2024 ല്‍ 41 ഉഷ്ണതരംഗ ദിനങ്ങള്‍ കൂടി; 3700 പേര്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ മരിച്ചു
മനുഷ്യ നിര്‍മിത കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി 2024 ല്‍ 41 ഉഷ്ണതരംഗ ദിനങ്ങള്‍ കൂടിയതായി വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്റെയും ക്ലെമറ്റ് സെട്രല്‍ റിവ്യൂവിന്റെയും റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങളും മരണവും കുറയ്ക്കാന്‍ എല്ലാ ലോക രാജ്യങ്ങളും 2025 ല്‍ കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറിച്ച് ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുകയാണ് പരമപ്രധാനം. ഉഷ്ണതരംഗത്തെയും വരള്‍ച്ചയെയും കാട്ടുതീയെയും കൊടുങ്കാറ്റുകളെയും പ്രളയത്തെയും നേരിടാന്‍ ഇതാണ് മികച്ച മാര്‍ഗം.
29 വെതര്‍ ഇവന്റുകളില്‍ കഴിഞ്ഞ വര്‍ഷം 26 ഉം തീവ്രമായിരുന്നു. ഇത് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായത്. ഇത്തരം തീവ്ര കാലാവസ്ഥാ സാഹചര്യങ്ങളിലായി 3700 പേര്‍ കൊല്ലപ്പെടുകയും 10 ലക്ഷത്തിലേറെ പേര്‍ക്ക് മാറിത്താമസിക്കേണ്ടി വരികയും ചെയ്തു.
എല്‍നിനോയേക്കാള്‍ തീവ്രമായാണ് ഇപ്പോള്‍ കാലാവസ്ഥാ ഇവന്റുകള്‍ അനുഭവപ്പെടുന്നത്. 2024 ചരിത്രത്തിലെ ഏറ്റവും ചുടേറിയ വര്‍ഷമായി രേഖപ്പെടുത്തപ്പെട്ടിരുന്നു. 2024 ലെ ആദ്യ ആറു മാസവും താപനില റെക്കോര്‍ഡ് കടന്നു. 2023 മുതല്‍ 13 മാസവും ചരിത്രത്തിലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി കൊണ്ടിരുന്നു. റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയത് ജൂലൈ 22 നായിരുന്നു.
ഇന്ത്യയില്‍ 2024 ല്‍ ചൂടിന് പകരം തീവ്രമഴയാണ് റിപ്പോര്‍ട്ട് ചെയ്തത്. അഫ്ഗാനിസ്ഥാന്‍, യു.എ.ഇ, ഒമാന്‍, നേപ്പാള്‍, കെനിയ, താന്‍സാനിയ എന്നിവിടങ്ങളില്‍ തീവ്രമഴയുണ്ടായി. എന്നാല്‍ ഇറ്റലിയില്‍ കൊടും വരള്‍ച്ചയും യൂറോപ്പില്‍ ഉഷ്ണതരംഗവുമുണ്ടായി. പസഫിക് സമുദ്രത്തില്‍ ശക്തമായ ചുഴലിക്കാറ്റുകള്‍ ഫിലിപ്പൈന്‍സ്, തായ് വാന്‍, ചൈന രാജ്യങ്ങളില്‍ നാശനഷ്ടമുണ്ടാക്കി. അമേരിക്കയിലും ചുഴലിക്കാറ്റ് ജനജീവിതം തടസ്സപ്പെടുത്തി.
1991- 2020 വരെയുള്ള കണക്കനുസരിച്ച് താപനിലയില്‍ 10 ശതമാനം വര്‍ധനവുണ്ടായി. 41 ദിവസത്തെ അതിതാപം മനുഷ്യന് ഭീഷണിയായ തോതിലായിരുന്നു. ആരോഗ്യത്തിന് ഭീഷണിയാകുന്ന ഉഷ്ണതരംഗങ്ങള്‍ ഇനിയും വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നല്‍കുന്ന സൂചന.