Kerala weather live updates 19/05/24: കേരളത്തിൽ കനത്ത മഴ തുടരുന്നു; വരും മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴ
കേരളത്തിൽ കനത്ത മഴ തുടരുന്നു. അടുത്ത മൂന്നുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതിതീവ്ര മഴയെ തുടർന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് ആണ്. ആലപ്പുഴ കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം കൊല്ലം തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.
ബാക്കി ജില്ലകളിലെല്ലാം യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞദിവസം വൈകിട്ട് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. നഗരത്തിലെ പല പ്രധാന റോഡുകളിലും വെള്ളം കയറി. വിവിധ വീടുകളിലും കടകളിലും വെള്ളം കയറി. നഗരത്തിലെ പ്രധാന ജംഗ്ഷനായ തമ്പാനൂർ ഉൾപ്പെടെ വെള്ളത്തിലാണ്.
വെള്ളക്കെട്ടിൽ വീണ് 82 കാരൻ മരിച്ചു
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ വീണ് 82 കാരൻ മരിച്ചു. തിരുവനന്തപുരം ചാക്ക സ്വദേശി വിക്രമൻ ആണ് മരിച്ചത്.കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.വീടിന്‍ വാതിലിന് പുറത്തേക്ക് വെള്ളത്തില്‍ തല കുത്തിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഭാര്യ മരിച്ചതിനുശേഷം ഇദ്ദേഹം ഒറ്റയ്ക്കാണ് താമസം.
വരും മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴ
വരും മണിക്കൂറുകളിൽ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാലവർഷം എത്തി
മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. മധ്യ മഹാരാഷ്ട്രയിൽ നിന്നും തെക്കൻ തമിഴ് നാട് വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു.
ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ് 22 ഓടെ സീസണിലെ ആദ്യ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ചു മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
updated on7:50pm
പള്ളിയുടെ ചുറ്റുമതിൽ തകർന്നു
പത്തനംതിട്ടയിൽ കനത്ത മഴയിൽ പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ് തകര്‍ന്നത്. ചുറ്റുമതില്‍ തകര്‍ന്ന് കല്ലറ പൊളിഞ്ഞ് മൃതദേഹം പുറത്തുവന്നു. ശവപ്പെട്ടി പിന്നീട് മറ്റൊരിടത്തേയ്ക്ക് മാറ്റി.
വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. അതേസമയം, കല്ലറക്ക് കേടുപാട് പറ്റിയതായി സമ്മതിച്ച പളളി അധികൃതര്‍ ശവപ്പെട്ടി പുറത്തുവന്നുവെന്ന വിവരം നിഷേധിച്ചു.
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്