Kerala weather 03/05/24: വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ; നാല് ജില്ലകളിൽ ഇന്ന് ഉഷ്ണതരംഗ സാധ്യത
വടക്കൻ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് . കോഴിക്കോട് ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ രാവിലെ ചെറിയ രീതിയിൽ മഴ ലഭിച്ചു. ഉച്ചക്ക് ശേഷം വിവിധ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
അതിർത്തി പ്രദേശങ്ങളിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. മധ്യ തെക്കൻ ജില്ലകളിലും മഴ സാധ്യത ഉണ്ട്. തൃശൂർ,എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ഇടിയോടു കൂടിയ മഴ ലഭിക്കും. മിക്കയിടത്തും ഇന്ന് ആകാശം കൂടുതൽ മേഘാവൃതമായിരിക്കും.
മെയ് പകുതിയോടുകൂടി കേരളത്തിൽ മഴ വീണ്ടും സജീവമായി തുടങ്ങും.
അതേസമയം ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്ന നാല് ജില്ലകളിൽ ഇന്നും യെല്ലോ അലർട്ട് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ് ഉള്ളത് . ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ആണ് ഉഷ്ണതരംഗ സാധ്യത ഉള്ളത് . ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ മെയ് 6 വരെ നിയന്ത്രണങ്ങൾ ഉണ്ട്.
അടുത്ത ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് കൂടും. ആലപ്പുഴ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. മേയ് ആറുവരെ ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ഈ ജില്ലകളിൽ താപനില മുന്നറിയിപ്പും നൽകി. സംസ്ഥാനത്ത് പലയിടത്തും സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് imd അറിയിപ്പ്.
ഉഷ്ണതരംഗ സാധ്യത നിലവിൽക്കുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് 6 വരെ അടച്ചിടാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് നിർദ്ദേശം. സ്കൂൾ വിദ്യാർഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണിമുതൽ 3 മണിവരെ ഒഴിവാക്കും. സമ്മര്‍ ക്യാമ്പുകള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദേശത്തിൽ ഉണ്ട് .
പൊലിസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിർദേശം ഉണ്ട് . പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള പുറം ജോലികൾ ഒഴിവാക്കുക. അതിന് അനുസരിച്ച് സമയം ക്രമീകരിക്കണം നടത്താം നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്
FOLLOW US ON GOOGLE NEWS
കാലാവസ്ഥ അപ്ഡേറ്റുകൾക്കായി വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം