിനാല്‍ ഈ ചക്രവാത ചുഴി പ്രളയ സമാന മഴ നല്‍കില്ല. എന്നാല്‍ തുടര്‍ച്ചയായ ചാറ്റല്‍ മഴക്കോ ഇടത്തരം മഴക്കോ കാരണമാകുമെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു.
കേരള തീരത്ത് രണ്ടെണ്ണം
കേരള തീരത്ത് വിവിധ ഉയരങ്ങളിലായി രണ്ടു ചക്രവാത ചുഴികളാണുള്ളത്. ഇതിലൊന്ന് സമുദ്ര നിരപ്പില്‍ നിന്ന് 1.5 കി.മി ഉയരത്തിലും മറ്റൊന്ന് 5.8 കി.മി ഉയരത്തിലുമാണ്. ഇതൊടൊപ്പം തമിഴ്‌നാട് തീരത്ത് മറ്റൊരു ചക്രവാത ചുഴിയും രൂപപ്പെട്ടു. തെക്കന്‍ ഉള്‍നാടന്‍ തമിഴ്‌നാട്ടില്‍ സമുദ്ര നിരപ്പില്‍ നിന്ന് 3.1 കി.മി ഉയരത്തിലാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.
റെഡ് അലര്‍ട്ട് രണ്ടു ദിവസം കൂടി
കേരളത്തില്‍ റെഡ് അലര്‍ട്ട് രണ്ടു ദിവസം കൂടി തുടരും. ഇതിനു അനുകൂലമായ അന്തരീക്ഷ സ്ഥിതിയാണ് ഉള്ളതെന്നും ജാഗ്രത തുടരണമെന്നും ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു. തെക്കന്‍ തമിഴ്‌നാട് മുതല്‍ കര്‍ണാടക വരെ നിലവിലുള്ള ചക്രവാതച്ചുഴികളോടൊപ്പം ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതു കാരണം, കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ മഴ ശക്തിപ്പെടും.
ഏതാനും ദിവസം മുന്‍പ് ചൊവ്വാഴ്ച വരെ കനത്ത മഴയാണ് മെറ്റ്ബീറ്റ് പ്രവചിച്ചതെങ്കിലും പുതുക്കിയ പ്രവചനം അനുസരിച്ച് മഴ വ്യാഴം വരെ തുടരും. ഈ മാസം 24 ന് ശേഷം വീണ്ടും ശക്തമായ മഴ വരാനുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഈ മാസം 22 ന് ന്യൂനമര്‍ദം രൂപപ്പെടും. ന്യൂനമര്‍ദം (low pressure Area) രൂപപ്പെട്ട ശേഷം വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനും പിന്നീട് തീവ്രന്യൂനമര്‍ദം (Depression) ആയി മാറാനുമാണ് സാധ്യത. ഇത് വീണ്ടും ശക്തിപ്പെട്ട് റിമാല്‍ ചുഴലിക്കാറ്റ് ആയേക്കാമെന്ന് ചില കാലാവസ്ഥാ മോഡലുകള്‍ നിരീക്ഷിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയായിട്ടില്ലെന്നാണ് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നത്.
കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് മഴ ലഭിക്കുന്നത്.
കാലവര്‍ഷം ശ്രീലങ്കയ്ക്ക് അരികെ
അതേസമയം, തെക്കന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെത്തിയ കാലവര്‍ഷത്തിന്റെ പടിഞ്ഞാറേ അഗ്രം ശ്രീലങ്കയുടെ തെക്കേ തീരത്തെത്തി. അടുത്ത ദിവസങ്ങളില്‍ ശ്രീലങ്കയുടെ കരഭാഗത്ത് കാലവര്‍ഷം എത്തും.
metbeat news
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS