ചരിത്രത്തില്‍ ഏറ്റവും ചൂടേറിയ വര്‍ഷമായി 2023 ; സമുദ്രോപരി താപനില 20ാം നൂറ്റാണ്ടിലേക്കാള്‍ കൂടി
ചരിത്രത്തില്‍ ഏറ്റവും ചൂടേറിയ വര്‍ഷമായി 2023. കാലാവസ്ഥാ ഡാറ്റ സൂക്ഷിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇത്രയും ചൂട് രേഖപ്പെടുത്തിയ വര്‍ഷമുണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. 2023 ലെ ഭൂമിയിലെ ശരാശരി സമുദ്രോപരിതാപനില 1.18 ഡിഗ്രി സെല്‍ഷ്യസ് കൂടി. 20ാം നൂറ്റാണ്ടിലേക്കാള്‍ കൂടുതലാണിത്. ഇതിനു മുന്‍പ് ഏറ്റവും ചൂടുകൂടിയ വര്‍ഷമായ 2016 ലേക്കാള്‍ 0.15 ഡിഗ്രിയാണ് 2023 ല്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.
വ്യാവസായിക വിപ്ലവ കാലത്തിനു മുന്‍പുള്ള ശരാശരി താപനിലയുമായി താരതമ്യപ്പെടുത്തിയാല്‍ 1.35 ഡിഗ്രി സെല്‍ഷ്യസ് ചൂട് വര്‍ധിക്കുകയും ചെയ്തു. 2023 ലെ എട്ടുമാസവും ചൂട് ആഗോള തലത്തില്‍ കൂടുതലായി രേഖപ്പെടുത്തിയിരുന്നു. 2023 ലെ ഡിസംബറാണ് ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ ഡിസംബര്‍. 20ാം നൂറ്റാണ്ടിലെ ആഗോള ഉപരിതല താപനിലയേക്കാള്‍ ചൂട് 2023 ല്‍ കൂടി. കഴിഞ്ഞ വര്‍ഷം 1.43 ഡിഗ്രി സെല്‍ഷ്യസ് ആണ് global surface temperature ആയി രേഖപ്പെടുത്തിയത്.
1950 നു ശേഷം പത്തു ചൂടുകൂടിയ വര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2024 ലും ആദ്യ രണ്ടു മാസം പിന്നിട്ടപ്പോള്‍ ചൂടു കൂടുകയാണ്. 2020 നും 2022 നും ഇടയില്‍ ട്രിപ്പിള്‍ ലാനിനക്കാണ് ലോകം സാക്ഷ്യംവഹിച്ചത്. എന്നിട്ടും ചൂടു കൂടിയെന്നത് ആശങ്കാജനകമാണെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
2024 ജനുവരിയും ലോകത്ത് ഏറ്റവും ചൂട് കുടിയ ജനുവരിയായി മാറി. മനുഷ്യരുടെ ഇടപെടല്‍ മൂലമാണ് ചൂട് കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് അതിവേഗം വര്‍ധിക്കുന്നത്. പസഫിക് സമുദ്രത്തില്‍ ഇപ്പോള്‍ ചൂട് കൂടിയതുമൂലമുള്ള എല്‍നിനോയാണ്. ജൂണിന് ശേഷം ന്യൂട്രലിലേക്ക് പോകുന്ന എല്‍നിനോ സെപ്റ്റംബറോടെ വീണ്ടും ലാനിനയിലേക്ക് മാറുമെന്നാണ് കാലാവസ്ഥാ പ്രവചനം.
പസഫിക് സമുദ്രത്തില്‍ ചൂട് കുറയുന്നുണ്ടെങ്കിലും മറ്റു സമുദ്രങ്ങളിലെ ചൂട് വര്‍ധിച്ചു നില്‍ക്കുന്നതാണ് ആഗോള കാലാവസ്ഥയില്‍ മാറ്റം വരുത്തുന്നത്. ഭൂമിയിലെ ചൂടിനെ 90 ശതമാനവും ബാധിക്കുന്നത് കടലിലെ ചൂടാണ്. ധ്രൂവങ്ങളിലെ മഞ്ഞുരുക്കവും വേഗത്തിലാകുന്നത് ആശങ്കാജനകമാണ്.